ഇന്തോനേഷ്യയിലെ ജനപ്രിയ സ്‍കൂട്ടറുകളിലൊന്നാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സ്‍കൂപ്പി. 2010ലാണ് ഹോണ്ട സ്‍കൂപ്പിയെ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. ഹോണ്ട ഇപ്പോൾ സ്‍കൂട്ടറിന്റെ അടുത്ത തലമുറ മോഡൽ അവതരിപ്പിച്ചിരിക്കുകയാണെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 19.95 ദശലക്ഷം IDR അഥവാ ഏകദേശം 1.05 ലക്ഷം രൂപയാണ് പുത്തന്‍ സ്‍കൂപ്പിയുടെ ആരംഭ എക്സ്-ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോസ്‍മെറ്റിക് നവീകരണവും പുതിയ സവിശേഷതകളുമായിട്ടാണ് 2021 പതിപ്പ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതലമുറയുടെ ഫാഷന്‍ സ്റ്റൈലിംഗ് ആവശ്യങ്ങൾക്കനുസൃതമായാണ് 2021 ഹോണ്ട സ്‍കൂപ്പിയുടെ ഡിസൈന്‍. ഓവൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പും ടെയിൽ ലാമ്പും സ്‌പ്ലാഷിയർ റിയർ ഇൻഡിക്കേറ്ററുകളും പോലുള്ള വിഷ്വൽ മെച്ചപ്പെടുത്തലുകൾ കമ്പനി വാഹനത്തിലുണ്ട്. എൽഇഡി പ്രൊജക്ടർ ലൈറ്റിംഗ് സിസ്റ്റവുമായിട്ടാണ് പുതിയ ഹെഡ്‌ലാമ്പ് യൂണിറ്റ് വരുന്നത്. 

സ്‌പോർടി, ഫാഷൻ, സ്റ്റൈലിഷ്, പ്രസ്റ്റീജ് എന്നീ നാല് വേരിയന്റുകളിലാണ് പുതുതലമുറ സ്‌കൂപ്പി ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. ഓരോ വേരിയന്റിനും പ്രസ്റ്റീജ് വൈറ്റ് ആൻഡ് ബ്ലാക്ക്, സ്റ്റൈലിഷ് ബ്രൗൺ ആൻഡ് റെഡ്, ഫാഷൻ ബ്ലൂ ആൻഡ് ക്രീം, സ്പോർട്ടി റെഡ്, ബ്ലാക്ക് എന്നിങ്ങനെ സവിശേഷമായ കളർ ഓപ്ഷനുകളുണ്ട്. പുതിയ സ്കൂപ്പിക്ക് സീറ്റിന് താഴെ 15.4 ലിറ്റർ യൂട്ടിലിറ്റി സ്റ്റോറേജ് സ്പെയ്സ് ലഭിക്കുന്നുണ്ട്.

110 സിസി, SOHC പ്രോഗ്രാമ്ഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ഹോണ്ട സ്‍കൂപ്പിയുടെ ഹൃദയം. ഈ എഞ്ചിന്‍ 7,500 rpm -ൽ 9.0 bhp പരമാവധി കരുത്തും, 5,500 rpm -ൽ 9.3 Nm ടോര്‍ഖും പുറപ്പെടുവിക്കും. യൂറോ 3 ടെസ്റ്റിംഗ് മാനദണ്ഡമനുസരിച്ച്, പുതിയ സ്‍കൂപ്പി ISS -നൊപ്പം ഉപയോഗിക്കുമ്പോൾ ലിറ്ററിന് 59 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. 4.2 ലിറ്റർ ശേഷിയുള്ള വലിയ ഇന്ധന ടാങ്കാണ് പുതിയ സ്‍കൂപ്പിയില്‍. 

ഒരു യുഎസ്ബി ചാർജർ കൺസോൾ ബോക്സിൽ ചേർത്തിരിക്കുന്നു, ഫ്രണ്ടിൽ മൾട്ടി-ഫംഗ്ഷൻ ഹുക്ക്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. പുതിയ സ്കൂപ്പിയിൽ സ്മാർട്ട് കീ സജ്ജീകരിച്ചിരിക്കുന്നു, ഇത് ആൻസർ ബാക്ക് ഫീച്ചറും ആന്റി തെഫ്റ്റ് അലാറവും വാഗ്ദാനം ചെയ്യുന്നു. eSP സിസ്റ്റം ഉപയോഗിച്ചാണ് വാഹനം വരുന്നത്,ഇത് വാഹനത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുകയും മൈലേജ് കൂട്ടുകയും ചെയ്യുന്നു. 

അവതരിപ്പിച്ച് പത്ത് വര്‍ഷത്തിനകം ഇതുവരെ ഇന്തോനേഷ്യയില്‍ ഇതുവരെ 4.5 ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചെന്നാണ് കണക്കുകള്‍.