ഐക്കണിക്ക് അമേരിക്കൻ കാർ നിർമാതാക്കളായ ഫോർഡിന്റെ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് എസ്‌യുവി മോഡൽ ആണ് എക്കോസ്‍പോര്‍ട്ട്. ഇപ്പോഴിതാ ചെറിയ മാറ്റങ്ങളോടെ 2021 എക്കോസ്‌പോര്‍ട്ടിനെ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ഫോര്‍ഡ്. 
പുതുവര്‍ഷത്തില്‍ എല്ലാ കമ്പനികളും വില കൂട്ടിയപ്പോള്‍ വില കുറച്ചുകൊണ്ടാണ് ഇത്തവണ എക്കോസ്‍പോര്‍ട്ട് എത്തുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടിന് 7.99 ലക്ഷം രൂപയാണ് പുതുക്കിയ പ്രാരംഭ വില. അതായത് നേരത്തത്തെ വിലയേക്കാള്‍ 20,000 രൂപ കുറവാണിത്.

കൂടാതെ മാനുവല്‍ ഗിയര്‍ബോക്സ് പിന്‍വലിച്ച് ഒരു ഓട്ടോമാറ്റിക് മോഡലായി മാത്രമാണ് ലഭ്യാമാവുക. പുതിയ ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടിന്റെ ലൈനപ്പിലെ ടൈറ്റാനിയം വേരിയന്റിലും സണ്‍റൂഫ് കമ്പനി അവതരിപ്പിക്കുന്നുണ്ട്. എക്കോസ്‌പോര്‍ട്ട് ആംബിയന്റ് മാനുവല്‍ ബേസ് പെട്രോള്‍ വേരിയന്റാണ് ഇനിമുതല്‍ 7.99 ലക്ഷം രൂപയ്ക്ക് ലഭ്യമാകുക. ടൈറ്റാനിയം പ്ലസ് വേരിയന്റിന് ഒരു നവീകരണം ഉടന്‍ ഉണ്ടാകുമെന്നും ഫോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. 

നിലവിലെ ടൈറ്റാനിയം മാനുവലിന് 1000 രൂപ വര്‍ധിച്ച് ഇപ്പോള്‍ 9.79 ലക്ഷമായി. ടൈറ്റാനിയം ഓട്ടോമാറ്റിക്, ടൈറ്റാനിയം പ്ലസ് മാനുവല്‍, തണ്ടര്‍ മാനുവല്‍ പെട്രോള്‍ എന്നീ വേരിയന്റുകള്‍ കമ്പനി നിര്‍ത്തലാക്കുകയും ചെയ്തു. ഉയര്‍ന്ന മോഡലായ സ്പോര്‍ട്ട് 2021 ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന്റെ ഫീച്ചറുകളില്‍ ആറ് എയര്‍ബാഗുകള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഫോര്‍ഡ് പാസ്ടിഎം ഉള്‍ച്ചേര്‍ത്ത നാവിഗേഷന്‍ എന്നിവയും ഉള്‍പ്പെടുന്നു. 100,000 കിലോമീറ്റര്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ വാറണ്ടിയും ഏറ്റവും കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ് 36 പൈസ / കിലോമീറ്ററുമാണ് ഇപ്പോള്‍ എക്കോസ്‌പോര്‍ട്ടില്‍ ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ സബ്-4 മീറ്റര്‍ എസ്‍യുവികളില്‍ ഒന്നായ ഫോര്‍ഡ് എക്കോസ്പോര്‍ട്ട് ഇന്ത്യയിലെത്തിയിട്ട് അടുത്തിടെ ഏഴ് വര്‍ഷം തികഞ്ഞിരുന്നു. 2013-ൽ ഇന്ത്യയിലെത്തിയ എക്കോസ്പോർട്ട് 2015 ആയപ്പോഴേക്കും രണ്ട് ലക്ഷം യൂണിറ്റുകളാാണ് നിരത്തുകളിലെത്തിയത്. ഇന്ത്യയിൽ നിർമിക്കുന്ന എക്കോസ്പോർട്ട് 40-ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഫോർഡിന്റെ ജന്മനാടായ അമേരിക്കയിലേക്കും 2016 മുതൽ ഇന്ത്യയിൽ നിർമിച്ച എക്കോസ്പോർട്ടുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

2018-ൽ ഈ വാഹനം മുഖം മിനുക്കി എത്തിയിരുന്നു. 2020 ജനുവരിയില്‍ ബിഎസ്6 പതിപ്പും എത്തി. 1.5 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 118 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷണലായി ലഭിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഡിസിഐ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു.

ആപ്പിള്‍ കാര്‍പ്ല, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ‘സിങ്ക് 3’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എംബെഡ്ഡഡ് നാവിഗേഷന്‍ സിസ്റ്റം, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എച്ച്‌ഐഡി ഹെഡ്‌ലാംപുകള്‍, ഇലക്ട്രോക്രോമിക് മിറര്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ 2020 മോഡലിനും ലഭിച്ചു. ടോപ് വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകളും മറ്റ് സുരക്ഷാ ഫീച്ചറുകളും തുടര്‍ന്നും നല്‍കി. എബിഎസ്, ഇബിഡി എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്.  

മാരുതി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്യുവി 300, ഹ്യുണ്ടായി വെന്യു തുടങ്ങിയവരാണ് ഇന്ത്യൻ നിരത്തുകളിൽ എക്കോസ്പോർട്ടിന്‍റെ മുഖ്യഎതിരാളികൾ.