കമ്പനിയുടെ ഏറ്റവും പുതിയ മിഡില്‍വെയ്റ്റ് സ്‌പോര്‍ട്ട്‌ബൈക്കാണ് വൈസെഡ്എഫ് ആര്‍ 7...
പുതിയ വൈസെഡ്എഫ് ആര്‍7 ബൈക്ക് ആഗോളതലത്തില്‍ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ. പുതിയ വൈസെഡ്എഫ് ആര്‍7 യമഹ എംടി 07 മോട്ടോര്‍സൈക്കിളിന്റെ അതേ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനിയുടെ ഏറ്റവും പുതിയ മിഡില്‍വെയ്റ്റ് സ്‌പോര്‍ട്ട്‌ബൈക്കാണ് വൈസെഡ്എഫ് ആര്‍7. ഫുള്‍ ഫെയേര്‍ഡ് ഡിസൈന്‍, മികച്ച ബോഡിവര്‍ക്ക് എന്നിവ പുതിയ ആര്‍7 മോട്ടോര്‍സൈക്കിളിന്റെ പ്രത്യേകതകളാണ്. യമഹ വൈസെഡ്എഫ് ആര്‍1 സമാനമാണെങ്കിലും വ്യത്യസ്‌തമായ നിരവധി ഡിസൈന്‍ ഘടകങ്ങള്‍ വൈസെഡ്എഫ് ആര്‍7 മോട്ടോര്‍സൈക്കിളില്‍ നല്‍കി.
ഐതിഹാസികമായ യമഹ യമഹ എംടി 07 ഉപയോഗിക്കുന്ന അതേ 689 സിസി, പാരലല്‍ ട്വിന്‍ എന്‍ജിനാണ് പുതിയ വൈസെഡ്എഫ് ആര്‍7 ലും. ഈ എൻജിൻ 8,750 ആര്‍പിഎമ്മില്‍ 72 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 67 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.
മുന്നില്‍ പുതുതായി പൂര്‍ണമായും ക്രമീകരിക്കാവുന്ന 41 എംഎം കെവൈബി യുഎസ്ഡി ഫോര്‍ക്കുകളും പിറകില്‍ ലിങ്ക് ടൈപ്പ് മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. ബ്രേക്കിംഗ് കൈകാര്യം ചെയ്യാൻ മുന്നില്‍ റേഡിയലായി സ്ഥാപിച്ച കാലിപറുകള്‍ സഹിതം 298 എംഎം ഡിസ്‌ക്കുകളും പിന്നില്‍ 245 എംഎം സിംഗിള്‍ ഡിസ്‌ക്കും ഉണ്ട്.
സിംഗിള്‍ പോഡ് എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റ് ഇതിൽ ഉള്‍പ്പെടുന്നു. യമഹ ആര്‍ ടൈപ്പ് ഇരട്ട ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, വശത്തെ ഫെയറിംഗില്‍ വലിയ ഇന്‍ടേക്കുകള്‍ എന്നിവയും പ്രത്യേകതളാണ്. പിറകിലേക്കായി സ്ഥാപിച്ച ഫൂട്ട്‌പെഗുകള്‍, എര്‍ഗണോമിക്‌സ് വകുപ്പില്‍ ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, സ്‌പോര്‍ട്ടി റൈഡിംഗ് പൊസിഷന്‍ എന്നിവയും നൽകിയിട്ടുണ്ട്. യമഹ നിരയില്‍ വൈസെഡ്എഫ് ആര്‍3, വൈസെഡ്എഫ് ആര്‍1 ബൈക്കുകള്‍ക്ക് ഇടയിലാണ് പുതിയ മോട്ടോര്‍സൈക്കിളിന് സ്ഥാനം. വൈസെഡ്എഫ് ആര്‍7 മോട്ടോര്‍സൈക്കിളിന്റെ പേരാണ് പുതിയ മോഡലിന് നല്‍കിയത്.
