വില്‍പ്പന ആരംഭിച്ച് രണ്ടു ദിവസങ്ങള്‍ക്കകം ഈ ബൈക്കിന്‍റെ എല്ലാ യൂണിറ്റും വിറ്റുപോയി
ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ 2021 മോഡല്‍ ഹയബൂസ ഈ ഏപ്രില്‍ 26നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 16.4 ലക്ഷം രൂപയാണ് പുത്തന്‍ ഹയാബൂസയുടെ ദില്ലി എക്സ് ഷോറൂം വില. ഇപ്പോഴിതാ ബൈക്കിന്‍റെ ആദ്യ ബാച്ച് ഇന്ത്യയില്‍ വിറ്റുതീര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വില്‍പ്പന ആരംഭിച്ച് രണ്ടു ദിവസങ്ങള്‍ക്കകം ബൈക്കിന്‍റെ എല്ലാ യൂണിറ്റുകളും വിറ്റുപോയതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ബാച്ചില്‍ 101 ബൈക്കുകളാണ് ഉണ്ടായിരുന്നത്. ഇതോടെ ബുക്കിംഗ് നിര്‍ത്തിവെച്ചു. രണ്ടാം ബാച്ചിന്റെ ബുക്കിംഗ് സ്വീകരിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും.
ഷാർപ്പ് ആയ ബോഡി പാനലുകൾ, കൂടുതൽ ഇലക്ട്രോണിക്സ് പാക്കേജുകൾ, മികച്ച ബൈക്ക് ഘടകങ്ങൾ എന്നിവ സഹിതം കിടിലൻ ലുക്കിലാണ് പുതിയ ബൈക്കിന്‍റെ വരവ്. നിലവിലെ മോഡല്‍ ഉപയോഗിച്ചിരുന്ന 1,340 സിസി, 4 സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഹൃദയം. എന്നാല്‍ ഈ എഞ്ചിന്‍ പരിഷ്‌കരിച്ചു. ഭാരം കുറഞ്ഞ പിസ്റ്റണുകള്‍, പുതിയ കണക്റ്റിംഗ് റോഡുകള്‍, പുതിയ ഫ്യൂവല്‍ ഇന്‍ജെക്റ്ററുകള്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് വരുത്തിയത്. എന്‍ജിന്‍ പരിഷ്‌കരിച്ചതോടെ കരുത്തും ടോര്‍ക്കും കുറഞ്ഞു. ഇപ്പോള്‍ 190 എച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. നേരത്തെ 197 എച്ച്പി പുറപ്പെടുവിച്ചിരുന്നു. ടോര്‍ക്കും അല്‍പ്പം കുറഞ്ഞു. എന്‍ജിന്‍ പരിഷ്‌കരിച്ചപ്പോഴും ടോര്‍ക്ക് ഡെലിവറി മുമ്പത്തേക്കാള്‍ ശക്തമാണെന്ന് സുസുക്കി അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ, എക്കാലത്തെയും ഏറ്റവും വേഗമേറിയ ഹയബൂസയാണ് ഇപ്പോള്‍ വരുന്നത്.
2021 സുസുക്കി ഹയാബൂസയുടെ മുഖ്യ ആകർഷണം ഇലക്ട്രോണിക് സ്യൂട്ടാണ്. ഇതിൽ പ്രധാനം ബോഷിൽ നിന്നുള്ള 6-ആക്സിസ് ഇനേർഷ്യൽ യൂണിറ്റ് (IMU) ആണ്. ആന്റി-ലിഫ്റ്റ് കൺട്രോൾ സിസ്റ്റം, പവർ മോഡ് സെലക്ടർ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ സിസ്റ്റം, മോഷൻ ട്രാക്ക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം എന്നിവയുള്ള സുസുക്കി ഡ്രൈവ് മോഡ് സെലക്ടർ ആൽഫ (എസ്ഡിഎംഎസ്-എ) ഇലക്ട്രോണിക്സ് പാക്കേജും പുത്തൻ പതിപ്പിൽ ഉണ്ട്. ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിന് 10 ലെവൽ ഇന്റെർവെൻഷനും 3-മോഡ് പവർ മോഡ് സെലക്ടറും ഉണ്ട്.
ട്വിന്‍ സ്പാര്‍ അലുമിനിയം ഫ്രെയിം തുടരുന്നു. മുന്‍ഗാമിയുടേതിന് സമാനമായ വീല്‍ബേസ് (1,480 എംഎം) ലഭിച്ചു. കര്‍ബ് വെയ്റ്റ് രണ്ട് കിലോഗ്രാം കുറഞ്ഞു. ഇപ്പോള്‍ 264 കിലോഗ്രാം. ഭാരം കുറഞ്ഞ എക്‌സോസ്റ്റ് സിസ്റ്റം ഉപയോഗിച്ചതാണ് കാരണം. ആന്തരികമായ മാറ്റങ്ങളോടെ ഷോവ ഫോര്‍ക്കുകളാണ് പുതിയ ബൂസ ഉപയോഗിക്കുന്നത്. ബ്രേക്കിംഗ് വിഭാഗത്തിലാണ് ഏറ്റവും വലുതും അത്യാവശ്യവുമായിരുന്ന പരിഷ്‌കാരം നടന്നത്. ബ്രെംബോയുടെ സ്‌റ്റൈല്‍മാ കാലിപ്പറുകളാണ് ഇപ്പോള്‍ മുന്നില്‍ ഉപയോഗിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
