തന്‍റെ പുതിയ ചിത്രത്തിന്‍റെ വിജയം ആഘോഷിക്കാന്‍ സഹപ്രവർത്തകന് 30 ലക്ഷത്തിന്റെ കാർ സമ്മാനിച്ച്  സൂപ്പര്‍ താരം

തന്‍റെ പുതിയ ചിത്രത്തിന്‍റെ വിജയം ആഘോഷിക്കാന്‍ സഹപ്രവർത്തകന് 30 ലക്ഷത്തിന്റെ കാർ സമ്മാനിച്ച് ഹോളിവുഡ് സൂപ്പര്‍ താരം. ബ്രൂസ് ആൾമൈറ്റി എന്ന സിനിമയിലൂടെ പ്രശസ്‍തനായ ഹോളിവു‍ഡ് സൂപ്പർതാരം ജിം കാരിയാണ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകന് സൂപ്പര്‍ കാര്‍ സമ്മാനിച്ചതെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഠിനാധ്വാനത്തിനുള്ള സമ്മാനമായി ഷെവർലെ ബ്ലേസർ എന്ന ചെറു എസ്‌യുവി ആണ് സമ്മാനമായി നൽകിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സോണിക് ദ ഹെഡ്ജ് ഹോഗ് 2 എന്ന ചിത്രത്തിന് വേണ്ടി സഹപ്രവർത്തകർ കാണിച്ച കഠിനാധ്വാനത്തിനാണ് സൂപ്പര്‍താരത്തിന്‍റെ അപ്രതീക്ഷിത സമ്മാനം. 

ചിത്രത്തിലെ സാങ്കേതികപ്രവർത്തകരെയെല്ലാം ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിലൂടെയാണ് ഭാഗ്യവാനെ ജിം കാരി കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ക്യാമറ ഓപ്പറേറ്റർമാരിൽ ഒരാൾക്കാണ് സമ്മാനം ലഭിച്ചത് എന്ന് ടിഎംസെഡിനെ ഉദ്ദരിച്ച് റിപ്പബ്ലിക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയില്‍ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ വീഡിയോ ഗെയിം അധിഷ്‍ഠിത സിനിമയായ സോണിക് ദ ഹെഡ്‍ജ് ഹോഗ് ബോക്സോഫീസിൽ വൻ വിജമാണ് നേടിയത്. 2020 മെയ് മാസത്തിൽ നിർമ്മാതാക്കൾ ചിത്രത്തിന്റെ തുടർച്ചയും പ്രഖ്യാപിച്ചിരുന്നു. സോണിക് ദ ഹെഡ്‍ജ് ഹോഗ് 2 എന്ന ചിത്രം 2022 ഏപ്രിൽ 8 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍.

3.6 ലീറ്റർ വി 6 പെട്രോള്‍ എന്‍ജിൻ ആണ് ഷെവർലെ ബ്ലേസർ എസ്‌യുവിയുടെ ഹൃദയം. ഈ എഞ്ചിന് 308 ബിഎച്ച്പി കരുത്തുണ്ട്. 9 സ്പീ‍ഡ് ഗിയർബോക്സാണ് എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്ന ട്രാന്‍സ്‍മിഷന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona