24 മണിക്കൂറിനകം എറണാകുളം ജില്ലയില്‍ രണ്ട് വാഹനാപകടങ്ങളിലായി പൊലിഞ്ഞത് ആറു ജീവനുകള്‍. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നു തുടങ്ങിയപ്പോഴേക്കും നടന്ന അപകടങ്ങളുടെ ഞെട്ടലിലാണ് നാട്. 

ദേശീയപാതയില്‍ വാളകത്ത് ഞായറാഴ്ച രാത്രി ഒമ്പതോടെ നടന്ന കാറപകടത്തില്‍ മൂന്നുപേരും ആലുവ മുട്ടത്ത് തിങ്കളാഴ്ച വൈകീട്ട് നാലിനു നടന്ന അപകടത്തില്‍ മൂന്നൂപേരുമാണ് മരിച്ചത്. വാളകം മേക്കടമ്പില്‍ ഉണ്ടായ കാറപകടത്തില്‍ മൂന്നു പേര്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരില്‍ മൂന്നു പേരാണ് മരിച്ചത്. തിങ്കളാഴ്ച ദേശീയപാതയില്‍ മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് റോഡരികില്‍ നിന്നിരുന്ന അച്ഛനും മകളുമടക്കം മൂന്നുപേരാണ് മരിച്ചത്. അമിത വേഗമാണ് രണ്ട് അപകടങ്ങളുടെയും കാരണം. 

പകല്‍ പോലും സിഗ്‌നല്‍ ലൈറ്റുകളോ ജംഗ്ഷനുകളോ നോക്കാതെ വാഹനം അമിത വേഗത്തില്‍ ഓടിച്ചുപോകുന്ന സ്ഥിതിയാണ്. ഇടറോഡുകളില്‍ നിന്ന് മറ്റ് റോഡുകളിലേക്ക് കയറുമ്പോള്‍ ശ്രദ്ധിക്കാത്തതാണ് അപകടങ്ങളുടെ പ്രധാന കാരണം. നിരത്തില്‍ വാഹനങ്ങളുടെ എണ്ണം കുറവായതിനാലാണ് പലരും അമിതവേഗതയില്‍ വാഹനം ഓടിക്കുന്നത്. അപ്രതീക്ഷിതമായി ഇടവഴിയില്‍ നിന്നൊരു വാഹനം വരികയോ ആളുകള്‍ റോഡ് മുറിച്ച് കടക്കുകയോ ചെയ്യുമ്പോള്‍ അമിതവേഗത്തില്‍ എത്തുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമെന്ന് ചിന്തിക്കാതെയാണ് പലരും വണ്ടി ഓടിക്കുന്നത്.  ജംഗ്‍ഷനുകളില്‍ വേഗം കുറയ്ക്കാന്‍ തയ്യാറാകാത്തതും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്.