ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ പരിഷ്ക്കരിച്ച 2021 മോഡൽ R3 വിപണിയില്‍ അവതരിപ്പിച്ചു. ജാപ്പനീസ് വിപണിയിലാണ് വാഹനത്തിന്‍റെ അവതരണം എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ജനുവരി 15 മുതൽ മോട്ടോർസൈക്കിൾ വിൽപ്പനയ്‌ക്കെത്തും.

പുതുക്കിയ മോഡലിന് പുതിയ കളർ ഓപ്ഷനുകൾ ലഭിച്ചേക്കും.2021 യമഹ R3 പതിപ്പിന് 687,500 ജാപ്പനീസ് യെന്നാണ് (ഏകദേശം 4.89 ലക്ഷം രൂപ) വില. ബൈക്കിനെ ആകർഷകമാക്കാൻ സിയാൻ കളർ ഓപ്ഷൻ കമ്പനി സമ്മാനിച്ചിട്ടുണ്ട്. മോട്ടോർസൈക്കിളിന്റെ ബോഡി വർക്കിന്റെ വലിയൊരു ശതമാനം സിയാൻ നിറത്തിലാണ്. ചുവന്ന അലോയ് വീലുകൾ ആണ് മറ്റൊരു പ്രത്യേകത.

അപ്‌ഡേറ്റ് ചെയ്ത മാറ്റ് ബ്ലാക്ക് ഷേഡിലും 2021 യമഹ R3 ലഭ്യമാണെന്നാണ് റിപ്പോർട്ട്. കളർ ഓപ്ഷനിൽ ഡീപ് പർപ്പിളിഷ് ബ്ലൂ മെറ്റാലിക് ഓപ്ഷനുമുണ്ട്. 320 സിസി പാരലൽ-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാണ് മോട്ടോർസൈക്കിളിന്റെ കരുത്ത്. R3-യിൽ 4 വാൽവുകൾക്കൊപ്പം ഒരു DOHC സംവിധാനമാണ്. 10,750 rpm-ൽ‌ പരമാവധി 42 bhp പവറും 9,000 rpm-ൽ‌ 29 Nm ടോർക്കും ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ളതാണ് എൻജിൻ. ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍.  പ്രതിവർഷം പുതിയ R3 മോഡലിന്റെ 3700 യൂണിറ്റുകൾ വിൽക്കാനാണ് യമഹ ഇപ്പോൾ ലക്ഷ്യമിടുന്നതെനാണ് റിപ്പോർട്ടുകള്‍.