ഓട്ടോഡ്രൈവര്‍മാരെ പിടികൂടാന്‍ മഫ്തിയിലെത്തി കര്‍ശന പരിശോധന നടത്തി പൊലീസ്. 

ബെംഗളൂരു: ഓട്ടോ ഡ്രൈവര്‍മാരെ കുടുക്കാന്‍ മഫ്തിയിലെത്തി പരിശോധന നടത്തി ട്രാഫിക് പൊലീസ്. ചൊവ്വാഴ്ച ബെംഗളൂരുവിലാണ് യാത്രക്കാരുടെ വേഷത്തിലെത്തിയ പൊലീസ് നഗരത്തില്‍ പരിശോധന നടത്തിയത്. യാത്ര പോകാന്‍ വിസമ്മതിക്കുകയും അധിക യാത്രാക്കൂലി വാങ്ങുകയും ചെയ്ത 5,200 ഡ്രൈവര്‍മാരില്‍ നിന്ന് പൊലീസ് എട്ടുലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. 

250ഓളം പൊലീസുകാര്‍ വിവിധ സ്ഥലങ്ങളില്‍ മഫ്തിയിലെത്തിയാണ് മിന്നല്‍ പരിശോധന നടത്തിയത്. രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന വൈകിട്ടാണ് അവസാനിച്ചത്. പരിശോധനയില്‍ 1,575 പേര്‍ സവാരി പോകാന്‍ വിസമ്മതിച്ചപ്പോള്‍ 1,346 പേര്‍ മീറ്റര്‍ തുകയെക്കാള്‍ അധിക യാത്രാക്കൂലി ആവശ്യപ്പെട്ടു. ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്‍, യൂണിഫോം ധരിക്കാത്തവര്‍, ആവശ്യമായ രേഖകള്‍ കൈവശം സൂക്ഷിക്കാത്തവര്‍ എന്നിങ്ങനെ നിയമലംഘനം നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മതിയായ രേഖകള്‍ ഇല്ലാതിരുന്ന492 ഓട്ടോറിക്ഷകള്‍ പിടിച്ചെടുത്തു.

ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെക്കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചതോടെയാണ് പൊലീസ് പരിശോധന കര്‍ശനമാക്കിയത്. മൂന്ന് ട്രാഫിക് ഡിവിഷനുകളിലായി വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ പ്രധാന ജംഗ്ഷനുകളില്‍ വിന്യസിച്ചായിരുന്നു പരിശോധന.