പുത്തൻ മജസ്‌റ്റി S മാക്‌സി സ്‌കൂട്ടറിനെ ജാപ്പനീസ് വിപണിയില്‍ അവതരിപ്പിച്ച് യമഹ. വളരെ സ്പോർട്ടിയും ആകര്‍ഷകവുമാണ് ഈ സ്‌കൂട്ടർ. ഏകദേശം 2.38 ലക്ഷം ഇന്ത്യന്‍ രൂപയാണ് വില  ജപ്പാനിൽ യമഹ മജസ്‌റ്റി S-ന്‍റെ വില .

സ്റ്റൈലിഷായ മുൻവശത്ത് മൗണ്ട് ചെയ്‌ത എൽഇഡി ഹെഡ്‌ലൈറ്റുകളിൽ ഉയർന്ന ബീമിനായി ഒരു പ്രൊജക്‌ടറും താഴ്ന്ന ബീമിനുള്ള പരമ്പരാഗത റിഫ്ലക്‌ടറും ഇടംപിടിച്ചിരിക്കുന്നു. രണ്ട് എൽ‌ഇഡി ഡി‌ആർ‌എൽ സ്ട്രിപ്പുകളും ഇതിന് ലഭിക്കുന്നു. സൈഡ് ടേൺ ഇൻഡിക്കേറ്ററുകൾ ഹെഡ്‌ലൈറ്റിന്റെ ഇരുവശത്തും സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ മിക്ക മോട്ടോർസൈക്കിളുകളുടേതിനും തുല്യമായ  795 മില്ലീമീറ്ററായാണ് സീറ്റ് ഉയരം ക്രമീകരിച്ചിരിക്കുന്നത്. അലോയ് വീലുകളും കറുത്ത നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന എക്‌സ്‌ഹോസ്റ്റും സ്‌കൂട്ടറിന്റെ വിഷ്വൽ അപ്പീൽ ഭംഗിയാക്കുന്നു.

മജസ്‌റ്റി S-ന് കരുത്ത് നൽകുന്നത് 155 സിസി സിംഗിൾ സിലിണ്ടർ 4-വാൽവ് എഞ്ചിനാണ്. ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവുമായി വരുന്ന വാട്ടർ-കൂൾഡ് യൂണിറ്റാണ് ഇത്. 15 bhp കരുത്തും 14 Nm torque ഉം ഉത്പാദിപ്പിക്കാൻ സ്‌കൂട്ടറിന് ശേഷിയുണ്ട്. 40 കിലോമീറ്റർ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 7.4 ലിറ്റർ ഇന്ധന ടാങ്ക് ആണ് വാഹനത്തിന്. ഭാരം 145 കിലോഗ്രാം. ഒരു ടെലിസ്‌കോപ്പിക് ഫോർക്കും മോണോഷോക്ക് സജ്ജീകരണവും മുൻവശത്ത് 267 mm ഡിസ്‌ക്കും പിന്നിൽ 245 mm ഡിസ്‌ക്കുമാണ് വാഹനത്തിന്റെ ബ്രേക്കിംഗ് സിസ്റ്റം. മാക്സി സ്കൂട്ടറുകളിൽ സ്ഥിരം സാന്നിദ്ധ്യമായ വലിപ്പമേറിയ മുൻ എപ്രോൺ, വലിപ്പമുള്ള സീറ്റ്, നീളം കൂടിയ വിൻഡ് സ്ക്രീൻ, ഡിജിറ്റൽ ഇന്‍സ്ട്രമെന്റൽ ക്ലസ്റ്റർ എന്നിവ മജസ്റ്റി എസ് 155-ൽ ഇടം പിടിച്ചിട്ടുണ്ട്.

സിൽക്കി വൈറ്റ്, മെറ്റാലിക് ഗ്രേ, മെറ്റാലിക് ബ്ലാക്ക്, വിവിഡ് യെല്ലോ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ വാഹനം ഇറങ്ങുന്നു. മജസ്റ്റി എസ് 155-നെ യമഹ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്നുള്ള കാര്യത്തിൽ ഇപ്പോൾ വ്യകതതയില്ല. ലോഞ്ച് ചെയ്താൽ ഓട്ടോ എക്‌സ്‌പോയിൽ എപ്രീലിയ അവതരിപ്പിച്ച എസ്എക്സ്ആർ 160 മാക്സി-സ്കൂട്ടർ ആവും മുഖ്യ എതിരാളി.