ദില്ലി: ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്‍റെ 2020 മോഡല്‍ ഫാറ്റ് ബോയ് മോട്ടോര്‍സൈക്കിളിന്റെ വില പ്രഖ്യാപിച്ചു. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. മില്‍വൗക്കീ ഏയ്റ്റ് 107 എന്‍ജിന്‍ വേരിയന്റിന് 18.25 ലക്ഷം രൂപയും മില്‍വൗക്കീ ഏയ്റ്റ് 114 എന്‍ജിന്‍ വേരിയന്റിന് 20.10 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

സോഫ്‌റ്റെയ്ല്‍ ഫ്രെയിമിലാണ് ഫാറ്റ് ബോയ് നിര്‍മിച്ചിരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലൈറ്റ്, വിവിധ പാര്‍ട്ടുകളില്‍ സാറ്റിന്‍ ക്രോം ഫിനിഷ് എന്നിവ ലഭിച്ചു. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും മോണോഷോക്ക് പിന്നിലും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. കളര്‍ ഓപ്ഷനുകള്‍ എട്ടാണ്.

1,745 സിസിയാണ് മില്‍വൗക്കീ ഏയ്റ്റ് 107 എന്‍ജിന്റെ ഡിസ്‌പ്ലേസ്‌മെന്റ്. 10.0:1 ആണ് കംപ്രഷന്‍ അനുപാതം. 3,000 ആര്‍പിഎമ്മില്‍ 144 എന്‍എം പരമാവധി ടോര്‍ക്ക് പുറപ്പെടുവിക്കും. 1,868 സിസിയാണ് മില്‍വൗക്കീ ഏയ്റ്റ് 114 എന്‍ജിന്റെ ഡിസ്‌പ്ലേസ്‌മെന്റ്. 10.5:1 ആണ് കംപ്രഷന്‍ അനുപാതം. 3,000 ആര്‍പിഎമ്മില്‍ 156 എന്‍എം പരമാവധി ടോര്‍ക്ക് ലഭിക്കും. രണ്ട് വേരിയന്റുകളുടെയും അളവുകളും കര്‍ബ് വെയ്റ്റും സമാനമാണ്.