Asianet News MalayalamAsianet News Malayalam

വിലയറിയും മുമ്പേ പുത്തന്‍ കോംപസിന്‍റെ ബുക്കിംഗ് തുടങ്ങി

വാഹനം സംബന്ധിച്ച് മറ്റ് വിവരങ്ങളെല്ലാം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയെങ്കിലും അവതരണവേളയിലായിരിക്കും വില പ്രഖ്യാപിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്

2021 Jeep Compass To Be Launch On January 27
Author
Mumbai, First Published Jan 16, 2021, 7:54 PM IST

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഇന്ത്യയിലെ ജനപ്രിയ മോഡലായ കോംപസിന്‍റെ പുതിയ പതിപ്പിനെ കഴിഞ്ഞ ദിവസമാണ്  പ്രദര്‍ശനത്തിനെത്തിച്ചത്. വാഹനത്തെ ജനുവരി 27-ന് വിപണിയില്‍ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാഹനം സംബന്ധിച്ച് മറ്റ് വിവരങ്ങളെല്ലാം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയെങ്കിലും അവതരണവേളയിലായിരിക്കും വില പ്രഖ്യാപിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ 16.49 ലക്ഷം മുതൽ 24.99 ലക്ഷം വരെയാണ് ജീപ്പ് കോംപസിന്റെ എക്‌സ്-ഷോറൂം വില. പരിഷ്കരിച്ചെത്തുന്ന മോഡലിന് സ്വാഭാവികമായും വില വർദ്ധിക്കും. പുതിയ മോഡലിനായുള്ള ബുക്കിംഗ് ഡീലർമാർ സ്വീകരിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ആഗോള നിരത്തുകളില്‍ നേരത്തേ എത്തിയിട്ടുള്ള മോഡലാണ്  ഇന്ത്യയില്‍ കോംപസിന്റെ 2021 പതിപ്പായി എത്തുന്നത്. ഡിസൈനിലെ പുതുമയും ഫീച്ചറുകളിലെ സമ്പന്നതയുമായിരുന്നു 2021 കോംപസിന്റെ ഹൈലൈറ്റ്. പുതിയ കോംപസിനെ ഗ്വാങ്‌ഷോ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ജീപ്പ് പ്രദർശിപ്പിച്ചിരുന്നു.  2016 ൽ രണ്ടാം തലമുറ അരങ്ങേറ്റം മുതൽ എസ്‌യുവിയുടെ ഏറ്റവും പ്രധാനപ്പെട്ട ഫെയ്‌സ്‌ലിഫ്റ്റാണിത്. ഈ ചൈന-സ്പെക് കോംപസ് തന്നെയാണ് ചില മാറ്റങ്ങളോടെ ഇന്ത്യയിലെത്തുക. പ്രധാന മാറ്റം കൂടുതൽ ഷാർപ് ആയ എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന ഹെഡ്ലൈറ്റ് ആണ്. ക്രോം ഔട്ട് ലൈനിംഗുള്ള 7 സ്ലാട്ട് ഗ്രില്ലിന് പുത്തൻ കോംപസിൽ മാറ്റമില്ലാതെ തുടരും, എന്നാൽ ഹണികോംബ് ഇൻസെർട്ടിൽ മാറ്റമുണ്ട്. പുതിയ ഫ്രണ്ട് ബമ്പർ, സ്ലിമ്മർ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവപോലുള്ള ചെറിയ മാറ്റങ്ങളോടെയാണ് എസ്‌യുവി എത്തുന്നത്. പുതിയ 3 സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും എസ്‌യുവിക്ക് ലഭിച്ചേക്കും.

കോംപസ് ഫെയ്‌സ്‌ലിഫ്റ്റ് പഴയ എഞ്ചിനുകൾ നിലനിർത്തിയേക്കും. 170 bhp കരുത്തിൽ 350 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, 4 സിലിണ്ടർ ഡീസൽ, 161 bhp പവറും 250 Nm ടോർക്കും നൽകുന്ന 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ആണ് ലഭിക്കുക. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും പുതിയ കോമ്പസിൽ ജീപ്പ് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കോംപസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ നീളവും ഉയരവും യഥാക്രമം 29 മില്ലീമീറ്ററും 17 മില്ലീമീറ്ററും വർധിച്ചിട്ടുണ്ട്. വീൽബേസ് 2636 മില്ലീമീറ്ററായി തുടരുന്നു. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ പ്രധാന ആകർഷണം ക്രോമിൽ‌ പൂർ‌ത്തിയാക്കിയ സെവൻ ബോക്സ് ഫ്രണ്ട് ഗ്രില്ലാണ്. ആമസോൺ അലക്സാ പിന്തുണ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള ഫ്ലോട്ടിംഗ് 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്-യൂണിറ്റ് ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ് വാഹനത്തിന്റെ അകത്തളത്തിൽ ലഭിക്കുന്നുണ്ട്.

ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.  

സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. അടുത്തിടെയാണ് വാഹനത്തിന്‍റെ ബിഎസ്6 പതിപ്പ് നിരത്തിലെത്തിയത്.

Follow Us:
Download App:
  • android
  • ios