Asianet News MalayalamAsianet News Malayalam

പുത്തന്‍ ആഫ്രിക്ക ട്വിന്‍ ഉടന്‍ നിരത്തിലേക്ക്

 ഇപ്പോള്‍ ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2020 Honda Africa Twin Deliveries Expected To Begin
Author
Mumbai, First Published Jun 23, 2020, 11:15 AM IST

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ട പരിഷ്‌കരിച്ച ആഫ്രിക്ക ട്വിന്‍ 2019 സെപ്റ്റംബറിലാണ് ആഗോള വിപണിക്ക് പരിചയപ്പെടുത്തിയത്. പുത്തന്‍ ആഫ്രിക്ക ട്വിന്നിനെ ഈ വര്‍ഷം മാര്‍ച്ചിലും  ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. ഇപ്പോള്‍ ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സ്റ്റാന്‍ഡേര്‍ഡ്, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ വില്‍പ്പനക്കെത്തിയ ആഫ്രിക്ക ട്വിന്നിന്റെ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് മോഡല്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുക. കുറച്ചു കാലം മുന്‍പ് വരെ ഇന്ത്യയില്‍ ആഫ്രിക്ക ട്വിന്‍, ഓട്ടോമാറ്റിക് ഡിസിടി (ഡ്യുവല്‍ ക്ലച്ച്) ട്രാന്‍സ്‍മിഷനില്‍ മാത്രമാണ് വില്‍പ്പനയിലുണ്ടായിരുന്നത്. എന്നാല്‍ പുത്തന്‍ മോഡല്‍ മാനുവല്‍ ട്രാന്‍സ്മിഷനിലും ലഭിക്കും. 

1,084 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 7,500 rpm -ല്‍ 101 bhp കരുത്തും 6,250 rpm -ല്‍ 105 Nm ടോര്‍ക്കും സൃഷ്ടിക്കും. ടൂര്‍, അര്‍ബന്‍, ഗ്രാവല്‍, ഓഫ്-റോഡ് എന്നിങ്ങനെ റൈഡിങ് മോഡുകള്‍ക്കൊപ്പം രണ്ടു കസ്റ്റം റൈഡ് മോഡുകളും പുതിയ ബൈക്കിന്റെ സവിശേഷതയാണ്. ഭാരം കുറഞ്ഞ അലുമിനിയം സിലിണ്ടര്‍ സ്ലീവ്, റീഡിസൈന്‍ ചെയ്ത എഞ്ചിന്‍ കെയ്സിംഗ് എന്നിവ പുതിയ ആഫ്രിക്ക ട്വിന്നിന്റെ ഭാരവും കുറച്ചിട്ടുണ്ട്.

2020 ആഫ്രിക്ക ട്വിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ എഞ്ചിന്‍ മുമ്പത്തേതിനേക്കാള്‍ 2.5 കിലോഗ്രാം ഭാരവും ഓട്ടോമാറ്റിക് ഡിസിടി എഞ്ചിന്‍ 2.2 കിലോഗ്രാം ഭാരം കുറവാണ്. സ്റ്റാന്‍ഡേര്‍ഡായി ഇരട്ട-ചാനല്‍ ABS ഉം നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. 

മുന്‍വശത്ത് ഷോവ ഷോവ 45 mm കാട്രിഡ്‍ജ് തരത്തിലുള്ള വിപരീത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ പ്രോ-ലിങ്കുള്ള മോണോബ്ലോക്ക് അലുമിനിയം സ്വിംഗ് ആം അടങ്ങുന്ന ഷോവ ഗ്യാസ് ചാര്‍ജ്ഡ് ഡാംപ്പര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. മുന്‍വശത്ത് ഡ്യുവല്‍ 310 mm ഹൈഡ്രോളിക് ഡിസ്‌കുകളും പിന്നില്‍ 256 mm ഹൈഡ്രോളിക് ഡിസ്‌കുമാണ് വാഹനത്തിന്റെ ബ്രേക്കിംഗ്.

ഹോണ്ട ആഫ്രിക്ക ട്വിന്‍ മാനുവല്‍ മോഡലിന് 15.35 ലക്ഷം രൂപയും, ഓട്ടോമാറ്റിക് ഡിസിടി മോഡലിന് 16.10 ലക്ഷം രൂപയുമാണ് എക്സ്‌ഷോറൂം വില. ഇപ്പോള്‍ ബൈക്കിന്റെ ഡെലിവറി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി.

മാനുവല്‍ പതിപ്പിന്റെ ഡെലിവറികള്‍ 2020 ജൂലൈയില്‍ ആരംഭിക്കുമെന്നാണ് സൂചന. അതേസമയം ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് പതിപ്പ് 2021 ജനുവരിയില്‍ മാത്രമേ വില്‍പ്പനയ്ക്ക് എത്തുകയുള്ളു.
 

Follow Us:
Download App:
  • android
  • ios