വാഹനം ചില ഡീലര്‍ഷിപ്പുകളില്‍ എത്തിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ജനപ്രിയ മോഡല്‍ ക്ലാസിക് 350ന്‍റെ 2021 പതിപ്പ് വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. വാഹനം ചില ഡീലര്‍ഷിപ്പുകളില്‍ എത്തിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുത്തന്‍ ബൈക്കിന്‍റെ ചില ചിത്രങ്ങള്‍ ഒരു യൂട്യൂബ് ചാനല്‍ പുറത്തുവിടുകയും ചെയ്‍തു. പുതുതലമുറ ക്ലാസിക് 350 ഒരുങ്ങുക, മീറ്റിയോർ 350 പതിപ്പിനായി ഉപയോഗിച്ച പുതിയ ജെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡബിൾ ക്രാഡിൾ ചാസിയെ അടിസ്ഥാനാക്കി ഒരുങ്ങുന്ന പുത്തൻ ക്ലാസിക്കിന് 349 സിസി, എയർ / ഓയിൽ-കൂൾഡ് എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ഇത് പരമാവധി 20.2 bhp കരുത്തിൽ 27 Nm ടോർക്കും ഉത്പാദിപ്പിച്ചേക്കും. ക്ലാസിക് ബ്ലാക്ക്, ക്രോം ബ്ലാക്ക്, സ്റ്റെല്‍ത്ത് ബ്ലാക്ക്, സ്റ്റോംറൈഡര്‍ സാന്‍ഡ്, എയര്‍ബോണ്‍ ബ്ലൂ, ഗണ്‍മെറ്റല്‍ ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ റോയൽ എൻഫീൽഡ് ക്ലാസിക് 350 തെരഞ്ഞെടുക്കാൻ സാധിക്കും.

2020ന്‍റെ തുടക്കത്തിലാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ ബിഎസ്6 പതിപ്പ് വിപണിയില്‍ എത്തിച്ചത്. പരിഷ്‍കരിച്ച എൻജിനൊപ്പം അലോയ് വീലുകൾ, ട്യൂബ്ലെസ്സ് ടയറുകൾ, പുതിയ നിറങ്ങൾ എന്നിവയുമായെത്തിയ ആണ് 2020 ക്ലാസിക് 350 എത്തിയത്. ഇതിന്റെ പുതിയ പതിപ്പാണ് 2021 ക്ലാസിക് 350. 1.80 ലക്ഷത്തിനടുത്താണ് 2021 റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഗൂഗിളിന്റെ സഹകരണത്തിൽ തയ്യാറാക്കിയിരിക്കുന്ന ടേൺ-ബൈ-ടേൺ നാവിഗേഷൻ ആയ ട്രിപ്പർ നാവിഗേഷൻ 2021 ക്ലാസിക് 350-യിലുമെത്തും. മീറ്റിയോറിലും 2021 ഹിമാലയനിലുമുണ്ട്. ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ വലതുവശത്തായാണ് ട്രിപ്പർ നാവിഗേഷന്റെ ഡിസ്പ്ലേ ഉള്ളത്.

തുടക്കം മുതൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളാണ് ക്ലാസിക് 350. വരാനിരിക്കുന്ന പുതുതലമുറ മോഡലിൽ നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona