ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ സബ് ബ്രാൻഡായ ജെനസിസിന്‍റെ GV80 എസ്‍യുവി ആണ് ദുബായി പൊലീസ് സേനയിലെ പുതിയ താരം

പലപ്പോഴും ലോകമെമ്പാടുമുള്ള വാഹന പ്രേമികളില്‍ കൌതുകം ഉണര്‍ത്തുന്ന ഒന്നായിരിക്കും ദുബായ്‌ പൊലീസിന്‍റെ വാഹന നിര. ബുഗാട്ടി, ലംബോര്‍ഗിനി, ഫെറാരി, മസേരാറ്റി തുടങ്ങിയ നിരവധി ആഡംബര വാഹനങ്ങളാണ് ദുബായി പൊലീസിനെ സമ്പന്നമാക്കുന്നത്. ഈ നിരയിലേക്ക് പുതിയ ഒരു ആഡംബര എസ്‍യുവി കൂടി എത്തിയിരിക്കുകയാണ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ സബ് ബ്രാൻഡായ ജെനസിസിന്‍റെ GV80 എസ്‍യുവി ആണ് ദുബായി പൊലീസ് സേനയിലെ പുതിയ താരം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ GV80 എസ്‌യുവിയെ ഈ വർഷം ആദ്യമാണ് ജെനസിസ് അവതരിപ്പിക്കുന്നത്. ഹ്യുണ്ടായി വിദേശ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള പാലിസേഡ് എന്ന വാഹനത്തിന്റെ പ്ലാറ്റ്‌ഫോമാണ് GV80-നും അടിസ്ഥാനമൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 300 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലും 375 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 3.5 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനിലുമാണ് ജെനിസിസ് GV80 എസ്.യു.വിയുടെ ഹൃദയങ്ങള്‍. 

ബുഗാട്ടി വെയ്‌റോണ്‍, ലംബോര്‍ഗിനി അവന്റഡോര്‍, പോര്‍ഷെ 918 സ്‌പൈഡര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, മക്‌ലാരന്‍ MP4-12C, ഫെരാരി FF, ഔഡി ആര്‍8, ഫോര്‍ഡ് മസ്താങ്ങ്, ബി.എം.ഡബ്ല്യു ഐ8, മെഴ്‌സിഡസ് ബെന്‍സ് SLS AMG തുടങ്ങി അത്യാധുനിക സൂപ്പര്‍ കാറുകളുടെ വന്‍ ശേഖരമാണ് ദുബായ്‌ പോലീസിനുള്ളത്. 

ദുബായി പൊലീസ് സേനയിലെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പവറാണ് പുതിയ ജനസിസ് GV80 എസ്‍യുവി ഉത്പാദിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ മികച്ച പ്രകടനവും സുരക്ഷയും ആഡംബരവും ഉറപ്പാക്കുന്നതിനാലാണ് ഈ വാഹനത്തിന് ദുബായ്‌ പൊലീസ് സേനയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona