Asianet News MalayalamAsianet News Malayalam

പിന്നിലെ സ്റ്റെപ്പിനി ഒഴിവാക്കി പുത്തന്‍ എക്കോസ്‍പോര്‍ട്ട്, കാരണം ഇതാണ്!

ഈ ജനപ്രിയ മോഡലിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റെപ്പിനി ടയറാണ്. ശ്രേണിയില്‍ അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു ലുക്ക് ഈ സ്‌പെയര്‍ വീലിന്‍റെ സാന്നിധ്യം എക്കോസ്‍പോര്‍ട്ടിന് നല്‍കുന്നുണ്ട്. എന്നാല്‍ ഈ സ്റ്റെപ്പിനി ഇല്ലാതെ പുതിയൊരു എക്കോസ്‍പോര്‍ട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് ഫോര്‍ഡ്

2021 Ford EcoSport SE Launched Without Spare Wheel
Author
Mumbai, First Published Mar 13, 2021, 9:05 AM IST

ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ സബ്-4 മീറ്റര്‍ എസ്‍യുവികളില്‍ ഒന്നാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ എക്കോസ്പോര്‍ട്ട്.  ഇന്ത്യയിലെത്തിയിട്ട് എട്ടു വര്‍ഷം തികയുന്ന ഈ ജനപ്രിയ മോഡലിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റെപ്പിനി ടയറാണ്. ശ്രേണിയില്‍ അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു ലുക്ക് ഈ സ്‌പെയര്‍ വീലിന്‍റെ സാന്നിധ്യം എക്കോസ്‍പോര്‍ട്ടിന് നല്‍കുന്നുണ്ട്. എന്നാല്‍ ഈ സ്റ്റെപ്പിനി ഇല്ലാതെ പുതിയൊരു എക്കോസ്‍പോര്‍ട്ട് വേരിയന്‍റിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ ഫോര്‍ഡ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

എക്കോസ്‌പോര്‍ട്ട് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ എസ്ഇ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ടൈറ്റാനിയം വേരിയന്റ് അടിസ്ഥാനമാക്കിയാണ് പുതിയ വേരിയന്റ് എത്തുന്നത്. ടെയ്ല്‍ഗേറ്റില്‍ സ്‌പെയര്‍ വീല്‍ ഇല്ലാതെയാണ് എസ്ഇ വേരിയന്റ് വരുന്നത്. അതായത്, സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഗ്ലോബല്‍ സ്‌പെക് മോഡലിന്റെ സ്‌റ്റൈലിംഗ് സൂചകങ്ങള്‍ ഇന്ത്യയിലും സ്വീകരിച്ചതായി വേമം കരുതാന്‍.

2021 Ford EcoSport SE Launched Without Spare Wheel

ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ട്യൂബ്‌ലെസ് ടയറുകള്‍, പങ്ക്ചര്‍ റിപ്പയര്‍ കിറ്റ് എന്നിവ പുതിയ വേരിയന്റിന് ലഭിച്ചു. ഇവ മൂന്നും ഉണ്ടെങ്കില്‍ ഒമ്പത് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന എം1 വിഭാഗത്തിലെ എല്ലാ പാസഞ്ചര്‍ വാഹനങ്ങളിലും സ്‌പെയര്‍ വീല്‍ ഒഴിവാക്കാമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കഴിഞ്ഞ ജൂലൈയില്‍ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഉത്തരവ് ഇറക്കിയിരുന്നു. ഇതനുസരിച്ചാണ് പുതിയ മോഡലെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ പുതിയ എസ്ഇ വേരിയന്റ് ലഭിക്കും. യഥാക്രമം 10.49 ലക്ഷം രൂപയും 10.99 ലക്ഷം രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ പിന്‍ ഭാഗത്താണ് പ്രധാന വ്യത്യാസം. ക്രോം സ്ലാറ്റ്, പുതിയ നമ്പര്‍ പ്ലേറ്റ് ഹൗസിംഗ് എന്നിവ സഹിതം പുതിയ ടെയ്ല്‍ഗേറ്റ്, സില്‍വര്‍ ഇന്‍സര്‍ട്ട് സഹിതം പുതുതായി ഡുവല്‍ ടോണ്‍ ബംപര്‍ എന്നിവയാണ് പിറകിലെ ദൃശ്യങ്ങള്‍. 16 ഇഞ്ച് വ്യാസമുള്ള ഹൈ ഗ്ലോസ് സില്‍വര്‍ അലോയ് വീലുകളിലാണ് പുതിയ വേരിയന്റ് വരുന്നത്. പുതുതായി ബോഡിയുടെ അതേ നിറമുള്ള ഹൗസിംഗില്‍ ഫോഗ്‌ലാംപുകള്‍ നല്‍കി. ക്രോം അലങ്കാരങ്ങളോടെ ഷഡ്ഭുജ ആകൃതിയുള്ള ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം വലിയ പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടെ പുറത്തെ ബാക്കി കാര്യങ്ങള്‍ വലിയ മാറ്റമില്ലാതെ തുടരുന്നു.

വാഹനത്തിന്‍റെ ഇന്‍റീരിയറില്‍ വലിയ മാറ്റങ്ങളുണ്ടാകില്ല. പുതിയ വേരിയന്റില്‍ നാവിഗേഷന്‍ സഹിതം 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ നല്‍കി. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതം സിങ്ക് 3 ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഫോഡ് പാസ് ഇന്റഗ്രേഷന്‍ എന്നീ കണക്റ്റിവിറ്റി ഫീച്ചറുകള്‍ ലഭിച്ചു. ഫാക്റ്ററി ഫിറ്റഡ് ക്ലൗഡ് കണക്റ്റഡ് ഡിവൈസ് സഹിതം വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്പാണ് ഫോഡ് പാസ്. വിദൂരത്തിരുന്ന് സ്റ്റാര്‍ട്ട്, സ്റ്റോപ്പ്, ലോക്ക്, അണ്‍ലോക്ക് എന്നിവ ഫോഡ്പാസ് ആപ്പ് വഴി സാധിക്കും. സണ്‍റൂഫ് കൂടി ലഭിച്ചു.

1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകള്‍ തന്നെയാണ് പുതിയ വേരിയന്റ് ഉപയോഗിക്കുന്നത്. 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 120 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 4 സിലിണ്ടര്‍ ഡീസല്‍ മോട്ടോര്‍ പുറപ്പെടുവിക്കുന്നത് 99 ബിഎച്ച്പി കരുത്തും 217 എന്‍എം ടോര്‍ക്കുമാണ്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് രണ്ട് എന്‍ജിനുകളുടെയും കൂട്ട്. പെട്രോള്‍ എന്‍ജിന് ഓപ്ഷണലായി 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കും.

അതേസമയം ഫോര്‍ഡ് എക്കോസ്പോര്‍ട്ട് ഇന്ത്യയിലെത്തിയിട്ട് എട്ടു വര്‍ഷം തികഞ്ഞു. 2013-ൽ ഇന്ത്യയിലെത്തിയ എക്കോസ്പോർട്ട് 2015 ആയപ്പോഴേക്കും രണ്ടുലക്ഷം യൂണിറ്റുകളാണ് നിരത്തുകളിലെത്തിയത്. ഇന്ത്യയിൽ നിർമിക്കുന്ന എക്കോസ്പോർട്ട് 40-ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഫോർഡിന്റെ ജന്മനാടായ അമേരിക്കയിലേക്കും 2016 മുതൽ ഇന്ത്യയിൽ നിർമിച്ച എക്കോസ്പോർട്ടുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

2021 Ford EcoSport SE Launched Without Spare Wheel

2018-ൽ ആണ് ഈ വാഹനം ആദ്യമായി മുഖം മിനുക്കി എത്തുന്നത്. 2020 ജനുവരിയില്‍ ബിഎസ്6 പതിപ്പും എത്തി. 1.5 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 118 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷണലായി ലഭിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഡിസിഐ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു.

2021 എക്കോസ്പോര്‍ട്ടിനെ അടുത്തിടെയാണ് ഫോര്‍ഡ് അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ ഫീച്ചറുകളില്‍ ആറ് എയര്‍ബാഗുകള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഫോര്‍ഡ് പാസ് ഉള്‍പ്പെടുത്തിയ നാവിഗേഷന്‍ എന്നിവയും ഉള്‍പ്പെടുന്നു. 100,000 കിലോമീറ്റര്‍ അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ വാറണ്ടിയും ഏറ്റവും കുറഞ്ഞ അറ്റകുറ്റപ്പണിച്ചെലവ് 36 പൈസ / കിലോമീറ്ററുമാണ് ഇപ്പോള്‍ എക്കോസ്‌പോര്‍ട്ടില്‍ ഫോര്‍ഡ് വാഗ്‍ദാനം ചെയ്യുന്നത്.

ആപ്പിള്‍ കാര്‍പ്ല, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ‘സിങ്ക് 3’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എംബെഡ്ഡഡ് നാവിഗേഷന്‍ സിസ്റ്റം, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എച്ച്‌ഐഡി ഹെഡ്‌ലാംപുകള്‍, ഇലക്ട്രോക്രോമിക് മിറര്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ 2021 മോഡലിനും ലഭിച്ചു. ടോപ് വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകളും മറ്റ് സുരക്ഷാ ഫീച്ചറുകളും തുടര്‍ന്നും നല്‍കി. എബിഎസ്, ഇബിഡി എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്.

2021 Ford EcoSport SE Launched Without Spare Wheel

എൻ.സി.എ.പി യൂറോപ്യൻ ക്രാഷ്​ ടെസ്റ്റിൽ നാല്​ സ്റ്റാർ നേടിയിട്ടുണ്ട് എക്കോസ്‍പോര്‍ട്ട്​. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഇക്കോസ്​പോർട്​സിന്‍റെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളാണ്​. അടിയന്തിര സാഹചര്യങ്ങളിൽ വാഹനം സ്വയം കാൾ സെന്‍ററിലേക്ക് വിളിക്കുന്ന എമർജെൻസി അസിസ്റ്റ്​ എക്കോസ്​പോർട്ടിന്‍റെ മറ്റൊരു സവിശേഷതയാണ്​. ഐസോഫിക്​സ്​ ചൈൽഡ്​ സീറ്റ്​ ഹിൽ അസിസ്റ്റ്​ പോലുള്ള സംവിധാനങ്ങളും പിന്നിലെ കാമറയും സുരക്ഷക്കായി എക്കോസ്​പോർട്ടിലുണ്ട്​.

ടാറ്റ നെക്സോൺ,  മാരുതി ബ്രെസ, മഹീന്ദ്ര എക്സ്‍യുവി 300, ഹ്യുണ്ടായി വെന്യു തുടങ്ങിയവരാണ് ഇന്ത്യൻ നിരത്തുകളിൽ ഫോര്‍ഡ് എക്കോസ്പോർട്ടിന്‍റെ മുഖ്യഎതിരാളികൾ. 

2021 Ford EcoSport SE Launched Without Spare Wheel

Follow Us:
Download App:
  • android
  • ios