മലപ്പുറം: വണ്ടിയും നമ്പറും കഴിഞ്ഞേ വണ്ടി ഭ്രാന്തന്‍മാര്‍ക്ക് ബാക്കി കാര്യങ്ങള്‍ ഉള്ളൂ. കഴിഞ്ഞ 27ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കൊണ്ടോട്ടിയില്‍ തുടക്കം കുറിച്ച സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്ന് ആദ്യ റജിസ്ട്രേഷന്‍ നമ്പര്‍ ലേലത്തില്‍ പോയതിന്റെ തുക കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ച് പോകും. 

കൊണ്ടോട്ടി  കാളോത്ത് ഒന്നാം മൈല്‍ സ്വദേശി നെണ്ടോളി മുഹമ്മദ് റഫീഖാണ് ഒമ്പത് ലക്ഷത്തി ഒരായിരം രൂപക്ക് ആദ്യ നമ്പറായ കെ എല്‍ 84- 0001 സ്വന്തമാക്കിയത്. ഒന്നര കോടി രൂപ വിലയുള്ള മെര്‍സിഡസ് ബെന്‍സ് 53 കൂപേ കാറാണ് ഈ നമ്പറുമായി നിരത്തിലിറങ്ങുന്നത്. ലേലത്തുക കൂടാതെ 25 ലക്ഷം രൂപ റോഡ് നികുതിയായും സര്‍ക്കാറിലേക്ക് ലഭിച്ചു. 

ഒക്ടോബര്‍ ഒമ്പതിനാണ് റഫീഖ് ഈ കാര്‍ സ്വന്തമാക്കുന്നത്. നെണ്ടോളി ആലിക്കുട്ടിയുടെ മകനായ റഫീഖ് ആഫ്രിക്കയിലെ ഘാനയില്‍ വ്യവസായിയാണ്. റഫീഖിനെ കൂടാതെ മറ്റൊരാള്‍ കൂടി ലേലത്തില്‍ പങ്കെടുത്തിരുന്നു.