ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിമാതാക്കൾ ആയ ട്രയംഫ് മോട്ടോർസൈക്കിൾസിന്‍റെ പുത്തൻ ട്രിപ്പിൾ ആർ‌എസിന്‍റെ ഇന്ത്യന്‍ അരങ്ങേറ്റം ഏപ്രിൽ 22-ന്  നടത്തിയേക്കുമെന്ന് സൂചന. മാർച്ച് 25-ന് ആയിരുന്നു പുതുതലമുറ മോഡലിനെ അവതരിപ്പിക്കാൻ നേരത്തെ  ട്രയംഫ് പദ്ധതിയിട്ടുരുന്നത്. എന്നാൽ കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ അരങ്ങേറ്റം വൈകുകയായിരുന്നു.

രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ മോട്ടോർസൈക്കിളിനെ ട്രയംഫിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അവതരിപ്പിക്കാനാണ് പദ്ധതി. തുടർന്ന് ഓൺലൈനിലൂടെ ബുക്കിംഗ് നടത്തുകയും ചെയ്യും. വില പ്രഖ്യാപനവും ട്വിറ്ററിലൂടെ അവതരണവേളയിൽ പ്രഖ്യാപിക്കും.

എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ കൂട്ടിച്ചേർത്ത ബഗ്ഗ്‌-ഐഡ് ഹെഡ്‍ലാംപ്, റീഡിസൈൻ ചെയ്ത ഫ്ലൈസ്ക്രീൻ, സൈഡ് പാനലുകളിൽ RS ബാഡ്ജിങ് എന്നിവയാണ് പ്രധാന മാറ്റങ്ങൾ. ഇത് കൂടാതെ സീറ്റ് കൗൾ, ബെല്ലി പാൻ, റിയർ വ്യൂ മിററുകൾ എന്നീ ഭാഗങ്ങളും പരിഷ്കരിച്ചിട്ടുണ്ട്. പുതിയ ടൈറ്റാനിയം സിൽവർ മെയിൻ ഫ്രെമിലാണ് 2020 സ്ട്രീറ്റ് ട്രിപ്പിൾ ആർ‌എസ് നിർമിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ യൂറോ V, ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ച് 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS ബൈക്കിന്റെ എഞ്ചിൻ പരിഷ്ക്കരിച്ചു. സ്ട്രീറ്റ് ട്രിപ്പിളിന് കരുത്തേകുന്നത് 765 സിസി ലിക്വിഡ്-കൂൾഡ് ഇൻ-ലൈൻ-ട്രിപ്പിൾ എഞ്ചിനാണ്. ഇത് 123 bhp പവറിൽ 79 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മുകളിലേക്കും താഴേക്കുമുള്ള ക്വിക്ക് ഷിഫ്റ്റർ ആറ് സ്പീഡ് ഗിയർ‌ബോക്‌സിലേക്ക് ജോടിയാക്കിയിരിക്കുന്നു.

ഏകദേശം 11 ലക്ഷം ആണ് 2020 സ്ട്രീറ്റ് ട്രിപ്പിൾ ആർ‌എസിന്‍റെ പ്രതീക്ഷിക്കുന്ന വില. കെടിഎം ഉടൻ വില്പനക്കെത്തിക്കും എന്ന് കരുതുന്ന 890 ഡ്യൂക്ക് ആർ ആവും സ്ട്രീറ്റ് ട്രിപ്പിൾ ആർ‌എസിന്‍റെ മുഖ്യ എതിരാളി.