പ്രശസ്‍ത ഇറ്റാലിയൻ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയുടെ ഐക്കണിക്ക് സ്ട്രീറ്റ് ഫൈറ്റർ മോട്ടോർസൈക്കിളാണ് മോൺസ്റ്റര്‍. ഈ സൂപ്പര്‍ ബൈക്കിന്‍റെ  3.50 ലക്ഷം യൂണിറ്റുകൾ ഡ്യുക്കാറ്റി ഇതുവരെ നിരത്തിലെത്തിച്ചെന്നാണ് റിപ്പോർട്ട്. ആദ്യത്തെ മോൺ‌സ്റ്റർ അരങ്ങേറ്റം കുറിച്ച് ഏകദേശം 30 വർഷത്തിനുശേഷമാണ് പുതിയ നാഴികക്കല്ല് കമ്പനി പിന്നിട്ടതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

1992-ലാണ് ആദ്യത്തെ ഡ്യുക്കാട്ടി മോൺസ്റ്റർ എത്തുന്നത്.  3.50 ലക്ഷം യൂണിറ്റ് തികയുന്ന മോഡലായ ഡ്യുക്കാറ്റി മോൺസ്റ്റർ 1200 S ബ്ലാക്ക് ഓൺ ബ്ലാക്ക് വേരിയന്റ് കമ്പനി മിലാനിലെ ഒരു ഉടമയ്ക്ക് കൈമാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. സിഇഒ ക്ലോഡിയോ ഡൊമെനിക്കലിയും ഡ്യുക്കാട്ടി ഡിസൈൻ സെന്റർ ഡയറക്ടര്‍ ആൻഡ്രിയ ഫെരാരെസിയും ചേര്‍ന്നാണ് മോട്ടോർസൈക്കിളിന്റെ ഉടമ സെബാസ്റ്റ്യൻ ഫ്രാങ്കോയിസ് യെവ്സ് ഹെർവ് ഡി റോസിന് ബൈക്ക് കൈമാറിയത്. ഈ 350,000-ാമത്തെ ബൈക്കിന് 350,000 നമ്പർ ഉൾക്കൊള്ളുന്ന ഒരു പ്ലേറ്റ് ലഭിക്കുന്നു.

ഇതോടൊപ്പം സ്പെഷ്യൽ മോഡലിന്റെ കൂടെ ഉടമയ്ക്ക് ക്ലോഡിയോ ഡൊമെനിക്കാലി ഒപ്പിട്ട ആധികാരികത സർട്ടിഫിക്കറ്റും ഡിസൈനർ ഏഞ്ചലോ അമാറ്റോ ഒപ്പിട്ട മോൺസ്റ്ററിന്റെ രേഖാചിത്രവും കൈമാറി. 

2020 ഡിസംബർ രണ്ടിന് ഇറ്റാലിയൻ ബ്രാൻഡ് ഡ്യുക്കാട്ടി മോൺസ്റ്ററിന്റെ പുതിയ തലമുറ മോഡൽ പുറത്തിറക്കി. 2021 ഏപ്രിലിൽ ഇത് വിപണിയിൽ എത്തിയേക്കും. 166 കിലോഗ്രാം ഭാരം മാത്രമാണ് ബൈക്കിനുള്ളത്.