Asianet News MalayalamAsianet News Malayalam

കൊവിഡ് മൂന്നാംതരംഗ ഭീതി; ദില്ലി ഓട്ടോ എക്‌സ്‌പോ നീട്ടി

കൊവിഡ് മൂന്നാതംരഗ ഭീതിയെ തുടര്‍ന്ന് 2022ലെ ദില്ലി ഓട്ടോ എക്സ്‍പോ നീട്ടി

2022 Delhi auto expo postponed due to shadow of COVID 19 3rd wave
Author
Delhi, First Published Aug 2, 2021, 4:11 PM IST

രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേളയായ ദില്ലി ഓട്ടോ എക്‌സ്‌പോ നീട്ടി വച്ചു. കൊവിഡ് മൂന്നാതംരഗ ഭീതിയെ തുടര്‍ന്ന് 2022ല്‍ നടക്കേണ്ട 16-ാമത് ദില്ലി ഓട്ടോ എക്സ്‍പോ നീട്ടിയതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം) അറിയിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഓട്ടോ എക്‌സ്‌പോ നീട്ടിവയ്ക്കാന്‍ സിയാം തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2022 ഫെബ്രുവരി രണ്ട് മുതല്‍ ഒമ്പത് വരെയുള്ള തീയതികളില്‍ ഗ്രേറ്റര്‍ നോയിഡയില്‍ വെച്ച് ഓട്ടോ എക്‌സ്‌പോ നടത്താനായിരുന്നു തീരുമാനം. ഇതാണ് മാറ്റുന്നത്. നിരവധി വാഹന നിര്‍മാതാക്കളും മറ്റ് സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന വാഹന മേഖലയിലെ ഏറ്റവും വലിയ ബിസിനസ് കൂട്ടായ്‍മയാണ് ഓട്ടോ എക്‌സ്‌പോ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടി പരിഗണിച്ചാണ് സിയാം ഈ സുപ്രധാന തീരുമാനം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം തരംഗത്തെ കുറിച്ച് ഇന്ത്യയിലെ വാഹന നിര്‍മാതാക്കളും സിയാമും ഒരു പോലെ ആശങ്കാകുലരാണ്. അതുകൊണ്ട് തന്നെ ഓട്ടോ എക്‌സ്‌പോ പോലുള്ള പരിപാടി സംഘടിപ്പിക്കുന്നതില്‍ വലിയ അപകട സാധ്യതയാണുള്ളതെന്നും സാമൂഹിക അകലം പോലുള്ള സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലുമുള്ള പരിമിതികള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും സിയാം അറിയിച്ചു. അതേസമയം നിലവിലെ സാഹചര്യത്തില്‍ മറ്റൊരു തീയതി പ്രഖ്യാപിക്കാനും സാധിക്കാത്ത നിലയിലാണ്. അതുകൊണ്ടു തന്നെ മേള നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമാണ്. 

2020 ഫെബ്രുവരിയിലാണ് 15-മാത് ദില്ലി ഓട്ടോ എക്‌സ്‌പോ നടന്നത്. ആ മേളയ്ക്ക് മുമ്പ് തന്നെ ചൈനയില്‍ ഉള്‍പ്പെെടെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. അതുകൊണ്ടു തന്നെ ഈ മേള മാറ്റിവയ്ക്കുമെന്നും അന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ആ സമയം കോവിഡ് പോസിറ്റീവ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ലാതിരുന്നതിനാല്‍ ഒടുവില്‍ പ്രദര്‍ശനം നടത്തുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios