ഈ കാറിന് നാലുലക്ഷം വിലക്കിഴിവ്; ഫുൾചാർജ്ജിൽ കാസർകോട് നിന്നും തിരുവനന്തപുരം എത്താം!
2025 ഫെബ്രുവരിയിൽ ഹ്യുണ്ടായിയുടെ അയോണിക് 5 ഇലക്ട്രിക് കാറിന് ₹4 ലക്ഷം വരെ കിഴിവ് ലഭിക്കുമെന്ന് റിപ്പോർട്ട്. 72.6kWh ബാറ്ററി, 631 കിലോമീറ്റർ റേഞ്ച്, ആഡംബര സവിശേഷതകൾ എന്നിവ ഈ കാറിനെ വേറിട്ടു നിർത്തുന്നു.

വരും ദിവസങ്ങളിൽ നിങ്ങൾ ഒരു പുതിയ ഇലക്ട്രിക് കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ ഒരു സന്തോഷവാർത്ത. 2025 ഫെബ്രുവരിയിൽ ഹ്യുണ്ടായിയുടെ 5 സീറ്റർ ഇലക്ട്രിക് കാറായ അയോണിക് 5 ന് ലക്ഷക്കണക്കിന് രൂപയുടെ കിഴിവ് ലഭിക്കും. ഹ്യൂണ്ടായ് അയോണിക് 5ന്‍റെ 2024 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 4 ലക്ഷം രൂപ ലാഭിക്കാൻ കഴിയും എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ഈ കിഴിവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം.
ഹ്യുണ്ടായി അയോണിക് 5-ന് 72.6kWh ബാറ്ററിയാണ് കരുത്ത് പകരുന്നത്, ഇത് പരമാവധി 217bhp പവറും 350Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്‍തമാണ്. പൂർണ്ണമായി ചാർജ് ചെയ്താൽ 631 കിലോമീറ്റർ സഞ്ചരിക്കാൻ ഈ കാറിന് സാധിക്കും. 150kWh ചാർജർ ഉപയോഗിച്ച് 21 മിനിറ്റിനുള്ളിൽ ഈ ഇവി പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. അതേസമയം 50kWh ചാർജർ ഉപയോഗിച്ച് പൂർണ്ണമായി ചാർജ് ചെയ്യാൻ ഒരു മണിക്കൂർ എടുക്കും.
ഡ്യുവൽ ഇന്റഗ്രേറ്റഡ് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകളാണ് ഇലക്ട്രിക് കാറിന്റെ ക്യാബിനിലുള്ളത്. സുരക്ഷയ്ക്കായി, 6-എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (ADAS) തുടങ്ങിയ സവിശേഷതകൾ കാറിൽ നൽകിയിട്ടുണ്ട്. ഹ്യുണ്ടായി അയോണിക് 5 ന്റെ എക്സ്-ഷോറൂം വില 46.05 ലക്ഷം രൂപയാണ്.
അതേസമയം ഹ്യുണ്ടായി അയോണിക്ക് 5ന്‍റെ വിൽപ്പനയിൽ വലിയ ഇടിവാണ് സംഭവിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപ്പന രേഖപ്പെടുത്തിയത് 2025 ജനുവരിയിലാണ്. വെറും 16 യൂണിറ്റ് അയോണിക് 5കൾ മാത്രമാണ് കഴിഞ്ഞ മാസം കമ്പനി വിറ്റത്. അതേസമയം, കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ, അതിന്റെ ഏറ്റവും ഉയർന്ന വിൽപ്പന 2024 ഓഗസ്റ്റിലായിരുന്നു, അന്ന് 40 യൂണിറ്റിലധികം വിറ്റഴിക്കപ്പെട്ടു, അതേസമയം ഒരു വർഷം മുമ്പ് 2024 ജനുവരിയിൽ 95 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിരുന്നു.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.
