കൊച്ചി: മോട്ടോർ വാഹന നിയമത്തിലെ മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്വകാര്യ -ട്രാൻസ്പോർട്ട് ബസുകളെ നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. മോട്ടോർ വാഹന നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്ത വാഹനങ്ങൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുതെന്നും മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ ചട്ടപ്രകാരമല്ലാത്ത ലൈറ്റുകൾ ഘടിപ്പിച്ച ബസുകളെയും മറ്റും നിരത്തില്‍ ഓടിക്കാൻ അനുവദിക്കരുതെന്നും ജസ്റ്റിസ് അനിൽ നരേന്ദ്രൻ വ്യക്തമാക്കി. 

സ്വകാര്യ ബസുകളുടെ കാലപരിധി 15 ൽ നിന്ന് 20 വർഷമായി ഉയർത്തിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌ത് ആലുവ സ്വദേശി പി ഡി മാത്യു സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

മോട്ടോർ വാഹന നിയമത്തിൽ നിഷ്ക്കർഷിച്ചിട്ടുള്ള ലൈറ്റുകൾ, സിഗ്നൽ ഉപകരണങ്ങൾ, റിഫ്ളക്‌ടറുകൾ എന്നിവ ബസുകളില്‍ നിർബന്ധമായും ഘടിപ്പിച്ചിരിക്കണം. യാത്രക്കാരുടെ പൊതു സുരക്ഷയെ ബാധിക്കുന്നതും മറ്റ് വാഹന യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന വിധത്തിലും അധിക ഉപകരണങ്ങൾ സ്റ്റേജ് ക്യാരേജുകളിൽ ഘടിപ്പിക്കാൻ പാടില്ല. അത്തരം വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുത്. അഥവാ നൽകിയിട്ടുണ്ടങ്കിൽ അവ റദ്ദാക്കണമെന്നും കോടതി ഉത്തരവിട്ടു. 

മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അധിക ക്രാഷ് ഗാർഡുകൾ, ബുൾബാർ, ചവിട്ടുപടികൾ എന്നിവ ഘടിപ്പിപ്പിച്ച വാഹനങ്ങൾ ഓടാൻ അനുവദിക്കരുത്. നമ്പർ പ്ലേറ്റ്, ഇല്യുമിനേഷൻ ലാമ്പ്, പുറകിലും വശങ്ങളിലുമുള്ള കണ്ണാടിച്ചില്ലുകൾ മറക്കുന്ന സ്റ്റിക്കറുകൾ, വശങ്ങളിലെ സ്റ്റിക്കറുകൾ, എഴുത്തുകൾ എന്നിവ പാടില്ല. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള വസ്തുക്കൾ വശങ്ങളിൽ തുക്കിയിടരുതെന്നും അത്തരം വാഹനങ്ങൾക്ക് താൽക്കാലിക/ സ്ഥിര പെർമിറ്റുകൾ നൽകരുതെന്നും കോടതി നിർദേശിച്ചു.

വാഹനങ്ങളുടെ സുരക്ഷാ ഗ്ലാസിൽ സ്റ്റിക്കർ/ ഗ്രാഫിക്സ് പതിക്കാനോ കാഴ്ചയ്ക്കു തടസ്സമാകുന്ന മറ്റു സാധനങ്ങൾ തൂക്കിയിടാനോ പാടില്ല. ഇത്തരം വാഹനങ്ങൾക്കു താൽക്കാലിക പെർമിറ്റ് പോലും നൽകരുത്. ട്രാൻസ്പോർട്ട് അധികാരികൾ നിഷ്കർഷിക്കുന്ന തരത്തിലുള്ളതാകണം വാഹനത്തിന്‍റെ പെയിന്‍റിംഗ്. ബസുകൾ നിരത്തിലിറക്കാൻ യോഗ്യമാണോ എന്നു പരിശോധിക്കാതെ ഉദ്യോഗസ്ഥർ താൽക്കാലിക/ സ്ഥിര പെർമിറ്റുകൾ നൽകരുത്. 

വാഹനങ്ങളുടെ പെർമിറ്റ് കാര്യത്തിൽ സുപ്രീം കോടതി ഉത്തരവുകളും കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചട്ടലംഘനം കണ്ടെത്തിയാൽ കാരണം രേഖപ്പെടുത്തി ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് റദ്ദാക്കാൻ വ്യവസ്ഥയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്കെതിരെയും നടപടിയെടുക്കണം. ഇത്തരക്കാരുടെ ലൈസൻസ് മൂന്നു മാസത്തേക്കു അസാധുവാക്കാൻ വ്യവസ്ഥയുണ്ട്. നിയമവും ചട്ടങ്ങളും അനുവദിക്കുന്ന പ്രകാരമല്ലാതെ വാഹനങ്ങളിൽ രൂപഭേദം വരുത്തിയാൽ വാഹന ഉടമയ്ക്കെതിരെയും നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. 

വാഹനങ്ങൾ നിയമം പാലിക്കുന്നുണ്ടന്ന് ട്രാൻസ്പോർട് കമ്മിഷണറും കീഴുദ്യോഗസ്ഥരും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.  ട്രാൻസ്പോർട് കമ്മീഷണറെ കേസിൽ സ്വമേധയാ കക്ഷി ചേർത്തുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.