2020 മോഡല്‍ ഒക്ടാവിയയെ ആഗോളതലത്തില്‍ അനാവരണം ചെയ്‍ത് ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ.  നാലാം തലമുറ ഒക്ടാവിയ ആണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ആക്റ്റീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ ഒക്ടാവിയ എത്തുന്നത്. കോംബി സ്‌കൗട്ട് ഓഫ്-റോഡ്, ആര്‍എസ് സ്‌പോര്‍ട്ടി വേരിയന്റുകള്‍ പിന്നീട് പുറത്തിറക്കും. 

മുന്‍ഗാമികളേക്കാള്‍ വലുതാണ് പുതിയ കാര്‍. ഡിസൈന്‍ കൂടുതല്‍ ഷാര്‍പ്പാണ്. കൂടുതല്‍ മെലിഞ്ഞ പുതിയ ഓപ്ഷണല്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാംപുകളും എല്‍ഇഡി ടെയ്ല്‍ലാംപുകളും വാഹനത്തെ വേറിട്ടതാക്കുന്നു. 

പുതിയ ഒക്ടാവിയയില്‍ പുതുനിര എന്‍ജിനുകള്‍ നല്‍കിയിരിക്കുന്നു. 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണ് ഒക്ടാവിയ ഐ5 എന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിന് കരുത്തേകുന്നത്. 204 പിഎസ് കരുത്ത് ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ നല്‍കിയിരിക്കുന്നു. കൂടുതല്‍ കരുത്തുറ്റ 245 പിഎസ് വേര്‍ഷന്‍ പിന്നീട് അവതരിപ്പിക്കും. 1.0 ലിറ്റര്‍ 3 സിലിണ്ടര്‍, 1.5 ലിറ്റര്‍ 4 സിലിണ്ടര്‍, 2.0 ലിറ്റര്‍ എന്നിവയാണ് മറ്റ് ടര്‍ബോ-പെട്രോള്‍ എന്‍ജിനുകള്‍. മൂന്ന് എന്‍ജിനുകള്‍ യഥാക്രമം 115 പിഎസ്, 150 പിഎസ്, 190 പിഎസ് കരുത്ത് പുറപ്പെടുവിക്കും. എല്ലാ എന്‍ജിനുകളുമായി 7 സ്പീഡ് ഡിഎസ്‍ജിയാണ് ട്രാന്‍സ്‍മിഷന്‍. 

1.0 ലിറ്റര്‍, 1.5 ലിറ്റര്‍ എന്‍ജിനുകളുടെ കൂടെ 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി. ഈ രണ്ട് എന്‍ജിനുകളും 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമായും ലഭിക്കും. എന്നാല്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉണ്ടായിരിക്കില്ല. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പുതിയ ‘ഇവോ’ ഡീസല്‍ എന്‍ജിന്‍ പുതിയ ഒക്ടാവിയയില്‍ അരങ്ങേറി. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിന്‍ യൂറോ 6ഡി പാലിക്കുന്നതാണ്. ഇന്ത്യയിലെത്തുമ്പോള്‍ ബിഎസ് 6 അനുസരിക്കും. 115 പിഎസ്, 150 പിഎസ്, 200 പിഎസ് ട്യൂണുകളില്‍ ഈ മോട്ടോര്‍ ലഭിക്കും. ജി-ടെക് സിഎന്‍ജി വേരിയന്റും ലഭ്യമാണ്. 130 പിഎസ് പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ മോട്ടോറാണ് ഈ വേരിയന്റിന് കരുത്തേകുന്നത്. 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷന്‍ എന്നിവയാണ് ഓപ്ഷനുകള്‍.

അത്യന്തം എയ്‌റോഡൈനാമിക്കാണ് പുതിയ ഒക്ടാവിയ . 0.24 ആണ് ഡ്രാഗ് കോ-എഫിഷ്യന്റ്. കൂട്ടിയിടി ഒഴിവാക്കുന്ന സംവിധാനം, സ്റ്റിയറിംഗ് വളയത്തില്‍ കൈ ഉണ്ടെന്ന് തിരിച്ചറിയുന്ന സംവിധാനം, ഡോറുകള്‍ തുറക്കുമ്പോള്‍ വാഹനങ്ങള്‍ കടന്നുപോയേക്കാമെന്ന് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം എന്നിവയെല്ലാം പുതിയ സുരക്ഷാ ഫീച്ചറുകളാണ്. 2020 അവസാനത്തോടെ പുതിയ സ്‌കോഡ ഒക്ടാവിയ ഇന്ത്യയിലുമെത്തും.