ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ ജനപ്രിയ എക്‌സിക്യൂട്ടീവ് സെഡാൻ ഒക്‌ടാവിയയുടെ നാലാം തലമുറ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്റ്റൈൽ, ലോറിൻ ആന്റ് ക്ലമന്റ് എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന കാറിന്റെ എക്സ്ഷോറും വില 25.99 ലക്ഷം രൂപയും 28.99 ലക്ഷം രൂപയുമാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാലാം തലമുറ ഒക്ടാവിയയ്ക്ക് അടിസ്ഥാനമൊരുക്കുന്നത് സ്‌കോഡയുടെ MQB EVO പ്ലാറ്റ്‌ഫോമാണ്. രണ്ടു വകഭേദങ്ങളിൽ അഞ്ചു നിറങ്ങളിലായാണ് പുതിയ വാഹനം വിപണിയിലെത്തിയത്.  മുന്‍ മോഡലിനെ അപേക്ഷിച്ച് ഉയര്‍ന്ന വീല്‍ബേസാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രധാന പ്രത്യേകത. ഒക്ടാവിയിൽ കാര്യമായ അഴിച്ചുപണി നടത്തിയിട്ടുണ്ട്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ്, ഫോഗ്‌ലാമ്പ്, ഗ്രില്ലിന് ചുറ്റിലുമുള്ള ക്രോമിയം ബോര്‍ഡര്‍ എന്നിവ പുതുമയാണ്. സ്പോർട്ടി ലുക്കുള്ള മനോഹരമായ ബട്ടർഫ്ലൈ ഗ്ലിൽ, എൽഇഡി ഹെഡ്‌ലാംപുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, സ്റ്റൈലിഷ് പിൻ എൽഇഡി ലൈറ്റുകൾ എന്നിവ പുതിയ മോഡലിലുണ്ട്. 

വശങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് പുതിയ ഡിസൈനിലുള്ള അലോയി വീലുകളാണ്. പ്രീമിയം ഭാവമാണ് പിന്‍വശത്തിനുള്ളത്. എല്‍ഇഡി ടെയ്ല്‍ലാമ്പും സ്‌കോഡ ബാഡ്‍ജിംഗും പുതിയ ലുക്ക് നൽകുന്നു. ഉൾഭാഗത്തും മാറ്റങ്ങൾ നിരവധിയുണ്ട്.  ടൂ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, 10 ഇഞ്ച് വലിപ്പമുളള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ അകത്തളത്ത് ഒരുങ്ങുന്നു. ഷിഫ്റ്റ് ബൈ വയർ ടെക്നോളജി ഉപയോഗിക്കുന്ന പുതിയ ഒക്ടാവിയയിൽ ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മമ്മറിയുടെ ഇലക്ട്രിക്കലി അഡ്ജെസ്റ്റബിൾ‌ മുൻ സീറ്റുകൾ എന്നിവയുണ്ട്. ബീജിന്റേയും ബ്ലാക്കിന്റേയും കോംമ്പിനേഷനാണ് ഉൾഭാഗത്ത്. 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഐഎംഡി ഡിസ്പ്ലെയുമുണ്ട്. 

പുത്തന്‍ സ്കോഡ ഒക്‌ടേവിയ പെട്രോൾ എൻജിനിൽ മാത്രമേ ലഭിക്കൂ. 190 എച്ച്‍പി കരുത്തും 320 എൻ‌എം പീക്ക് ടോർക്കുമാണ് പുതിയ 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിന് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതുവരെ വിപണിയിലുണ്ടായിരുന്ന 2.0 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിനെക്കാൾ (140 പിഎസ്) കരുത്ത് കൂടിയതാണ് പുതിയ പെട്രോൾ എൻജിൻ. 7 സ്പീഡ് ഡി‌എസ്‌ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് മാത്രമാണ് ഗിയർബോക്‌സ് ഓപ്ഷൻ. ലാവ ബ്ലൂ, മാജിക് ബ്ലാക്ക്, കാൻഡി വൈറ്റ്, ബ്രില്യന്റ് സിൽവർ, മേപ്പിൾ ബ്രൗൺ എന്നിങ്ങനെ 5 നിറങ്ങളിൽ 2021 സ്കോഡ ഒക്‌ടേവിയ വാങ്ങാം. 

സ്‍കോഡ ഇതുവരെ നിര്‍മിച്ചത് എഴുപത് ലക്ഷം യൂണിറ്റ് ഒക്ടാവിയകള്‍ ആണെന്ന കണക്കുകളും അടുത്തിടെ പുറത്തുവന്നിരുന്നു. 70 ലക്ഷമെന്ന എണ്ണം തികച്ച ഒക്ടാവിയയെ സ്‌കോഡയുടെ  മ്ലാഡ ബോലെസ്ലാവ് പ്ലാന്റില്‍നിന്നും 2020 ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്.  1959 മുതല്‍ 1971 വരെയാണ് സ്‌കോഡ ഒക്ടാവിയ ആദ്യം നിര്‍മിച്ചിരുന്നത്. പിന്നീട് ആധുനിക കാലത്തെ ആദ്യ തലമുറ സ്‌കോഡ ഒക്ടാവിയ 1996 ല്‍ വിപണിയിലെത്തി. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനുകീഴില്‍ വികസിപ്പിച്ച ആദ്യ സ്‌കോഡ ആയിരുന്നു ഒക്ടാവിയ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona