ജര്‍മ്മന്‍ ഹൈ പെര്‍ഫോമെന്‍സ് സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ പുതിയ 2021 പനാമേര മോഡലിനെ ഹൈബ്രിഡ് എഞ്ചിനുമായി വിപണിയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 26 ന് വാഹനം അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറിന്റെ ടീസര്‍ കമ്പനി പുറത്തിറക്കി.

മുമ്പ് പരീക്ഷണയോട്ടം നടത്തിയ പ്രോട്ടോടൈപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മോഡലിന്റെ രൂപത്തിന് മാറ്റമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെഡ്ലൈറ്റുകളോടും ഡിആര്‍എല്ലുകളോടും കൂടിയ പുതിയ പനാമേരയുടെ രൂപഘടനയാണ് ടീസറില്‍ വ്യക്തമാകുന്നത്. വെറും 7 മിനിറ്റ് 29 സെക്കന്‍ഡില്‍ ജര്‍മന്‍ ട്രാക്കിന്റെ 20,832 കിലോമീറ്റര്‍ മറികടക്കാന്‍ പോര്‍ഷ പനാമേര ഹൈബ്രിഡിനു കഴിഞ്ഞു.

535 ബിഎച്ച്പി കരുത്തും 770 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പോര്‍ഷെ പനാമേര ടര്‍ബോ ഹൈബ്രിഡ് പതിപ്പിന് ശേഷിയുണ്ടാകും എന്നാണ് സൂചന. പനാമേര ടര്‍ബോ എസ് 4.0 ലിറ്റര്‍, ഇരട്ട-ടര്‍ബോ വി8 ആവര്‍ത്തനം 616 ബിഎച്ച്പി പവറും 832 എന്‍എം ടോര്‍ക്കും നല്‍കും. വാഹനത്തിന്റെ കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.