ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബേസ്‍മാർക് എന്ന കമ്പനിയുടെ പുതിയ പാർട്‍ണർ പ്രോഗ്രാമായ ‘റോക്ക്സോളിഡ് എക്കോസിസ്റ്റം’  പദ്ധതിയുമായി സഹകരിക്കാൻ ഒരുങ്ങി ടെക്നോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആക്സിയ ടെക്നോളജീസ്. 

തിരുവനന്തപുരം: ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബേസ്‍മാർക് എന്ന കമ്പനിയുടെ പുതിയ പാർട്‍ണർ പ്രോഗ്രാമായ ‘റോക്ക്സോളിഡ് എക്കോസിസ്റ്റം’ പദ്ധതിയുമായി സഹകരിക്കാൻ ഒരുങ്ങി ടെക്നോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആക്സിയ ടെക്നോളജീസ്. വാഹന വ്യവസായ മേഖലയിൽ സോഫ്റ്റ്‌വെയർ അധിഷ്‍ഠിത കാർ സാങ്കേതികവിദ്യയുടെ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ശക്തമായ ശൃംഖല രൂപീകരിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആയി സോഫ്റ്റ്‌വെയറും പ്രൊഫഷണൽ സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനിയാണ് ബേസ്മാർക്ക്. സ്ഥാപകാംഗം എന്ന നിലയ്ക്കാണ് ആക്സിയ ടെക്നോളജീസ് ഈ പരിപാടിയുടെ ഭാഗമാകുന്നതെന്നും വാഹന വ്യവസായ മേഖലയിലെ മറ്റ് 10 കമ്പനികളുമായി ചേർന്നായിരിക്കും പ്രവർത്തനം എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2014ലാണ് ആക്സിയ ടെക്നോളജീസ് പ്രവർത്തനം തുടങ്ങുന്നത്. വാഹന വ്യവസായ മേഖലയിൽ ബേസ്മാർക്കുമായി ചേർന്ന് കമ്പനി പ്രവർത്തിച്ചുവരുന്നു. ഓട്ടോണമസ് കാറുകളാണ് വാഹന വ്യവസായ മേഖലയുടെ ഭാവിയെന്നും ഈ കാറുകൾക്കായി സോഫ്റ്റ്‌വെയർ വികസിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ആക്സിയ ടെക്നോളജീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജിജിമോൻ ചന്ദ്രൻ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കണക്ട് ചെയ്യപ്പെട്ട കാർ വിഭാഗത്തിൽ സ്പെഷ്യലൈസ് ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും റോക്ക്സോളിഡ് എക്കോസിസ്റ്റം പദ്ധതിയുമായി സഹകരിക്കുന്നത് വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കണക്ടഡ്, ഓട്ടോണമസ്, വൈദ്യുതി വാഹന സാങ്കേതികവിദ്യ മേഖലയിലെ സോഫ്റ്റ്‌വെയർ നിർമ്മിക്കുന്നതിൽ മികച്ച വൈദഗ്ധ്യം ഉണ്ട് എന്നതിനാൽ ബേസ്മാർക്കിന് ആക്സിയ ഒരു നല്ല പങ്കാളിയാകും എന്ന് ജിജിമോൻ ചൂണ്ടിക്കാട്ടി. ലോകോത്തരവും ആധുനികവുമായ സാങ്കേതികവിദ്യ അധിഷ്ഠിതമായി പ്രവർത്തിക്കുന്നത് തങ്ങളുടെ എൻജിനീയർമാർക്ക് വളരെ വലിയ ഒരു അവസരമാണ് നൽകുന്നതെന്നും സോഫ്റ്റ്‌വെയർ അധിഷ്ഠിത കാറുകൾ എന്നത് ഭാവിയിലേക്കുള്ള ഒരു വാഗ്ദാനമാണെന്നും ഇത് കൂടുതൽ പദ്ധതികളും തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോക്ക്സോളിഡ് ആരംഭിക്കുന്നതിൽ ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്നും സോഫ്റ്റ്‌വെയർ അധിഷ്ഠിത കാർ വിപണിയിൽ മുൻനിരക്കാരാകുന്നതിന് പ്രതിജ്ഞാബദ്ധരാണെന്നും ബേസ്‍മാർക്ക് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ടെറോസർക്കിനെൻ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona