ടെസ്‌ലയുടെ 'ഫുൾ സെൽഫ്-ഡ്രൈവിംഗ്' (FSD) സാങ്കേതികവിദ്യയെക്കുറിച്ച് യുഎസ് ഏജൻസിയായ NHTSA പുതിയ അന്വേഷണം ആരംഭിച്ചു. 

മേരിക്കൻ ഇലക്ട്രിക് വാഹന ഭീമനായ ടെസ്‌ലയുടെ സെൽഫ്-ഡ്രൈവിംഗ് കാറുകൾ വീണ്ടും വിവാദത്തിൽ അകപ്പെട്ടിരിക്കുന്നു. കമ്പനിയുടെ 'ഫുൾ സെൽഫ്-ഡ്രൈവിംഗ് (FSD)' സാങ്കേതികവിദ്യയെക്കുറിച്ച് യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‍മിനിസ്ട്രേഷൻ (NHTSA) ഒരു പുതിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെൽഫ് ഡ്രൈവിംഗ് മോഡിലുള്ള ടെസ്‌ല കാറുകൾ ചുവപ്പ് ലൈറ്റ് ലംഘിക്കുകയോ റോഡിന്റെ തെറ്റായ വശത്തേക്ക് ഓടിക്കുകയോ ചിലപ്പോൾ മറ്റ് വാഹനങ്ങളിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയോ ചെയ്യുന്നതായുള്ള പരാതികളെ തുടർന്നാണ് ഏറ്റവും പുതിയ അന്വേഷണം. ഈ ഫീച്ചർ അപകടങ്ങൾക്കും തീപിടുത്തങ്ങൾക്കും കാരണമായ 58 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കൂടാതെ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഏകദേശം 29 ലക്ഷം ടെസ്‌ല വാഹനങ്ങളിൽ അന്വേഷണം നടത്തുമെന്നും നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‍മിനിസ്ട്രേഷൻ വ്യക്തമാക്കി.

നിരവധി അപകടങ്ങൾ

അപകടത്തിന് മുമ്പ് കാർ ഒരു മുന്നറിയിപ്പും നൽകിയില്ലെന്നും പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും നിരവധി ഡ്രൈവർമാർ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. കവലകളിലോ റെയിൽവേ ക്രോസിംഗുകളിലോ ഇത്തരം തകരാറുകൾ പലപ്പോഴും സംഭവിക്കാറുണ്ടെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‍മിനിസ്ട്രേഷൻ പറയുന്നു. വരുന്ന വാഹനങ്ങൾക്ക് സമീപമോ റെയിൽവേ ട്രാക്കുകൾക്ക് സമീപമോ കാറുകൾ ക്രമരഹിതമായ പെരുമാറ്റം കാണിക്കുന്ന എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് ഏജൻസി അറിയിച്ചു. എഫ്‌എസ്‌ഡി സോഫ്റ്റ്‌വെയർ ഘടിപ്പിച്ച ടെസ്‌ല കാറുകൾ റെയിൽവേ ട്രാക്കുകളിൽ നിർത്തുന്നില്ലെന്ന് എൻ‌ബി‌സി ന്യൂസ് റിപ്പോർട്ട് വെളിപ്പെടുത്തി. ചുവന്ന ലൈറ്റുകളും അടച്ച ഗേറ്റുകളും ഉണ്ടായിരുന്നിട്ടും അവ ചിലപ്പോൾ നീങ്ങിക്കൊണ്ടിരിക്കും. ഈ വർഷം ആദ്യം ടെസ്‌ലയുടെ 'സമ്മൺ' ഫീച്ചറിനെക്കുറിച്ച് എൻ‌എച്ച്‌ടി‌എസ്‌എ അന്വേഷണം ആരംഭിച്ചിരുന്നു. പാർക്കിംഗ് സ്ഥലങ്ങളിലെ നിരവധി അപകടങ്ങൾക്ക് ഈ ഫീച്ചർ കാരണമായി എന്നാണ് റിപ്പോർട്ടുകൾ.

കമ്പനി നഷ്‍ടപരിഹാരം നൽകേണ്ടി വന്നു

ഓഗസ്റ്റിൽ, ടെസ്‌ല അപകടങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണം കണ്ടെത്താൻ ഏജൻസി മറ്റൊരു അന്വേഷണം ആരംഭിച്ചിരുന്നു. ഈ ഓഗസ്റ്റിൽത്തന്നെ 2019 ലെ ഒരു അപകടത്തിന് 240 മില്യൺ ഡോളർ (ഏകദേശം 2,000 കോടി രൂപ) നഷ്‍ടപരിഹാരം നൽകാൻ ഫ്ലോറിഡ കോടതി കമ്പനിയോട് ഉത്തരവിട്ടിട്ടുമുണ്ട്. ടെസ്‌ലയുടെ എഫ്‌എസ്‌ഡി സിസ്റ്റം ഇപ്പോഴും ലെവൽ-2 ഡ്രൈവർ സഹായ വിഭാഗത്തിൽ പെടുന്നു. ഇതിനർത്ഥം കാർ സെൽഫ് ഡ്രൈവിംഗ് സിസ്റ്റത്തോടെ പ്രവർത്തിക്കുന്നുവെന്നും പക്ഷേ അപ്പോഴും ഡ്രൈവർ റോഡിൽ പൂർണ്ണമായും ജാഗ്രത പാലിക്കണം എന്നുമാണ്.