ജനപ്രിയ മോഡലായ ക്രെറ്റയുടെ രണ്ടാം തലമുറയെ അവതരിപ്പിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറും ബോളിവുഡ് താരവുമായ ഷാരുഖ് ഖാന്‍ ആണ് ഹ്യുണ്ടായി ക്രെറ്റയുടെ രണ്ടാം തലമുറ മോഡല്‍  അവതരിപ്പിച്ചത്. 

പുതു തലമുറ ഹ്യുണ്ടായി ക്രെറ്റയുടെ വലുപ്പം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കോംപാക്റ്റ് എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപത്തിന് മാറ്റമില്ല. ഹ്യുണ്ടായി അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തുന്നത്. രണ്ടാം തലമുറ ക്രെറ്റ കൂടുതല്‍ സ്പോര്‍ട്ടിയാണ്. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, പുതിയ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍. 17 ഇഞ്ച് അലോയി വീലും ഇതിലുണ്ട്. 

ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനമായ കിയയുടെ സെല്‍റ്റോസുമായി പുത്തന്‍ ക്രെറ്റയുടെ പ്ലാറ്റ്‌ഫോമും എഞ്ചിന്‍ ഓപ്ഷനുകളും പങ്കിടും. കിയ സെല്‍റ്റോസിന് കരുത്തേകുന്ന എന്‍ജിനാണ് രണ്ടാം തലമുറ ക്രെറ്റയിലും. 115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് ക്രെറ്റയിലുള്ളത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ട്രാന്‍സ്മിഷന്‍.

ആകര്‍ഷകമായ ഡിസൈന്‍ മാറ്റമാണ് രണ്ടാം തലമുറ ക്രെറ്റയില്‍. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്‌പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് വരുത്തിയിട്ടുള്ള ഡിസൈന്‍ മാറ്റങ്ങള്‍. 

വെന്യുവില്‍ നല്‍കിയിരിക്കുന്നതിന് സമാനമായ അലോയ് വീലുകളാണ് ഈ വാഹനത്തിലും. ബ്ലാക്ക് ഫിനീഷിങ് ബി-പില്ലറുകള്‍, വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ് എന്നിവ ഈ വാഹനത്തിന്റെ വശങ്ങളില്‍ നിന്നുള്ള സൗന്ദര്യമാണ്. സ്‌റ്റൈലിഷായുള്ള പിന്‍ഭാഗമാണ് സ്‌കെച്ചിലുള്ളത്. ടെയ്ല്‍ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എല്‍ഇഡി സ്ട്രിപ്പ് ലൈറ്റും പുതിയ ടെയ്ല്‍ലാമ്പും ഡ്യുവല്‍ ടോണ്‍ ബമ്പറും റിയര്‍ ഫോഗ് ലാമ്പും പിന്‍വശത്തെയും ഏറെ ആകര്‍ഷകമാക്കുന്നു. 

പുതിയ മോഡല്‍ നിലവിലെ പതിപ്പിനേക്കാള്‍ മികച്ചതും ആധുനികവുമായിരിക്കും. പുതിയ മുന്‍ ഗ്രില്ലിനൊപ്പം എല്‍ഇഡി ഡിആര്‍എല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, സ്പ്ളിറ്റ് ടെയില്‍ ലാമ്പുകള്‍ എന്നിവയും 2020 ക്രെറ്റയ്ക്ക് ലഭിക്കും. കറുത്ത ട്രിം ഉള്ള സ്‌റ്റൈലിഷ് സ്പ്ലിറ്റ്-ടൈപ്പ് ടെയില്‍ ലാമ്പുകളും രണ്ട് ലൈറ്റിംഗ് ഘടകങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ലൈറ്റ് സ്ട്രിപ്പും ഉള്‍പ്പെടെ പിന്‍ഭാഗം അടിമുടി മാറ്റങ്ങളോടെയാണ് എത്തുന്നത്. 

പുത്തന്‍ ക്രെറ്റയുടെ ഇന്റീരിയര്‍ കൂടുതല്‍ ആഡംബരമാകും. കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കും ഇതിലെ പ്രധാന മാറ്റം.  കാബിനില്‍, അല്‍പ്പം വലിയ പോര്‍ട്രെയ്റ്റ് സ്‌ക്രീന്‍ നല്‍കും. ഹ്യുണ്ടായുടെ ‘ബ്ലൂലിങ്ക്’ നല്‍കുന്നതോടെ കണക്റ്റഡ് ഫീച്ചറുകള്‍ ലഭിക്കും. ഇ-സിം അല്ലെങ്കില്‍ എംബെഡ്ഡഡ് സിം കാര്‍ഡ് സവിശേഷതയായിരിക്കും. ചില ടോപ് വേരിയന്റുകളില്‍ സണ്‍റൂഫ്, എയര്‍ പ്യൂരിഫയര്‍, ക്രമീകരിക്കാവുന്ന പവേര്‍ഡ് മുന്‍ സീറ്റുകള്‍, ഫഌറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍ എന്നിവ ഉണ്ടായിരിക്കും. ടോപ് സ്‌പെക് വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകള്‍ പ്രതീക്ഷിക്കാം. അതേസമയം, സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷന്‍, ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, എന്നീ സുരക്ഷാ ഫീച്ചറുകള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡ് ആയിരിക്കും. 

ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്‌തെങ്കിലും അടുത്ത മാസമായിരിക്കും വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുന്നത്. രണ്ടാം തലമുറ ക്രെറ്റയുടെ വില ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസം ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ വില വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎസ്-6 എന്‍ജിനായതിനാല്‍ തന്നെ മുന്‍ മോഡലിനേക്കാള്‍ വില ഉയരുമെന്നാണ് സൂചന. 

എന്തായാലും പുതിയ വാഹനം എത്തിക്കുന്നതോടെ എംജി ഹെക്ടറും കിയ സെല്‍റ്റോസും ചേര്‍ന്നു പിടിച്ചെടുത്ത വിപണിവിഹിതം തിരികെപ്പിടിക്കാം എന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടായി.