മോട്ടോര്‍വാഹന വകുപ്പിന്റെ സേഫ് കേരള സ്‌ക്വാഡിന് 65 ഇലക്ട്രിക് ടാറ്റാ നെക്സോണ്‍ കാറുകള്‍ വാടകയ്ക്ക് എടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതില്‍ 45 എണ്ണം എത്തിയതായാണ് പുതിയ വാര്‍ത്തകള്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ ബാക്കി 20 എണ്ണംകൂടി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടമേഖലയായ ബ്ലാക്ക് സ്പോട്ടുകളില്‍ അതിവേഗത എടുക്കുന്ന ഡ്രൈവര്‍മാരെ പിടികൂടാനാണ് മോട്ടോര്‍ വാഹനവകുപ്പ് ഇ-പട്രോളിങ് സ്‌ക്വാഡിനെ സജ്ജമാക്കിയിരിക്കുന്നത്.  24 മണിക്കൂറും റോഡ് പരിശോധന നടത്തി നിയമലംഘനങ്ങള്‍ തടയുകയാണ് സേഫ് കേരളയുടെ ലക്ഷ്യം.24 മണിക്കൂര്‍ നിരീണക്ഷത്തിലൂടെ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ശബരിമല മണ്ഡലകാലത്ത് നടപ്പാക്കിയ സേഫ് സോണ്‍ പദ്ധതിയിലൂടെ തെളിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് സേഫ് കേരള പദ്ധതി ആവിഷ്‌കരിച്ചത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് വൈദ്യുത വാഹനങ്ങള്‍ പട്രോളിങ്ങിന് ഉപയോഗിക്കുന്നത്.

സേഫ് കേരള വിഭാഗം രൂപീകരിച്ചിട്ടും വാഹനങ്ങള്‍ കിട്ടാത്തതിനാല്‍ വാഹനപരിശോധന കാര്യക്ഷമമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തത്. വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളില്‍ സജ്ജീകരണമൊരുക്കും.  35,000 രൂപയാണ് മാസവാടക. 

238 ബ്ലാക്ക് സ്പോട്ടുകളാണ് റോഡുകളിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 159 എണ്ണം ദേശീയപാതകളിലും ശേഷിക്കുന്നവ സംസ്ഥാന പാതകളിലുമാണ്. ബ്രീത്ത് അനലൈസര്‍, ലക്‌സി മീറ്റര്‍, ഡെസിബല്‍ മീറ്റര്‍ തുടങ്ങി വാഹനപരിശോധനയ്ക്ക് ആവശ്യമായ ഉപകരണങ്ങളെല്ലാം സ്‌ക്വാഡിന് നല്‍കിയിട്ടുണ്ട്. 

ഡ്രൈവര്‍മാരായി ഹോംഗാര്‍ഡുകളെ നിയമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഓണ്‍ലൈന്‍ ചെക്ക് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനുള്ള ഇ-ചലാന്‍ മെഷീനുകളും നല്‍കിയിട്ടുണ്ട്. പകരം കുറ്റകൃത്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പിഴ ചുമത്താനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ ഇലക്ട്രിക് വാഹന ശ്രേണിയിൽ വിപ്ലവം സൃഷ്‍ടിച്ചുകൊണ്ട് ടാറ്റ നെക്‌സോൺ-ഇവി അടുത്തിടെയാണ് വിപണിയിലെത്തിയത്. കട്ടിംഗ് എഡ്‍ജ് സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വാഹനം മികച്ച പ്രകടനം വാഗ്‍ദാനം ചെയ്യുന്നു. ഒറ്റ ചാർജിങ്ങിൽ 312 കിലോമീറ്റർ ദൂരം താണ്ടാനുള്ള ഈ വാഹനത്തിന്റെ ശേഷി ഓട്ടോമോട്ടീവ് റീസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സെർട്ടിഫൈ ചെയ്തിട്ടുണ്ട്. കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സംവിധാനം, വേഗതയേറിയ ചാർജിംഗ് ശേഷി, വിപുലീകൃത ബാറ്ററി ലൈഫ്, മുൻനിര സുരക്ഷാ സവിശേഷതകൾ. എന്നിവയും നെക്‌സോൺ ഇവിയുടെ സവിശേഷതകളാണ്. രാജ്യത്തെ  22 നഗരങ്ങളിലെ 60 അംഗീകൃത ഡീലർഷിപ്പുകളിലായി മൂന്ന് ട്രിം ലെവലുകളിൽ നെക്സൺ ഇവി ലഭ്യമാകും. സിഗ്നേച്ചർ ടീൽ ബ്ലൂ, മൂൺലിറ്റ് സിൽവർ, ഗ്ലേസിയർ വൈറ്റ് എന്നിങ്ങനെ ആകർഷകമായ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

നെക്‌സൺ ഇവിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കരുത്തുറ്റതും ഉയർന്ന ക്ഷമതയുള്ളതുമായ 129 പിഎസ് പെർമനന്റ് മാഗ്നറ്റ് എസി മോട്ടോറിൽ ഉയർന്ന ശേഷിയുള്ള 30.2 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നത്.  മോട്ടോർ 245 എൻ‌എം തൽക്ഷണ ടോർക്ക് നിലനിർത്തുന്നു, ഇത് വെറും 9.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ നെക്‌സൺ ഇവിയെ പ്രാപ്‌തമാക്കുന്നു.  ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഒമ്പത് മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജാവാനുള്ള സമയം. എന്നാല്‍, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരുമണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.