Asianet News Malayalam

'ആനവണ്ടി' എന്ന കളിവാക്കിന് ട്രേഡ്‍മാര്‍ക്കായി, ഉപയോഗിച്ചാല്‍ ഇനി കളി കാര്യമാകും!

കെഎസ്‍ആര്‍ടിസി എന്ന പേര് കേരളം സ്വന്തമാക്കിയത് കര്‍ണ്ണാടകയ്ക്കാണ് തിരിച്ചടിയാകുന്നതെങ്കില്‍ 'ആനവണ്ടി'യുടെ ട്രേഡ് മാര്‍ക്കിലെ സര്‍ക്കാരിന്‍റെ വിജയം വിനയാകുന്നത് കേരളത്തിലെ തന്നെ ആനവണ്ടി ഭ്രാന്തന്മാര്‍ക്കാണെന്നതാണ് കൌതുകം

Aanavandi trademark issue in KSRTC
Author
Trivandrum, First Published Jun 3, 2021, 3:26 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എന്ന പേരും ആനവണ്ടി എന്ന ലോഗോയും സംസ്ഥാന സര്‍ക്കാര്‍ നിയമപരമായി തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. കര്‍ണ്ണാടകയുടെ ട്രാന്‍സ്‍പോര്‍ട്ട് കോര്‍പ്പറേഷനെ തറപറ്റിച്ചാണ് കെഎസ്ആര്‍ടിസി എന്ന പേര് സംസ്ഥാനം സ്വന്തമാക്കിയത്. ഇനി ഈ പേര് കര്‍ണ്ണാടകയുടെ പൊതുഗതാഗത സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. 

അതുപോലെ 'ആനവണ്ടി' എന്ന ലോഗോയും ഇനി കേരള സര്‍ക്കാരിന് സ്വന്തമാണ്. ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും എംബ്ലവും  മാത്രമല്ല 'ആനവണ്ടി' എന്ന പേരും കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ചു കൊണ്ടാണ് ട്രേഡ് മാർക്ക്‌ ഓഫ് രജിസ്ട്രി ഉത്തരവിറക്കിയിരിക്കുന്നത്.  

കെഎസ്‍ആര്‍ടിസി എന്ന പേര് കേരളം സ്വന്തമാക്കിയത് കര്‍ണ്ണാടകയ്ക്കാണ് തിരിച്ചടിയാകുന്നതെങ്കില്‍ 'ആനവണ്ടി'യുടെ ട്രേഡ് മാര്‍ക്കിലെ സര്‍ക്കാരിന്‍റെ വിജയം വിനയാകുന്നത് കേരളത്തിലെ തന്നെ ആനവണ്ടി ഫാന്‍സിനാണ് എന്നതാണ് കൌതുകം. കര്‍ണ്ണാടക 'കെഎസ്ആര്‍ടിസി'യെ കൈവശപ്പെടുത്തിയതു പോലെ   'ആനവണ്ടി' എന്ന ഈ പേരും പലരും അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. അതുകൊണ്ട് ആനവണ്ടി എന്ന പേര്‍ ഇനി ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമ നടപടിക്കാണ് കെഎസ്ആര്‍ടിസി അധികൃതരുടെ നീക്കം.  

'ആനവണ്ടി 'എന്ന പേരും പലരും പലകാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും അവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നുമാണ്  കെ എസ്‌ ആർ ടി സി എം ഡി യും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞത്.  ആനവണ്ടി എന്ന പേരില്‍ മൊബൈല്‍ ആപ്പും സോഷ്യല്‍ മീഡിയയില്‍ കെഎസ്‍ആര്‍ടിസി പ്രേമികളുടെ വിവിധ ഗ്രൂപ്പുകളുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ നിയമനടപടിയെ ആകാംക്ഷയോടെയാണ് ആനവണ്ടി പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്‍റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. 

'ആനവണ്ടി' എന്നത് പണ്ടൊക്കെ ഒരു കളിയാക്കൽ വാക്ക് കൂടെ ആയിരുന്നുവെന്നും സർക്കാർ സർവീസിന്റെ ഒരു ഘട്ടത്തിലും ഔദ്യോഗികമായി ഈ പേര്  ഉപയോഗിച്ചിട്ടില്ലെന്നുമാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ആനവണ്ടി എന്ന ട്രേഡ് മാർക്ക് ഉപയോഗിച്ച് ജനങ്ങൾക്ക് ഉണ്ടായതിനേക്കാളും വ്യക്തിപരമായ ലാഭം ഉണ്ടാക്കിയവരാണ് പുതിയ വിധിയെ കുറ്റപ്പെടുത്തുന്നതെന്ന് മറ്റു ചിലര്‍ വാദിക്കുന്നു. കൃത്യമായ വാദങ്ങളും എതിർവാദങ്ങളും പരിഗണിച്ചു തന്നെയാണ് വിധി നടപ്പാക്കിയതെന്നും ഇക്കൂട്ടര്‍ പറയുന്നു.

കെ എസ്‌ ആർ ടി സി എന്ന് ഇനി മുതൽ കേരളത്തിന്‌ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന കാര്യം ചൂണ്ടിക്കാട്ടി കർണ്ണാടകത്തിന് നോട്ടീസ് അയക്കാനൊരുങ്ങുകയാണ് കെഎസ്‌ആർടിസി. 'ആനവണ്ടി' എന്ന പേര് ഉപയോഗിക്കുന്നവര്‍ക്കും സ്വന്തം ആരാധകര്‍ക്കുമെതിരെ എന്ത് നടപടിയായിരിക്കും സ്വീകരിക്കുക എന്നത് കാത്തിരുന്ന് കാണണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios