തിരുവനന്തപുരം: ജീപ്പിനു പിന്നിൽ മൂന്നു വയസുള്ള മകൻ പിടിച്ചു കയറുന്നതറിയാതെ അച്ഛൻ വാഹനം മുന്നോട്ടെടുത്തു. നെഞ്ചിടിച്ചു തെറിച്ചു വീണു കുഞ്ഞിനു ദാരുണാന്ത്യം. തിരുവനന്തപുരം പാലോടിന് സമീപത്താണ് ഞെട്ടിക്കുന്ന സംഭവം.

പേരയം കോട്ടവരമ്പ് സന്തോഷ് ഭവനിൽ സന്തോഷ്– ശാരി ദമ്പതികളുടെ മകൻ വൈഭവ് ആണ് മരിച്ചത്. ജീപ്പ് ഡ്രൈവറായ സന്തോഷ് പതിവു പോലെ ഓട്ടം പോകാനായി രാവിലെ വീടിനു സമീപം നിർത്തിയിട്ടിരുന്ന ജീപ്പുമായി ഇറങ്ങുമ്പോഴാണ് സംഭവം. അച്ഛന്‍ ജീപ്പിനരികിലേക്കു പോയപ്പോൾ എന്നത്തേയും പോലെ വൈഭവും പിന്നാലെ ചെന്നു. സന്തോഷ് ജീപ്പിൽ കയറുമ്പോൾ കുട്ടി മടങ്ങിവരികയാണു പതിവ്.

എന്നാൽ ഇന്നലെ ജീപ്പിൽ കയറിയ ശേഷം സന്തോഷ് മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് അപകടം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ വൈഭവ് പിന്നിലെത്തി വണ്ടിയിൽ പിടിച്ചു കയറിയത് സന്തോഷ് അറിഞ്ഞില്ല. ജീപ്പ് മുന്നിലേക്കെടുത്തപ്പോൾ കുട്ടി തെറിച്ചു വീഴുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടാണ് അപകടവിവരമറിഞ്ഞത്. നിലത്തുവീണു കിടക്കുകയായിരുന്നു കുഞ്ഞ്. പരിക്കുകളോടെ എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമീപത്തെ പോസ്റ്റിൽ കുട്ടി നെഞ്ചിടിച്ചു വീണതാവാം മരണകാരണമെന്നാണഅ റിപ്പോര്‍ട്ടുകള്‍.