ടിവിഎസിന്‍റെ അപ്പാഷെ ആര്‍ആര്‍ 310ന്‍റെ 2020 മോഡല്‍ ജനുവരിയിലാണ്  ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ബിഎസ് 6 പാലിക്കുന്ന മോട്ടോര്‍സൈക്കിളിന് 2.40 ലക്ഷം രൂപയായിരുന്നു ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ 12,000 രൂപ കൂടുതല്‍ ആയിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ വാഹനത്തിന്‍റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് കമ്പനി. 5000 രൂപയുടെ അധിക വര്‍ദ്ധനവാണ് വാഹനത്തില്‍ വരുത്തിയിരിക്കുന്നത്. 

ബിഎസ് 4ല്‍ നിന്നും നിരവധി അധിക ഫീച്ചറുകള്‍ നല്‍കിയാണ് ടിവിഎസിന്‍റെ ഈ ഫ്ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളിന്‍റെ ബിഎസ്6 വകഭേദം എത്തുന്നത്.  ബിഎസ് 6 പാലിക്കുന്ന 312.2 സിസി എന്‍ജിന്‍ 9,700 ആര്‍പിഎമ്മില്‍ 34 എച്ച്പി കരുത്തും 7,700 ആര്‍പിഎമ്മില്‍ 27.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

മുന്‍ഗാമിയില്‍ കണ്ട അതേ ബോഡി പാനലുകള്‍ പുതിയ മോട്ടോര്‍സൈക്കിളില്‍ തുടരുന്നു. എന്നാല്‍ പുതിയ ഡുവല്‍ ടോണ്‍ പെയിന്റ് സ്‌കീം നല്‍കി. വലിയ ‘അപ്പാച്ചെ’ സ്റ്റിക്കര്‍ ഫെയറിംഗില്‍ ഉടനീളം കാണാം, ഇന്ധന ടാങ്ക് വരെ. ഇതിന് തൊട്ടുമുകളിലാണ് ആര്‍ആര്‍ 310 ലോഗോ. ഇരട്ട പ്രൊജക്റ്റര്‍ എല്‍ഇഡി ഹെഡ്‌ലാംപ്, എല്‍ഇഡി ടെയ്ല്‍ലാംപ്, സീറ്റുകള്‍ എന്നിവയെല്ലാം മുന്‍ഗാമിയില്‍ കണ്ടതുതന്നെ.

റൈഡ് ബൈ വയര്‍ ത്രോട്ടില്‍ നല്‍കിയതാണ് പ്രധാന സാങ്കേതിക പരിഷ്‌കാരം. ഇതോടെ റെയ്ന്‍, അര്‍ബന്‍, സ്‌പോര്‍ട്ട്, ട്രാക്ക് എന്നീ നാല് റൈഡിംഗ് മോഡുകള്‍ ലഭിച്ചു. വിവിധ മോഡുകള്‍ക്കനുസരിച്ച് എന്‍ജിന്‍ പവര്‍, ത്രോട്ടില്‍ റെസ്‌പോണ്‍സ്, എബിഎസ് സെറ്റിംഗ്‌സ് എന്നിവ വ്യത്യസ്തമായിരിക്കും. തെരഞ്ഞെടുക്കുന്ന മോഡ് അനുസരിച്ച് ടിഎഫ്ടി സ്‌ക്രീനിലെ ഡിസ്‌പ്ലേ തീമിനും മാറ്റം വരും. റെയ്ന്‍, അര്‍ബന്‍ മോഡുകളില്‍ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കരുത്തും ടോര്‍ക്കും കുറയും. 7,600 ആര്‍പിഎമ്മില്‍ 25.8 എച്ച്പി, 6,700 ആര്‍പിഎമ്മില്‍ 25 എന്‍എം എന്നിങ്ങനെ. ടോപ് സ്പീഡ് 160 കിലോമീറ്ററില്‍നിന്ന് മണിക്കൂറില്‍ 125 കിലോമീറ്ററായി കുറയും.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി സഹിതം പുതിയ 5.0 ഇഞ്ച് കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് പാനല്‍ നല്‍കിയതാണ് 2020 മോഡല്‍ ടിവിഎസ് അപ്പാഷെ ആര്‍ആര്‍ 310 മോട്ടോര്‍സൈക്കിളിലെ പ്രധാന മാറ്റങ്ങളിലൊന്ന്. ‘ടിവിഎസ് സ്മാര്‍ട്ട്കണക്റ്റ്’ നല്‍കിയതോടെ മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് ടിഎഫ്ടി സ്‌ക്രീനുമായി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാന്‍ കഴിയും. ‘ടിവിഎസ് കണക്റ്റ് ആപ്പ്’ വഴി നിരവധി ഫംഗ്ഷനുകള്‍ പ്രവര്‍ത്തിപ്പിക്കാം. ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഇന്‍കമിംഗ് കോളറുടെ വിശദാംശങ്ങള്‍ എന്നിവ സ്‌ക്രീനില്‍ ഡിസ്‌പ്ലേ ചെയ്യും. കോള്‍ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. ട്രിപ്പ് അവസാനിച്ചുകഴിഞ്ഞാല്‍ റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് റെക്കോര്‍ഡ് ചെയ്യുന്നതിനും കാണുന്നതിനും പങ്കുവെയ്ക്കുന്നതിനും സാധിക്കും. ബാക്കിയെത്ര ഇന്ധനം, എപ്പോള്‍ സര്‍വീസ് ചെയ്യണം, എബിഎസ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുക എന്നിവയെല്ലാം ടിഎഫ്ടി സ്‌ക്രീന്‍ ഡിസ്‌പ്ലേ ചെയ്യും. ചുറ്റുമുള്ള വെളിച്ചത്തിന് അനുസരിച്ച് പകല്‍/രാത്രി സെറ്റിംഗ്‌സ് ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നതിന് സ്‌ക്രീനില്‍ സെന്‍സര്‍ നല്‍കി.

മിഷ്‌ലിന്‍ പൈലറ്റ് സ്ട്രീറ്റ് ടയറുകളാണ് മുന്‍ഗാമി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മിഷ്‌ലിന്‍ റോഡ് 5 ടയറുകള്‍ നല്‍കിയിരിക്കുന്നു. ബിഎസ് 6 അപ്പാച്ചെ ആര്‍ടിആര്‍ 160 4വി, ആര്‍ടിആര്‍ 200 4വി ബൈക്കുകളിലേതുപോലെ പുതുതായി നല്‍കിയ ഗ്ലൈഡ് ത്രൂ ടെക്‌നോളജി (ജിടിടി) സവിശേഷതയാണ്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയ കാറിലെ ക്രീപ് ഫംഗ്ഷന് സമാനമായ ഫീച്ചറാണിത്. 

5000 രൂപ വർദ്ധിച്ചെങ്കിലും മുഖ്യ എതിരാളിയായ കെടിഎം ആർസി 390-യെക്കാൾ ഇപ്പോഴും 8000 രൂപ കുറവാണ് ടിവിഎസ് അപ്പാഷെ RR 310-ന്. മെയ് മാസത്തിൽ 5,109 രൂപ വർദ്ധിപ്പിച്ചതോടെ 2,53,184 രൂപയാണ് ഇപ്പോൾ കെടിഎം ആർസി 390ന്‍റെ എക്‌സ്-ഷോറൂം വില.