കൊച്ചി: ആഗോള വിപണിയിലെ മുൻനിര പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ കെടിഎം 2021 മോഡൽ ഇയർ ഡ്യൂക്ക് 125 നെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. റൈഡർക്ക് തുല്യം വയ്ക്കാനാവാത്ത റൈഡിംഗ് അനുഭവം സമ്മാനിക്കുന്ന വാഹനം സ്വന്തമായി ഒരു കെടിഎം സ്വപ്‍നം കാണുന്ന ചെറുപ്പക്കാരെ ഉദ്ദേശിച്ചുള്ളതാണെന്നും കെടിഎമ്മിന്റെ ഇന്ത്യയിലെ എല്ലാ ഔട്ട്ലെറ്റുകളിലും ഇപ്പോൾ ഈ ബൈക്ക് ലഭ്യമാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 150,010 രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്സ്. ഷോറൂം വില.

കാലികമായ പല മാറ്റങ്ങളുമായാണ്‌ 2021 മോഡൽ ഡ്യൂക്ക് 125 എത്തുന്നത്. കെടിഎമ്മിന്റെ 1290 സൂപ്പർ ഡ്യൂക്ക് ആറിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ടുള്ള ഡിസൈനാണ്‌ ഡ്യൂക്ക് 125നുള്ളത്. കൂടുതൽ തീക്ഷ്ണത തോന്നിക്കുന്ന, അഗ്രസീവ് ആയ രൂപവും, സ്പോർട്ടിയായ ഷാസിയും, അത് എടുത്തുകാട്ടും വിധമുള്ള സീറ്റുമൊക്കെയാണ്‌ ഡ്യൂക്ക് 125നുള്ളത്. ബോൾട്ട്-ഓൺ രൂപശൈലിയിൽ ഉള്ള പുത്തൻ പിൻ സബ്-ഫ്രെയിമും, കൂടുതൽ വലുപ്പമേറിയ സ്റ്റീൽ ടാങ്കുമൊക്കെ ഡ്യൂക്ക് 125ന്റെ പ്രത്യേകതകളാണ്‌.

കൂടുതൽ ആധികാരികമായ ഒരു റൈഡിംഗ് പൊസിഷൻ ലഭിക്കുംവിധം 125 ഡ്യൂക്കിന്റെ എർഗണോമിക്സും മാറ്റിയിട്ടുണ്ട്. കൂടാതെ റൈഡർ, പാസഞ്ചർ സീറ്റുകളുടെ രൂപത്തിലും പുതുമകളുണ്ട്. രൂപമാറ്റം വരുത്തിയ ഫ്യുവൽ ടാങ്കിന്റെ ശേഷി ഇപ്പോൾ 13.5 ലിറ്ററായി മാറിയിട്ടുണ്ട്.

മുന്നിലും പിന്നിലും ഉള്ള പുത്തൻ WP സസ്പെൻഷൻ ഫോർക്കുകൾ 125 ഡ്യൂക്കിന്റെ ലോകോത്തര ഷാസിക്കും ബ്രേക്കിംഗ് ഘടകങ്ങൾക്കും ഏറെ ഇണങ്ങുന്നവയാണ്‌. എല്ലാത്തരം റൈഡർമാർക്കും എല്ലാത്തരം റോഡ് സാഹചര്യങ്ങളിലും സുഖയാത്ര സമ്മാനിക്കാൻ ഈ സസ്പെൻഷൻ സഹായിക്കുന്നു. മാത്രമല്ല, മറ്റു കെടിഎം വാഹനങ്ങളെ പോലെ കോർണറിങ്ങിലും 125 ഡ്യൂക്ക് റൈഡർക്ക് മികച്ച ആത്മവിശ്വാസമേകുമെന്നും കമ്പനി പറയുന്നു.

9250 ആർ പി എമ്മിൽ 14.5 പിഎസ് കരുത്തും 8000 ആർപിഎമ്മിൽ 12 ന്യൂട്ടൺ മീറ്റർ ടോർക്കും നല്‍കുന്ന 125ക്ക് ലിക്വിഡ് കൂൾഡ് ഫ്യുവൽ ഇൻജക്റ്റഡ് എൻജിനാണ്‌ 125 ഡ്യൂക്കിനുള്ളത്. ക്ഷണികമായ കരുത്തിന്റെയും പകരം വയ്ക്കാനാവാത്ത റിഫൈന്മെന്റിന്റെയും സമ്മേളനമാണ്‌ ഈ എൻജിൻ. സെറാമിക്ക് വൈറ്റ്, ഇലക്ട്രോണിക്ക് ഓറഞ്ച് എന്നീ നിറങ്ങളിൽ ബൈക്ക് ലഭ്യമാവും.

2018ൽ പുറത്തിറങ്ങിയ ആദ്യ തലമുറ 125 ഡ്യൂക്കിനു പകരക്കാരനായി ഷാസിയിൽ അടക്കം പുതുമകളുള്ള ഈ വാഹനത്തെ കൊണ്ടുവരുന്നത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ പെർഫോമൻസ് നല്‍കുക എന്ന തങ്ങളുടെ ഉത്തരവാദിത്തത്തെയാണ്‌ കാണിക്കുന്നതെന്ന് ബജാജ് ഓട്ടോ പ്രൊബൈക്കിംഗ് പ്രസിഡന്റ് സുമീത് നാരംഗ് അഭിപ്രായപ്പെട്ടു.

മുന്നൂറിലേറെ ലോക ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചതടക്കം മോട്ടോർസ്പോർട്സിൽ 66 വർഷത്തിലേറെ അനുഭവസമ്പത്തുള്ള കമ്പനിയാണ്‌ കെടിഎം. 2020ൽ നടന്ന മോട്ടോ ജിപിയിൽ 7 പോഡിയം ഫിനിഷുകളും 2 വിജയങ്ങളും ഇവർ നേടിയിരുന്നു.

2012ൽ ഇന്ത്യയിൽ എത്തിയ കെടിഎമ്മിന്‌ നിലവിൽ 365 നഗരങ്ങളിലായി 460ഓളം സ്റ്റോറുകളുണ്ട്. ഇക്കാലയളവിനുള്ളിൽ ഏതാണ്ട് 2.7 ലക്ഷം ഉപഭോക്താക്കളെയും കമ്പനി സമ്പാദിച്ചിട്ടുണ്ട്.