പുതിയ ഥാറിനെ സ്വാതന്ത്ര്യ ദിനത്തിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രദർശിപ്പിച്ചത്. ഐക്കണിക്ക് അമേരിക്കന്‍ വാഹനമായ ജീപ്പ് റാംഗ്ലറിന്റെ ലുക്കിലെത്തിയ പുത്തന്‍ ഥാറിനെ ആവേശത്തോടെയാണ് വാഹനപ്രേമികള്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഥാർ ടെസ്റ്റ് ഡ്രൈവു നടത്തി ഫീല്‍ ഗുഡ് വാഹനമാണെന്നു പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമൊക്കെയായ പൃഥ്വിരാജ്. ടെസ്റ്റ് ഡ്രൈവ് ചെയ്തെന്നും ഡിസൈനിനെപ്പറ്റി അൽപം വാദപ്രതിവാദങ്ങൾ ഉയരുന്നുണ്ടെങ്കിലും കിടിലൻ ഫീൽ ഗുഡ് വാഹനമാണ് ഥാർ എന്നുമാണ് പൃഥ്വിരാജിന്‍റെ ട്വീറ്റ്. മത്സരക്ഷമമായ വിലയുമായിരിക്കും പുതിയ ഥാറിന് എന്നാണ് കരുതുന്നതെന്നും പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തു. ഇതൊരു പരസ്യമല്ല എന്ന് ഉറപ്പിച്ച് പറഞ്ഞുകൊണ്ടാണ് പൃഥ്വിയുടെ ട്വീറ്റ് അവസാനിക്കുന്നത്. 

നിലവിലെ മോഡലിനെ അപേക്ഷിച്ച് രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്‍സ്മിഷനുകളിലും എത്തുന്നതാണ് ഥാറിന്റെ ഈ വരവിലെ മറ്റൊരു സവിശേഷത. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.

മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡലിന്‍റെ രൂപം ഐക്കണിക്ക് അമേരിക്കന്‍ വാഹനം ജീപ്പ് റാംഗ്ളറിനോട്‌ ഏറെ സാമ്യമുള്ളതാണ്. ഥാർ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളിൽ 2020 ഥാര്‍ ലഭ്യമാകും. AX സീരീസ് കൂടുതൽ അഡ്വഞ്ചർ-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതൽ ടാർ‌മാക്-ഓറിയന്റഡ് വേരിയന്റാണ്. പുതിയ ഥാറിന്‍റെ വില ഒക്ടോബർ രണ്ടിന് പ്രഖ്യാപിക്കും.

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം. 

നിലവിലെ ഥാറിൽ സുഖസൗകര്യങ്ങൾ നാമമാത്രമായിരുന്നെങ്കിൽ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, കളർ മൾട്ടി ഇൻഫൊ ഡിസ്പ്ലേ, റിയർ പാർക്കിങ് മിറർ, പവർ ഫോൾഡിങ് മിറർ എന്നിവയൊക്കെയായിട്ടാണ് പുതിയ ഥാറിന്റെ വരവ്. മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർ ബാഗ്, എ ബി എസ്, പിന്നിൽ പാർക്കിങ് സെൻസർ തുടങ്ങിയവയുമുണ്ടാവും. അഴിച്ചു നീക്കാൻ കഴിയുംവിധമുള്ള, ഫാക്ടറി ഫിറ്റഡ് ഹാർഡ് ടോപ്പും പുത്തൻ ഥാറിലുണ്ട്.