കൊച്ചി: ഒറ്റദിവസം ഒരൊറ്റ ജില്ലയില്‍ നിന്നും മോട്ടോര്‍ വാഹനവകുപ്പ് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയായി പിരിച്ചത് 55 ലക്ഷം രൂപ. കഴിഞ്ഞദിവസം എറണാകുളം ജില്ലയില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് ഇത്രയും തുക പിരിഞ്ഞു കിട്ടിയത്. ജില്ലയില്‍ നഗരങ്ങളും ഉള്‍പ്രദേശങ്ങളും കേന്ദ്രീകരിച്ച് ബുധനാഴ്ച രാവിലെ മുതല്‍ വൈകീട്ടുവരെയായിരുന്നു ഗതാഗത പരിശോധന.

25 സ്‌ക്വാഡുകളാണ് രംഗത്തുണ്ടായിരുന്നത്.  ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്‍തവര്‍ മുതല്‍ ചട്ടം ലംഘിച്ച് സര്‍വീസ് നടത്തിയ അന്തസ്സംസ്ഥാന ലോറികള്‍ വരെ പരിശോധനയില്‍ കുടുങ്ങി. നാലായിരത്തോളം വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. ഈ പരിശോധനയില്‍ 2,500-ഓളം നിയമ ലംഘനങ്ങള്‍ കണ്ടെത്തി കേസെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് 55 ലക്ഷം രൂപയോളം പിഴ ലഭിച്ചത്. പരിശോധന സ്ഥലത്തുനിന്നും മാത്രം 10 ലക്ഷം രൂപയോളം പിഴയായി ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഹെല്‍മെറ്റില്ലാതെ 558, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍-262, കൂളിങ് ഫിലിം ഒട്ടിച്ചത്-78, ബസില്‍ വാതില്‍ ഇല്ലാത്തത്-4, എയര്‍ഹോണ്‍ ഘടിപ്പിച്ചത്-22 എന്നിങ്ങനെയാണ് നിയമലംഘനത്തിന്‍റെ കണക്കുകള്‍. അപകടകരമായി വാഹനമോടിച്ച ഏതാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്‍തിട്ടുണ്ട്. പരിശോധന കര്‍ശനമായി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.