ക്യാമറ വച്ച് വീഡിയോ ചിത്രീകരിക്കുന്ന തരം ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ ലൈസന്‍സും ആര്‍സി ബുക്കും സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളെക്കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നു

ഹെല്‍മെറ്റില്‍ ക്യാമറ റെക്കോര്‍ഡിങ് ഉപയോഗിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം കാണിക്കുന്ന സ്‍പീഡോമീറ്ററിന്റെ രംഗങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് ഹെല്‍മറ്റ് ക്യാമറകള്‍ക്കെതിരെ നടപടിക്ക് ഒരുങ്ങുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ല. 

പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ഇതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വീഡിയോ ചിത്രീകരിക്കുന്ന ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ ലൈസന്‍സും ആര്‍സി ബുക്കും സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടിയെടുക്കും. ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വീഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരം രംഗങ്ങള്‍ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരുന്നതെന്നും കണ്ടെത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona