ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ആക്ടിവ 6ജി, ആക്റ്റിവ 125, ഡിയോ എന്നീ മൂന്ന് സ്‌കൂട്ടര്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെയാണ് അവതരിപ്പിച്ചത്. എന്നാല്‍ നിരത്തില്‍ നിന്നും ഇവയുടെ ചില യൂണിറ്റുകളെ തിരിച്ചുവിളിച്ചിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. 

വാഹനത്തിന്‍റെ പുറകിലെ കുഷനുമായി ബന്ധപ്പെട്ട ഗുണനിലവാര പ്രശ്നം ആണ് 3 സ്കൂട്ടർ മോഡലുകളും തിരിച്ചു വിളിക്കാൻ ഇടയാക്കിയത്. ഈ പ്രശ്നം കാരണം ഡിയോ, ആക്ടിവ 125 , ആക്ടിവ 6G മോഡലുകളിൽ ഓയിൽ ലീക്കിന് ഇടയാകാൻ സാദ്ധ്യതയുണ്ട് എന്ന് ഹോണ്ട വ്യക്തമാക്കുന്നു. ഇത് ഒരു പക്ഷെ 3 സ്കൂട്ടർ മോഡലുകളുടെയും സ്റ്റെബിലിറ്റിയെ ബാധിച്ചേക്കും. അങ്ങനെയെങ്കില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടും. പരിശോധിച്ചശേഷം റിയര്‍ കുഷ്യന്‍ സൗജന്യമായി മാറ്റിസ്ഥാപിച്ചുതരുമെന്ന് ഹോണ്ട അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരി 14 നും 25 നുമിടയില്‍ നിര്‍മിച്ച ബിഎസ് 6 പാലിക്കുന്ന സ്‌കൂട്ടറുകളാണ് തിരിച്ചുവിളിച്ചത്. എന്നാല്‍ ആകെ എത്ര യൂണിറ്റ് സ്‌കൂട്ടറുകളാണ് തിരിച്ചുവിളിച്ചതെന്ന് ഹോണ്ട വെളിപ്പെടുത്തിയില്ല.

നിലവിലെ വാറന്റി നില പരിഗണിക്കാതെ തന്നെ സൗജന്യമായി ഓരോ സ്കൂട്ടർ മോഡലുകളും പരിശോധിക്കുകയും ആവശ്യമെങ്കിൽ തരാറുള്ള ഭാഗം മാറ്റി സ്ഥാപിക്കും എന്നും കമ്പനി പറയുന്നു. ഫോൺ, ഇ-മെയിൽ അല്ലെങ്കിൽ എസ്എംഎസ് വഴി പ്രശ്നമുള്ള സ്‍കൂട്ടർ ഉടമകളെ അറിയിക്കുകയും വാഹനം പരിശോധിക്കുന്നതിനായി അടുത്തുള്ള ഹോണ്ട 2 വീലർ ഡീലർഷിപ്പ് സന്ദർശിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യും. അതേ സമയം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓരോ മോഡലിനും വ്യത്യസ്തമായ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (വിഐഎൻ) നൽകി തങ്ങളുടെ വാഹനം ഈ തിരിച്ചുവിളിയുടെ പരിധിയിൽ വരുന്നുണ്ടോയെന്ന് ഉടമകള്‍ക്ക് പരിശോധിക്കാം. 

എസ്എംഎസ്, കോള്‍, ഇമെയില്‍ മാര്‍ഗങ്ങളിലൂടെ സ്‌കൂട്ടര്‍ ഉടമകളെ ഹോണ്ട ഡീലര്‍മാര്‍ ഇതിനകം ബന്ധപ്പെട്ടുതുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിഷ്കരിച്ച എൻജിനും ചില ഫീച്ചർ പരിഷ്കാരങ്ങളുമായി 2020 ജനുവരിയിലാണ് ആക്ടിവ 6G വിപണിയിലെത്തിയത്. ഫെബ്രുവരിയിൽ പുത്തൻ ഡിയോയും വില്പനക്കെത്തി. ഇതുവരെ വില്പനയിലുണ്ടായിരുന്ന ആക്ടിവ 5G, ഡിയോ മോഡലുകളിലെ 109.19 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ തന്നെയാണ് 2020 മോഡലുകളിലും. 

2019 സെപ്റ്റംബറിൽ തന്നെ BS6 ആക്ടിവ 125-നെ ഹോണ്ട വിപണിയിലെത്തിച്ചിരുന്നു. കാർബുറേറ്ററിനു പകരം ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്ത് പരിഷ്കരിച്ച പുത്തൻ ആക്ടിവ 125-ലെ എൻജിൻ 6,500 ആർപിഎമ്മിൽ 8.1 ബിഎച്പി പവറും, 5000 അർപിഎമ്മിൽ 10.3 എൻഎം ടോർക്കും നിർമ്മിക്കും. ഇന്ത്യയിലെ തന്നെ ആദ്യത്തെ ബിഎസ് 6 ഇരുചക്ര വാഹനമായ ആക്ടീവ 125സ്‌കൂട്ടറിനെ ഇത് രണ്ടാം തവണയാണ് കമ്പനി തിരിച്ചുവിളിക്കുന്നത് എന്നതാണ് മറ്റൊരു കൌതുകം. കൂളിംഗ് ഫാന്‍ കവര്‍, ഓയില്‍ ഗേജ് എന്നിവ മാറ്റിവെയ്ക്കുന്നതിനാണ് 2020 ഫെബ്രുവരി ഒടുവില്‍ വാഹനത്തെ തിരിച്ചുവിളിച്ചത്.