Asianet News MalayalamAsianet News Malayalam

മോഹവിലയില്‍ ഹോണ്ട സിറ്റി അഞ്ചാമന്‍ ഇന്ത്യയില്‍

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ  പ്രീമിയം സെഡാനായ സിറ്റിയുടെ  അഞ്ചാം തലമുറയെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 

2020 Honda City Launched In India
Author
Mumbai, First Published Jul 16, 2020, 2:57 PM IST

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ  പ്രീമിയം സെഡാനായ സിറ്റിയുടെ  അഞ്ചാം തലമുറയെ ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ മൂന്ന് വേരിയന്റുകളിലെത്തുന്ന പുതിയ സിറ്റിക്ക് 10.89 ലക്ഷം രൂപ മുതല്‍ 14.64 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. 

മൂന്ന് വേരിയന്റുകളില്‍ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാകും. ആറ് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 119 ബിഎച്ച്പി പവറും 145 എന്‍എം ടോര്‍ക്കും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 98 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകും.

നിരവധി ഫീച്ചറുകളുടെ അകമ്പടിയോടെയാണ് അഞ്ചാം തലമുറ സിറ്റി എത്തുന്നത്. നാലാം തലമുറയിലെ സിറ്റിയെക്കാളും വലിപ്പത്തിലാണ് പുതുതലമുറ മോഡല്‍ എത്തുന്നത്. സാങ്കേതിക സംവിധാനങ്ങളിലും ഡിസൈനിങ്ങിലും അഞ്ചാം തലമുറ സിറ്റി എറെ മുന്നിലാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. നിരത്തിലുള്ള മോഡലിനെക്കാള്‍ ഉയരവും വീതിയും നീളവും കൂടുതലാണ് വരാന്‍പോകുന്ന പുതിയ ഹോണ്ട സിറ്റിക്ക് . ഇന്റീരിയറിലും കാര്യമായ വ്യത്യാസങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. 

കൂടുതല്‍ എക്‌സിക്യൂട്ടീവ് ലുക്കിലാണ് പുത്തന്‍ സിറ്റി വില്പനക്കെത്തുന്നത്. ഹോണ്ടയുടെ തന്നെ സിവിക്കിന്റെയും അക്കോര്‍ഡിന്റെയും ഒരു മിശ്രണമാണ് പുത്തന്‍ സിറ്റി. സിറ്റിയുടെ അടിസ്ഥാന ആകാരത്തിന് കാര്യമായ മാറ്റമൊന്നും ഇല്ലെങ്കിലും, പുതിയ സിറ്റിയ്ക്ക് കൂടുതല്‍ പക്വതയുള്ളതും കൂടുതല്‍ എക്‌സിക്യൂട്ടീവും ആയ ഡിസൈന്‍ ആണ്. ഹോണ്ട മോഡലുകളുടെ മുഖമുദ്രയായ വീതിയേറിയ സിംഗിള്‍ സ്ലാറ്റ് ക്രോം ഗ്രില്‍ പുത്തന്‍ സിറ്റിയിലും ഇടം പിടിച്ചിട്ടുണ്ട്. ഗ്രില്ലിനു ഇരു വശത്തും വീതികുറഞ്ഞ എല്‍ഇഡി ഹെഡ്!ലാമ്പുകള്‍ ഇടം പിടിച്ചിരിക്കുന്നു. വശങ്ങളിലെ പ്രധാന ആകര്‍ഷണം ഹെഡ്!ലാംപ് മുതല്‍ ടെയില്‍ലാംപ് വരെ നീണ്ടു നില്‍ക്കുന്ന ഷോള്‍ഡര്‍ ലൈന്‍ ആണ്. ഷാര്‍ക്ക് ഫിന്‍ ആന്റിന, പുതിയ ഡിസൈനിലുള്ള 16ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് മറ്റുള്ള ശ്രദ്ധേയമായ ഘടകങ്ങള്‍. കൂടുതല്‍ സ്‌റ്റൈലിഷ് ആണ് എല്‍ഇഡി ടെയില്‍ലൈറ്റ്. പക്ഷെ ടെയില്‍ ലൈറ്റ് ഒഴിച്ച് നിര്‍ത്തിയാല്‍ പിന്‍ ഭാഗത്തിന്റെ ഡിസൈനിനു കാര്യമായ പുതുമ അവകാശപ്പെടാനില്ല.

പുത്തന്‍ പ്ലാറ്റ്‌ഫോമിലാണ് 2020 ഹോണ്ട സിറ്റി തയ്യാറാക്കിയിരിക്കുന്നത്. ഭാരം കുറഞ്ഞ, കൂടുതല്‍ സുരക്ഷിതത്വമുള്ള പ്ലാറ്റ്‌ഫോം ആണ് ഇതെന്ന് ഹോണ്ട അവകാശപ്പെടുന്നു. മാത്രമല്ല സെഡാന്റെ നോയിസ്, വൈബ്രേഷന്‍, ഹാര്‍നെസ്സ് ലെവലുകള്‍ ഇതുവരെ വില്പനയിലുണ്ടായിരുന്ന മോഡലുകളെക്കാള്‍ മെച്ചപ്പെട്ടതിരിയ്ക്കും. 4,549 എംഎം നീളം, 1,748 എംഎം വീതി, 1,489 എംഎം ഉയരം എന്നിങ്ങനെയാണ് പുത്തന്‍ സിറ്റിയുടെ അളവുകള്‍. 100 എംഎം നീളവും, 53 എംഎം വീതിയും കൂടുതലാണ് പുതിയ സിറ്റിക്ക്. പക്ഷെ ഉയരം 6 എംഎം കുറച്ചു കൂടുതല്‍ സ്‌പോര്‍ട്ടിയായാണ് പുത്തന്‍ സിറ്റിയുടെ എത്തിയിരിക്കുന്നത്. 2,600 എംഎം വീല്‍ബേസില്‍ മാറ്റമില്ല.

ജാപ്പനീസ് ലാളിത്യം നിറഞ്ഞു തുളുമ്പുന്നതാണ് ഇന്റീരിയര്‍. ടോക്കിയോ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ഹോണ്ട ജാസിന്റെ ഡാഷ്‌ബോര്‍ഡ് അനുസ്മരിപ്പിക്കും സിംപിളാണ് പുതിയ സിറ്റിയുടെയും ഇന്റീരിയര്‍. കണ്ട്രോള്‍ ബട്ടണുകള്‍ ഒഴിവാക്കി സങ്കീര്‍ണതകള്‍ കുറച്ച ഡാഷ്‌ബോര്‍ഡ് ഒരു പക്ഷെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് വരില്ല. ബീജ്, ബ്ലാക്ക് കോമ്പിനേഷനിലുള്ള ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍ ആണ് ഇന്ത്യക്കുള്ള മോഡലിന്. കൂടാതെ വുഡ് ഫിനിഷും നല്‍കിയിട്ടുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിലും പുത്തന്‍ ഹോണ്ട സിറ്റി മുന്നിലാണ്. മള്‍ട്ടിഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ (MID), ആപ്പിള്‍ കാര്‍പ്ലേ, സിരി വോയിസ് കണ്ട്രോള്‍ കണക്ടിവിറ്റിയുള്ള 8ഇഞ്ച് അഡ്വാന്‍സ്ഡ് ടച്ച് ഡിസ്‌പ്ലേ ഓഡിയോ, മള്‍ട്ടിഫങ്ക്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് എയര്‍കണ്ടിഷനിംഗ് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ഫീച്ചറുകള്‍. ഇപ്പോള്‍ വില്പനയിലുള്ള സിറ്റിയിലെ ഫീച്ചറുകളായ ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട്/ സ്റ്റോപ്പ് ഫങ്ക്ഷന്‍, ഇക്കോ മോഡ് എന്നിവ പുത്തന്‍ സിറ്റിയിലും തുടരും.

മാരുതി സിയാസ്, ഹ്യുണ്ടായി വെര്‍ണ, ഫോക്‌സ്‌വാഗണ്‍ വെന്റോ, ടൊയോട്ട യാരിസ്, സ്‌കോഡ് റാപ്പിഡ് എന്നിവയുമായായിരിക്കും ഈ വാഹനം ഏറ്റുമുട്ടുക. 

അടിമുടി മാറ്റങ്ങളോടെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. തായ്‌ലന്‍ഡ് വിപണിയിലായിരുന്നു വാഹനത്തിന്റെ ആദ്യാവതരണം. ആസിയാന്‍ എന്‍സിഎപി സുരക്ഷാ റേറ്റിംഗില്‍ അഞ്ച് സ്റ്റാര്‍ നേടാന്‍ ഇതിന് കഴിഞ്ഞു. ഇതു മൂന്നാം തവണയാണ് ഹോണ്ട സിറ്റിക്ക് അഞ്ചു സ്റ്റാര്‍ ലഭിക്കുന്നത്. ഇതിനു മുമ്പ് മൂന്നാം തലമുറയും (2011) നാലാം തലമുറയും (2014) ആണ് അസിയാന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് ചെയ്തത്. ഹോണ്ട സിറ്റിയുടെ തായ്‌ലന്‍ഡ് പതിപ്പാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്.

മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് 44.83 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് 22.85 പോയിന്റും സെയ്ഫ്റ്റി അസിസ്റ്റന്റ് ടെക്കിന് 18.89 പോയിന്റും അടക്കം 86.56 പോയിന്റാണ് സിറ്റിക്ക് ലഭിച്ചത്. ജി-കോണ്‍(ജി-ഫോഴ്‌സ് കണ്‍ട്രോള്‍ ബോഡി സിസ്റ്റം), ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, വെഹിക്കിള്‍ സ്റ്റബിലിറ്റി അസിസ്റ്റ്, എമര്‍ജെന്‍സ് സ്‌റ്റോപ്പ് സിഗ്നല്‍, മള്‍ട്ടി-വ്യൂ റിവേഴ്‌സ് ക്യാമറ തുടങ്ങിയ സുരക്ഷ ഫീച്ചറുകളുള്ള വാഹനമാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്.

1998 ജനുവരിയിലാണ് ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ആഭ്യന്തര വിപണിയിൽ സിറ്റിയുടെ വിൽപ്പനയ്ക്കു തുടക്കമിടുന്നത്. വിപണിയിലെത്തിയ ശേഷം 2003ല്‍ രണ്ടാം തലമുറയും 2008ല്‍ മൂന്നാംതലമുറയും 2014ല്‍ നാലാം തലമുറയും ഇന്ത്യന്‍ നിരത്തുകളിലെത്തി. ഈ നാലാം തലമുറയാണ് ഇപ്പോള്‍ നിരത്തുകളിലുള്ളത്.

ഇന്ത്യൻ വിപണിയിൽ ഏഴു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ പ്രീമിയം സെഡാനെന്ന നേട്ടം 2017 ഒക്ടോബറില്‍ സിറ്റി സ്വന്തമാക്കിയിരുന്നു. നിലവിൽ സിറ്റിയുടെ മൊത്തം വിൽപ്പനയിൽ 25 ശതമാനത്തിലേറെ ഇന്ത്യയുടെ സംഭാവനയെന്നതാണ് ശ്രദ്ധേയം. 

Follow Us:
Download App:
  • android
  • ios