കര്‍ണാടകയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്പിന്‍റെ വക സമ്മാനം. ജനപ്രിയ ഗ്ലാമര്‍ ബൈക്കിന്‍റെ 751 യൂണിറ്റുകളാണ് കര്‍ണാടക പൊലീസിന് ഹീറോ കൈമാറിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ, ആഭ്യന്തരമന്ത്രി എന്നിവര്‍ വിധാന്‍ സൗദയില്‍ നിന്ന് റാലി ഫ്‌ലാഗ് ചെയ്‍തു.  ഇതിനു പുറമെ ടി വി എസിന്‍റെ 25 അപ്പാഷെ ആർ ടി ആർ 160 ബൈക്കുകൾ ബെംഗളൂരു പൊലീസിനും ലഭിച്ചു.  അപാച്ചെ ആർ ടി ആർ 160 മോട്ടോർ സൈക്കിളുകളുടെ താക്കോൽദാന ചടങ്ങിൽ കർണാടക ആഭ്യന്തര മന്ത്രി ബാസവരാജ് ബൊമ്മൈയും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ കമൽ പന്തും മുഖ്യാതിഥികളായിരുന്നു. 

അടുത്തിടെയാണ് ഹീറോ മോട്ടോ കോർപ് 125 സി സി എൻജിനുള്ള ഗ്ലാമറിന്റെ ബിഎസ് 6 വകഭേദത്തെ വിപണിയിൽ അവതരിപ്പിച്ചത്. 125സിസി ബിഎസ്6 എഞ്ചിന്‍, എക്‌സ് സെന്‍സ് പ്രോഗ്രാം ഫ്യൂവല്‍ ഇന്‍ഞ്ചക്ഷന്‍, പവര്‍ ഔട്ട് പുട്ട് 10.7ബിഎച്ച്പി@7500ആര്‍എംപി, ടോര്‍ക്ക് 10.6എന്‍എം @6000ആര്‍പിഎം  , ഹീറോയുടെ വിപ്ലകരമായ ഫീച്ചര്‍ ഐത്രീഎസ് (ഇഡില്‍ സ്റ്റാര്‍ട് സ്റ്റോപ് സിസ്റ്റം), ഓട്ടോ സെയില്‍ ടെക്‌നോളജി, എന്നീ സവിശേഷതകള്‍ക്കൊപ്പം ഗ്ലാമര്‍ അതിന്റെ ബ്രാന്റ് പെര്‍ഫോമന്‍സും ഉറപ്പ് നല്‍ക്കുന്നു. 

അതേസമയം ഗ്ലൈഡ് ത്രൂ ടെക്നോളജി (ജി ടി ടി)യുടെ പിൻബലമുള്ള അപ്പാഷെ ആർ ടി ആർ 160 ബൈക്കുകളാണു സംസ്ഥാന തലസ്ഥാനത്തെ ക്രമസമാധാനപാലന ചുമതലയുള്ള ബെംഗളൂരു പൊലീസിനു സ്വന്തമായത്. ബൈക്കിലെ 159.7 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിന് 8,400 ആർ പി എമ്മിൽ 15.1 പി എസ് വരെ കരുത്തും 7,000 ആർ പി എമ്മിൽ 13.9 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. റേസ് ട്രാക്കുകളിൽ നിന്നു പ്രചോദിതമായ റേസ് ത്രോട്ടിൽ റസ്പോൺസ്(ആർ ടി ആർ) എൻജിനു കൂട്ട് അഞ്ചു സ്പീഡ് ഗീയർബോക്സാണ്. 

2020 ജൂലൈ മാസത്തില്‍ യുപി പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ വനിതാ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 125 എന്നിവയുടെ 100 യൂണിറ്റുകള്‍ ഹീറോ കൈമാറിയിരുന്നു.