Asianet News MalayalamAsianet News Malayalam

സുസുക്കി ഇന്ത്യയുടെ വെബ്സൈറ്റിൽ പുത്തൻ ഹയാബൂസ

2021 ഹയാബൂസയെ സുസുക്കി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടുത്തി

2021 Suzuki Hayabusa Listed On Suzuki India Website
Author
Mumbai, First Published Apr 10, 2021, 1:08 PM IST

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി 2021 ഫെബ്രുവരിയിലാണ് സൂപ്പര്‍ ബൈക്കായ ഹയബൂസയുടെ അടിമുടി പരിഷ്ക്കരിച്ച മൂന്നാം തലമുറയെ അവതരിപ്പിച്ചത്. ഈ ബൈക്കിനെ ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ 2021 ഹയാബൂസയെ സുസുക്കി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടുത്തിയതായിട്ടാണ് റിപ്പോർട്ടുകള്‍. ഹയബൂസയുടെ അവതരണം ഉടന്‍ ഉണ്ടാകുമെന്നും ബൈക്കിനെ സുസുക്കി ഇന്ത്യ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയതായും കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുത്തൻ ഹയാബൂസയ്ക്കും 1,340 സിസി, ലിക്വിഡ്-കൂൾഡ്, ഡി‌എ‌എച്ച്‌സി, 16-വാൽവ്, ഇൻ-ലൈൻ 4 സിലിണ്ടർ എൻജിൻ തന്നെയാണ് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.  9,700 ആർപിഎമ്മിൽ 187 ബിഎച്ച്പി കരുത്തും 7,000 ആർപിഎമ്മിൽ 150 എൻഎം ടോർക്കുമാണ് പുത്തൻ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഇപ്പോഴും ഉയർന്ന വേഗത മണിക്കൂറിൽ 299 കിലോമീറ്റർ തന്നെയാണ്. പുത്തൻ പതിപ്പിന്റെ ഭാരം 2 കിലോഗ്രാം ഭാരം കുറഞ്ഞ് 264 കിലോഗ്രാം ആണ്.

ഷാർപ്പ് ആയ ബോഡി പാനലുകൾ, കൂടുതൽ ഇലക്ട്രോണിക്സ് പാക്കേജുകൾ, മികച്ച ബൈക്ക് ഘടകങ്ങൾ എന്നിവ സഹിതം കിടിലൻ ലുക്കിലായിരിക്കും ബൈക്ക് എത്തുക. മികച്ച പവർ ഡെലിവറിക്കായി ഓരോ ഘടകങ്ങളും പുതുക്കിയിട്ടുണ്ട്. 

2021 സുസുക്കി ഹയാബൂസയുടെ ആകർഷണം ഇലക്ട്രോണിക് സ്യൂട്ടാണ്. ഇതിൽ പ്രധാനം ബോഷിൽ നിന്നുള്ള 6-ആക്സിസ് ഇനേർഷ്യൽ യൂണിറ്റ് (IMU) ആണ്. ആന്റി-ലിഫ്റ്റ് കൺട്രോൾ സിസ്റ്റം, പവർ മോഡ് സെലക്ടർ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ സിസ്റ്റം, മോഷൻ ട്രാക്ക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം എന്നിവയുള്ള സുസുക്കി ഡ്രൈവ് മോഡ് സെലക്ടർ ആൽഫ (എസ്ഡിഎംഎസ്-എ) ഇലക്ട്രോണിക്സ് പാക്കേജും പുത്തൻ പതിപ്പിൽ ഉണ്ട്. ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിന് 10 ലെവൽ ഇന്റെർവെൻഷനും 3-മോഡ് പവർ മോഡ് സെലക്ടറും ഉണ്ട്. 

എന്നാൽ, ജാപ്പനീസ് കമ്പനി സൂപ്പർ ബൈക്കിന്റെ കൃത്യമായ അവതരണ തീയതി പുറത്തുവിട്ടിട്ടില്ല. പുതിയ ഹയാബൂസ സുസുക്കി ഇന്ത്യയുടെ വെബ്‌സൈറ്റിലെ ബിഗ് ബൈക്കുകൾ വിഭാഗത്തിൽ കാണാം. വി-സ്ട്രോം 650 XT മോഡലിന് തൊട്ടടുത്തായി ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്.

പുതിയ ഹയബൂസയുടെ വിശദാംശങ്ങളൊന്നും വെബ്‌സൈറ്റിൽ അപ്‌ലോഡുചെയ്‌തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.  17 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ് പുത്തന്‍ ഹയാബൂസയുടെ ഇന്ത്യയിലെ പ്രതീക്ഷിക്കുന്ന വില. 
 

Follow Us:
Download App:
  • android
  • ios