ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ എസ്‍യുവി ട്യൂസോണിന്‍റെ പുതിയ പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

ബിഎസ് 6 പെട്രോൾ, ഡീസൽ എൻജിനുകളുമായി എത്തിയ കാറിന്റെ വില 22.30 ലക്ഷം രൂപ മുതലാണ്. പെട്രോളിൽ  ജിഎൽ (ഒ) (22.30 ലക്ഷം), ജിഎൽഎസ് (23.52 ലക്ഷം) എന്നിങ്ങനെ രണ്ട് വകഭേദങ്ങളും ഡീസലിൽ ജിഎൽ(ഒ) (24.35 ലക്ഷം), ജിഎൽഎസ് (25.56 ലക്ഷം), ജിഎൽഎസ് 4ഡബ്ല്യുഡി (27.03 ലക്ഷം) എന്നിങ്ങനെ മൂന്നു വകഭേദങ്ങളുമാണുള്ളത്. എംജി ഹെക്ടർ, ജീപ്പ് കോംപസ്, ടാറ്റ ഹാരിയർ തുടങ്ങിയ എസ്‌യുവികൾ ആയിരിക്കും പുത്തൻ ട്യൂസോണിന്‍റെ എതിരാളികൾ.  

ഏറെ പുതുമകളോടെയാണ് പുതിയ ട്യൂസോൺ എത്തിയത്. പുത്തൻ ഹ്യുണ്ടായ് കാറുകളിലെ സ്ഥിരം സാന്നിധ്യമായ കാസ്‍കേഡിങ് ഗ്രിൽ ആണ് പുറംമോടിയിലെ പ്രധാനമാറ്റം. ഇപ്പോൾ വില്പനയിലുള്ള മോഡലിന്റെ 3 സ്ലാറ്റിന് പകരം ക്രോമിന്റെ ധാരാളിത്തമുള്ള പുത്തൻ ഗ്രില്ലിൽ 4 സ്ലാറ്റ് ഗ്രിൽ പാറ്റേൺ ആണ്. ഇതോടൊപ്പം ഷാർപ്പായ ഹെഡ്ലൈറ്റുകളും എൽ-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് ഹൗസിങ് എന്നിവ മുൻവശത്തിന് പുത്തൻ ലുക്ക് നൽകുന്നു.

പരിഷ്ക്കരിച്ച ഡാഷ്ബോർഡിന് നടുവിലായുള്ള ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇന്റീരിയറിനെ വേറിട്ടതാക്കുന്നു. ഈ പുത്തൻ ഇൻഫോടൈന്മെന്റ് സിസ്റ്റത്തിന് താഴെയായി എസി വെന്റുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ ഡാഷ്‌ബോർഡ് രൂപകൽപ്പനയോടെയാണ് വാഹനം എത്തുന്നത്. ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റുചെയ്‌ത കാർ സവിശേഷതകൾ ഉൾക്കൊള്ളുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജറുകൾ, പനോരമിക് സൺറൂഫ്, ഇലക്ട്രിക് ഫ്രണ്ട്-പാസഞ്ചർ സീറ്റ് ക്രമീകരണം എന്നിവയും പുതിയ പതിപ്പിനെ വേറിട്ടതാക്കുന്നു.

ഡ്യുവൽ ടോൺ ഇന്റീരിയർ തീമിന് മാറ്റമില്ലെങ്കിലും പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലെതർ സീറ്റുകൾ എന്നിവ ഉൾവശത്തിന് പുതുമ നൽകും. രണ്ടാം നിര യാത്രക്കാർക്ക് യുഎസ്ബി ചാർജിംഗ്, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, ഫോർവേഡ് കൊളിഷൻ അവോയ്ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍  വാഹനത്തിലുണ്ട്.

പുത്തൻ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയ് വീലുകൾ ആണ് വശങ്ങളിലെ മുഖ്യ ആകർഷണം. പിൻഭാഗത്ത് ടെയിൽ ലൈറ്റിന്റെ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തി കൂടുതൽ‌ ആകർഷണീയമാക്കിയിട്ടുണ്ട്. ബമ്പറിൽ നിന്ന് റിഫ്ലക്ടറുകൾ ടെയിൽ‌ഗേറ്റിലേക്ക് നീങ്ങിയതാണ് മറ്റൊരു വ്യത്യാസം.