റിവേഴ്‍സ് പാര്‍ക്കിംഗ് അസിസ്റ്റ് (RPAS) സംവിധാനത്തോടെയാണ് പുതിയ സൂപ്പര്‍ ക്യാരി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ഏക ലഘു വാണിജ്യ വാഹനമാണ് സൂപ്പര്‍ കാരി. ബിഎസ് 6 മാനദണ്ഡങ്ങൾ പാലിച്ചെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ലൈറ്റ് കൊമേർഷ്യൽ വെഹിക്കിള്‍ കൂടിയാണിത്. ഇപ്പോഴിതാ സൂപ്പര്‍ ക്യാരി പരിഷ്‍കരിച്ച് അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. റിവേഴ്‍സ് പാര്‍ക്കിംഗ് അസിസ്റ്റ് (RPAS) സംവിധാനത്തോടെയാണ് പുതിയ സൂപ്പര്‍ ക്യാരി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മിനി ട്രക്കിന്റെ എല്ലാ വകഭേദങ്ങളിലും ഈ സുരക്ഷാ സവിശേഷത ഇപ്പോള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി വാഗ്ദാനം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ സംവിധാനം നൽകിയതോടെ സൂപ്പര്‍ ക്യാരിക്ക് 18,000 രൂപ വരെ വില വര്‍ദ്ധനവ് വന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2021 മോഡലിന് ഇപ്പോള്‍ 4.48 ലക്ഷം മുതല്‍ 5.46 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പുതിയ വിലകള്‍ ഏപ്രില്‍ 30 മുതല്‍ പ്രാബല്യത്തില്‍ വന്നതായും കമ്പനി അറിയിച്ചു.
ഈ ഫീച്ചര്‍ സൂപ്പര്‍ ക്യാരിയുടെ എല്ലാം വേരിയന്റുകള്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. അടുത്തിടെ ഈക്കോയുടെ കാര്‍ഗോ വേരിയന്റിനും കമ്പനി ഈ സവിശേഷത നല്‍കി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.
നിലവില്‍ മികച്ച വില്‍പ്പനയുള്ള സൂപ്പര്‍ ക്യാരി മിനി ട്രക്കിനെ 2016 -ലാണ് മാരുതി സുസുക്കി ആദ്യമായി പുറത്തിറക്കിയത്. 2017-ല്‍ കമ്പനി എല്‍സിവിയുടെ ലൈനപ്പില്‍ എസ്-സിഎന്‍ജി വേരിയന്റും ചേര്‍ത്തു. ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ആദ്യ വാണിജ്യവാഹനമാണ് സൂപ്പര്‍ കാരി മിനി ട്രക്ക്. രാജ്യത്തെ സബ്-വണ്‍ ടണ്‍ ലൈറ്റ് കൊമേര്‍ഷ്യല്‍ വാഹന ശ്രേണിയിലേക്ക് 2016 സെപ്റ്റംബറിലാണ് ഈ വാഹനത്തെ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. എണ്‍പതുകളില്‍ ജാപ്പനീസ് നിരത്തുകളിലുണ്ടായിരുന്ന വാണിജ്യ വാഹനമായ സുസുക്കി 'കാരി'യുടെ സ്‍മരണ നിലനിര്‍ത്തിയായിരുന്നു വാഹനത്തിന്റെ അവതരണം. മഹീന്ദ്ര മാക്‌സിമൊ, ഫോഴ്‌സ് ട്രംബ്, ടാറ്റ എയ്‌സ് തുടങ്ങിയവയെപ്പോലെ ചെറിയ രീതിയില്‍ ഭാരംവഹിക്കുന്ന വാഹനമാണ് സൂപ്പര്‍ കാരി.
രൂപവും ഏതാണ്ട് ഇവയോട് ചേര്‍ന്നുനില്‍ക്കും. എന്നാല്‍ എയ്‌സോ മാക്‌സിമോയോ പോലെ അത്ര ആകാര വടിവില്ല. 3800 എം.എം നീളവും 1562 എം.എം വീതിയുമുണ്ട്. 160 എം.എം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഉള്ളില്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ധാരാളം ഇടമുണ്ട്. രണ്ടുപേര്‍ക്ക് സുഖമായിരിക്കാം. കോ ഡ്രൈവര്‍ സീറ്റും വിശാലമാണ്. നിലവില്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി വകഭേദങ്ങളില്‍ രാജ്യത്തുടനീളം സൂപ്പര്‍ കാരി വിപണിയിലുണ്ട്.
മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് (ബി എസ് ആറ്) നിലവാരമുള്ള പെട്രോള്‍ സി എന്‍ ജി എന്‍ജിനോടെ ഈ മോഡല്‍ 2020 മെയ് മാസത്തിലാണ് വില്‍പ്പനയ്‌ക്കെത്തിയത്. എല്‍ സി വി വിഭാഗത്തില്‍ ബി എസ് ആറ് എന്‍ജിനോടെ വിപണിയിലെത്തുന്ന ആദ്യ മോഡലെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്ന 'ബി എസ് ആറ് സൂപ്പര്‍ കാരിയാണ്.
മാരുതി സുസുക്കി നിലവില്‍ 235 നഗരങ്ങളിലായി 320 വാണിജ്യ ഔട്ട്ലെറ്റുകളിലൂടെ സൂപ്പര്‍ ക്യാരി വില്‍ക്കുന്നു. എല്‍സിവി 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 15 ശതമാനവും നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനവും വിപണി വിഹിതം രേഖപ്പെടുത്തിയതായി കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു.
1.2 ലീറ്റര്‍, നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് സൂപ്പര്‍ കാരിക്കു കരുത്തേകുന്നത്. 6,000 ആര്‍ പി എമ്മില്‍ 65 പി എസ് വരെ കരുത്തും 3,000 ആര്‍ പി എമ്മില്‍ 85 എന്‍ എമ്മോളം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പൂട്ടി സൂക്ഷിക്കാവുന്ന ഗ്ലൗ ബോക്‌സ്, വലിപ്പമേറിയ ലോഡിങ് ഡെക്ക് എന്നിവയെല്ലാം സഹിതമാണ് പുതിയ സൂപ്പര്‍ കാരിയുടെ വരവ്.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ

