Asianet News MalayalamAsianet News Malayalam

ഹോണ്ട ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ഇന്ത്യയില്‍

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ് മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു

2021 Honda Africa Twin Adventure Sports launched
Author
Mumbai, First Published Jan 14, 2021, 8:51 AM IST

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ് മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 15.96 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  പഴയ  പതിപ്പില്‍ നിന്നും രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലാണ് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. ബ്ലാക്ക് മെറ്റാലിക്, പേൾ ഗ്ലെയർ വൈറ്റ് എന്നീ പുതിയ നിറങ്ങളിലും ബൈക്ക് എത്തും. 

1,084 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 98 bhp കരുത്തും 103 Nm ടോര്‍ക്കും സൃഷ്‍ടിക്കും. പരമ്പരാഗത ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലിഥിയം അയണ്‍ ബാറ്ററി 1.6 മടങ്ങ് കൂടുതല്‍ ആയുസും നാലിരട്ടി ദൈര്‍ഘ്യവും നല്‍കുന്നുവെന്ന് ഹോണ്ട പറയുന്നു. 2021 ഹോണ്ട ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്‌സില്‍ ഒരു ബോള്‍ട്ട് ഓണ്‍ അലുമിനിയം സബ്ഫ്രെയിമും ഉണ്ട്.

ഡ്യുവല്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, അഞ്ച് ഘട്ടങ്ങളായി അഡ്ജസ്റ്റ് ചെയ്യാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, ക്രമീകരിക്കാവുന്ന സീറ്റ്, ഹീറ്റഡ് ഗ്രിപ്പുകള്‍, കോര്‍ണറിംഗ് ലൈറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകളും പുതിയ പതിപ്പിലും നല്‍കിയിട്ടുണ്ട്. ട്യൂബ്ലെസ് ടയറുകളാണ് ബൈക്കില്‍ നല്‍കിയിരിക്കുന്നത്.

പുതിയ ബൈക്കിനായി ബുക്കിംഗ് ആരംഭിച്ചതായും ഹോണ്ട അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് സമീപമുള്ള ഒരു ഹോണ്ട ബിഗ് വിംഗ് ഡീലര്‍ഷിപ്പിലൂടെയോ അല്ലെങ്കില്‍ ഹോണ്ട ബിഗ് വിംഗ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ബൈക്ക് ബുക്ക് ചെയ്യാം. ഇന്ത്യയില്‍ സ്‌കൂട്ടര്‍, കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നിര്‍മ്മാതാക്കളായിരുന്നു ഹോണ്ട. എന്നാല്‍ പ്രീമിയം ബൈക്കുകള്‍ക്ക് വിപണിയില്‍ വലിയ സ്വീകാര്യത ലഭിച്ച് തുടങ്ങിയതോടെയാണ് ഇത്തരം മോഡലുകളുമായി കമ്പനി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios