ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ള്യുവിന്‍റെ കീഴിലുള്ള ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ മിനിയുടെ ചെറുകാറാണ് ക്ലബ്ബ്മാന്‍. ഈ ക്ലബ്ബ്മാന്‍റെ ഇന്ത്യൻ സമ്മർ റെഡ് എഡിഷൻ അടുത്തിടെയാണ് കമ്പനി ഇന്ത്യയിൽ വിപണിയില്‍ അവതരിപ്പിച്ചത്. ചുവപ്പു നിറത്തില്‍ മാത്രമെത്തുന്ന ഇന്ത്യൻ സമ്മർ എഡിഷന്റെ 15 യൂണിറ്റുകള്‍ മാത്രമാണ് രാജ്യത്തെത്തിയിട്ടുള്ളത്. ഇതിലൊരെണ്ണം സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ജയസൂര്യ.

തന്റെ പിറന്നാളും ഓണവും ഒരുമിച്ച് വന്ന വിശേഷ ദിവസമാണ് ജയസൂര്യ പുത്തന്‍ കാര്‍ ഗാരേജിലെത്തിച്ചത്‌ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 67 ലക്ഷം രൂപയോളം ഓൺറോഡ് വില വരുന്ന ഈ ഉയർന്ന വകേഭേദം കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ആയിരുന്നു വാഹനം സ്വന്തമാക്കാന്‍ ജയസൂര്യ എത്തിയത്. കേരളത്തിൽ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ വ്യക്തിയും ഇന്ത്യയിലെ മൂന്നാമത്തെയും ഉടമയുമാണ് ജയസൂര്യ. എന്നാല്‍  ഇതേ സ്പെസിഫിക്കേഷനിലുള്ള ഉയര്‍ന്ന വകഭേദം ഇന്ത്യയിൽ ജയസൂര്യക്ക് മാത്രമേയുള്ളൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഇന്ത്യൻ സമ്മർ റെഡ് എന്ന ഒറ്റ നിറത്തിൽ മാത്രമാണ് ഈ വാഹനം പുറത്തിറക്കിയിട്ടുള്ളത്. ഭംഗി വര്‍ധിപ്പിച്ചും മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയും കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയും കൂടുതൽ പ്രീമിയം ആക്കിയുമാണ് 2020 ഫെബ്രുവരിയില്‍ മിനി ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന്‍ എത്തിയത്. ക്ലബ്മാൻ മോഡലിന്റെ സവിശേഷതയായ പുറകിലെ സ്പ്ലിറ്റ് ഡോറിൽ ഇപ്പോൾ ഈസി ഓപ്പൺ സംവിധാനം ചേർത്തിട്ടുണ്ട്.

ആ മിനിയും ഈ കൂപ്പറും തമ്മില്‍! 

വൃത്താകൃതിയിലുള്ള റീഡിസൈൻ ചെയ്ത എൽഇഡി ഹെഡ്‍ലാംപ് ഇന്ത്യൻ സമ്മർ റെഡ് എഡിഷനിൽ ഇടം പിടിച്ചു. പിയാനോ ബ്ലാക്ക് നിറത്തിലുള്ള എക്‌സ്റ്റീരിയറിൽ ഡീറ്റൈലിംഗ് ഹെഡ്‍ലാംപിന് ചുറ്റും, ഫോഗ് ലൈറ്റിന് ചുറ്റും, മിറർ കാപ്പിൽ, ടെയിൽ ലാമ്പിന് ചുറ്റും, റേഡിയേറ്റർ ഗ്രില്ലിന് ഔട്ട് ലൈനിങ് ആയും ചേർത്തിട്ടുണ്ട്. പരിഷ്കരിച്ച ഗ്രില്ലിലെ ഇൻസേർട്ടുകളും ക്ലബ്മാൻ ഇന്ത്യൻ സമ്മർ റെഡ് എഡിഷനെ വ്യത്യസ്തമാക്കുന്നു. മിനിയുടെ ബ്രിട്ടീഷ് പൈതൃകത്തിനുള്ള ആദരസൂചകമായി എൽഇഡി ടെയിൽ ലാമ്പുകളുടെ ഇൻസേർട്ട്സിന് യൂണിയൻ ജാക്ക് (ബ്രിട്ടീഷ് പതാക) ഡിസൈൻ ആണ്.

കാർബൺ ബ്ലാക്ക് ലെതറേറ്റ് ഫിനിഷുള്ളതും, മെമ്മറി ഫങ്ക്ഷൻ ഉള്ളതുമായ ഇലക്ട്രിക്ക് സ്പോർട്സ് സീറ്റുകളാണ് ഇന്റീരിയറിനെ വേറിട്ടതാക്കും. ചെക്വർഡ് ഡിസൈനിലിലുള്ള ഡാഷ്‌ബോർഡ് ഗാർണിഷ്, 6.5-ഇഞ്ച് കളർ സ്ക്രീൻ, മൾട്ടി-ഫങ്ക്ഷൻ സ്പോർട്ട് ലെതർ സ്റ്റിയറിംഗ് വീൽ, പനോരമ ഗ്ലാസ് റൂഫ് എന്നിവയും ക്ലബ്മാൻ ഇന്ത്യൻ സമ്മർ റെഡ് എഡിഷനിലുണ്ട്. എൽഇഡി ഇന്റീരിയർ ആമ്പിയന്റ് ലൈറ്റിംഗ്, റിയർവ്യൂ മിററുകൾക്ക് താഴെയായി മിനി പ്രോജെക്ഷൻ ലോഗോ എന്നിവ മിനി എക്‌സൈറ്റ്മെന്റ് പാക്ക് കൂട്ടിച്ചേർക്കുന്നു.

പനോരമിക് സണ്‍റൂഫിനു പുറമേ ഹാന്‍ഡ്‌സ് ഫ്രീ ടെയ്ല്‍ഗേറ്റ്, പിറകില്‍ കാമറ, മുന്നില്‍ മെമ്മറി ഫംഗ്ഷന്‍ സഹിതം ക്രമീകരിക്കാവുന്ന (പവേര്‍ഡ്) സ്‌പോര്‍ട്ട് സീറ്റുകള്‍, ക്രൂസ് കണ്‍ട്രോള്‍ എന്നിവ അധിക ഫീച്ചറുകളാണ്. പേര് സൂചിപ്പിക്കുന്നതുപോലെ, മെറ്റാലിക് റെഡ് നിറമാണ് മിനി ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷനില്‍ നല്‍കിയിരിക്കുന്നത്.

ഫ്രണ്ട് & പാസഞ്ചർ എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റ്, 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ക്രാഷ് സെൻസർ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, റൺ-ഫ്ലാറ്റ് ഇൻഡിക്കേറ്റർ എന്നിങ്ങനെ ധാരാളം സുരക്ഷാ ഫീച്ചറുകളും, ബ്രേക്കിംഗ് ഫങ്ക്ഷൻ ഉള്ള ക്രൂസ് കണ്ട്രോൾ, റിയർവ്യൂ കാമറ എന്നിങ്ങനെ ഡ്രൈവർ അസ്സിസ്റ്റൻസ് സംവിധാനങ്ങളും ക്ലബ്മാൻ ഇന്ത്യൻ സമ്മർ റെഡ് എഡിഷനിലുണ്ട്.

സ്റ്റാന്‍ഡേഡ് മോഡല്‍ ഉപയോഗിക്കുന്നത് 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ആണെങ്കില്‍ പ്രത്യേക പതിപ്പിലെ എന്‍ജിനുമായി 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. എന്‍ജിനില്‍ മാറ്റമില്ല. 192 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ കരുത്തേകും. സ്പോർട്ട്, ഗ്രീൻ എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകൾ ക്ലബ്മാനുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയില്‍ എത്താൻ ക്ലബ്മാൻ ഇന്ത്യൻ സമ്മർ റെഡ് എഡിഷന് 7.2 സെക്കന്റ് മതി. 228 kmph ആണ് വാഹനത്തിന്‍റെ പരമാവധി വേഗത.