ചെക്ക് റിപ്പബ്‌ളിക്കന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ നാലാം തലമുറ ഒക്ടാവിയയെ ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കില്ല.  സ്കോഡ ഒക്ടാവിയ യുടെ ഇന്ത്യയിലേക്കുള്ള വരവ് 2021ലേക്ക് നീട്ടി എന്ന് കമ്പനി അധികൃതർ അറിയിച്ചു. സ്കോഡ ഇന്ത്യ ഡയറക്ടർ സാക്ക് ഹോളിസ് ആണ് ഒക്‌ടാവിയയുടെ വിപണി അവതരണം വൈകും എന്ന് പ്രഖ്യാപിച്ചത്.  കൊവിഡ് 19 മൂലം വാഹന വിപണിമുഴുവൻ പ്രതിസന്ധി നേരിടുന്നതിനാൽ ആണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2020 ദില്ലി ഓട്ടോ എക്സ്പോയിൽ നിരവധി വാഹനങ്ങളാണ് സ്കോഡ പ്രദർശിപ്പിച്ചിരുന്നത്. ഇതിൽ നാലാം തലമുറ ഒക്‌ടാവിയ 2020  അവസാനത്തോടുകൂടി വിപണിയിലെത്തുമെന്നാണ് കരുതിയിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഒക്‌ടാവിയ ആർഎസ് 245 എന്ന മോഡലിനെ ഇന്ത്യൻ വിപണിയിലേയ്ക്ക് സ്കോഡ  അവതരിപ്പിച്ചിരുന്നു. നാലാം തലമുറ ഒക്‌ടാവിയയിൽ പുതുക്കിയ ഹെഡ് ലാമ്പുകൾ, എൽഇഡി ടയിൽലാംപ്, കുപ്പേ രീതിയിലുള്ള ഡിസൈൻ, പാഡിൽ ലാമ്പുകൾ മുതലായവ നൽകും. വാഹനത്തിന്റെ ഉൾഭാഗത്ത് 10 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ത്രീ സോൺ ക്ലൈമറ്റ് കണ്ട്രോൾ, പുതുക്കിയ ടു സ്പോക്ക് സ്റ്റിയറിംഗ് വീൽ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻഡ് ക്ലസ്റ്റർ മുതലായവയും ഉണ്ടാകും . ഷിഫ്റ്റ് ബൈ വയർ ഗിയർസ്റ്റിക്കും ഈ വാഹനത്തിൽ നൽകും . 

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി ഉള്ള 1.8 ലിറ്റര്‍ TSI പെട്രോള്‍, 2.0 ലിറ്റര്‍ TDI ഡീസല്‍ യൂണിറ്റ്, എന്നിവയാണ് ഒക്ടാവിയയുടെ എഞ്ചിന്‍ ഓപ്ഷനുകള്‍. കൂടാത്ത, ഡീസല്‍ എഞ്ചിനൊപ്പം 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും പെട്രോള്‍ യൂണിറ്റിനൊപ്പം 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും ഓപ്ഷണലായി ലഭിക്കും. 

ഒക്ടാവിയ യിൽ നിലവിലുള്ള 1.0 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ, 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ, 2.0 ലിറ്റർ 4 സിലിണ്ടർ ടിഎസ്ഐ പെട്രോൾ എൻജിൻ,  2.0 ലിറ്റർ 4 സിലിണ്ടർ ടി ഡി ഐ ഡീസൽ എൻജിൻ എന്നീ എൻജിനുകളിൽ ഏതൊക്കെയാണ് ഇന്ത്യൻ നിരത്തിലേക്ക് അവതരിപ്പിക്കുക എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല.