Asianet News MalayalamAsianet News Malayalam

റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!

റോഡ് അപകടത്തിൽപ്പെട്ട ഒരു കൗമാരക്കാരനെ കൈകളിൽ കോരിയെടുത്ത് സ്വന്തം കാറിലേക്ക് പാഞ്ഞ് താരം. വീഡിയോ വൈറല്‍

Actor Sonu Sood rescues road accident victim in his arms
Author
Moga, First Published Feb 13, 2022, 11:24 AM IST

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാണ് ബോളിവുഡ് താരം സോനു സൂദ് (Sonu Sood). കൊവിഡ് പകർച്ചവ്യാധിയുടെ ആദ്യഘട്ടത്തിൽ കുടിയേറ്റ തൊഴിലാളികൾക്ക് നൽകിയ സഹായം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി യഥാർത്ഥ ജീവിതത്തിലെ ഹീറോ എന്ന് ആരാധകര്‍ സോനു സൂദിനെ വിളിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്യുകയും മറ്റ് മാർഗങ്ങളിലൂടെ ഗതാഗതം ക്രമീകരിക്കുകയുമൊക്കെ സോനു സൂദ് ചെയ്‍തിരുന്നു.  ഇപ്പോഴിതാ, സോനു സൂദിന്റെ ഒരു വീഡിയോ ഓൺലൈനിൽ വൈറലാണ്. ഇവിടെ വാഹനാപകടത്തില്‍പ്പെട്ട യുവാവിന് രക്ഷകനായിരിക്കുകയാണ് നടന്‍. റോഡ് അപകടത്തിൽപ്പെട്ട ഒരു കൗമാരക്കാരനെ കൈകളിൽ കോരിയെടുത്ത് നടക്കുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലാകുന്നതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ചാബിലെ മോഗ ജില്ലയിൽ അടുത്തിടെയാണ് ഈ അപകടമുണ്ടായത്. മോഗയിലെ ദേശീയ പാതയിലാണ് അപകടം നടന്നത്. രണ്ടുകാറുകള്‍ പരസ്‍പരം കൂട്ടിയിടിക്കുകയായിരുന്നു. സഹോദരി മാളവിക സൂദിന്റെ തിരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഈ സമയം  സോനു സൂദ്. കോട്ടപ്പുര ബൈപാസിലൂടെ യാത്ര ചെയ്യുമ്പോഴാണ് അപകടം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കാര്‍ നിര്‍ത്തി, അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു താരം. ബുക്കന്‍വാല സ്വദേശിയായ സുഖ്ബിര്‍ സിംഗിനാണ് പരിക്കേറ്റത്. ബോധരഹിതനായ അയാളെ സോനു സൂദ് കയ്യിലെടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സൂദ് ചാരിറ്റി ഫൗണ്ടേഷൻ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഒരു ഫ്‌ളൈ ഓവറിലാണ് അപകടം സംഭവിച്ചത്. ഇത് സംഭവിക്കുമ്പോൾ അതുവഴി കടന്നുപോകുകയായിരുന്ന താരം ഉടൻ തന്നെ കാറിനടുത്തെത്തി കൌമാരക്കാരനെ പുറത്തെടുക്കാൻ ഡ്രൈവർ സൈഡ് ഡോർ അൺലോക്ക് ചെയ്യാൻ ശ്രമിക്കുന്നു. അപകടത്തെ തുടർന്ന് ഡ്രൈവറുടെ വശത്തെ വാതിൽ കുടുങ്ങിയതായി തോന്നുന്നു. തുടര്‍ന്ന് നടൻ സഹയാത്രികരുടെ വാതിലിനടുത്തെത്തി, സീറ്റിൽ നിന്ന് കൌമാരക്കാരനെ പുറത്തിറക്കാൻ ശ്രമിക്കുന്നത് കാണാം. അപകടത്തെ തുടർന്ന് കൌമാരക്കാരന്‍ അബോധാവസ്ഥയിലായിരുന്നു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഒടുവില്‍ പരിക്കേറ്റയാളെ താരം കാറിൽ നിന്ന് പുറത്തെടുക്കുകയും തന്‍റെ കൈകളിൽ എടുത്ത് സ്വന്തം കാറിലേക്ക് കൊണ്ടുപോകുകയും ചെയ്‍തു. 

തുടർന്ന് നടൻ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നു. യഥാസമയം സഹായം വാഗ്‍ദാനം ചെയ്‍തില്ലായിരുന്നു എങ്കിൽ കാര്യങ്ങൾ കൂടുതല്‍ മാരകമാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞതായി റിപ്പോർട്ടുകൾ കാര്‍ ടോഖ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. സോനു സൂദിന്റെ ആരാധകർ ഈ വീഡിയോ ഓൺലൈനിൽ പങ്കിടുകയും നടന്‍റെ ഈ പ്രവൃത്തിയെ പ്രശംസിക്കുകയും ചെയ്യുന്നു. 

എന്നാല്‍ ഈ അപകടം എങ്ങനെ സംഭവിച്ചുവെന്ന് വീഡിയോ വ്യക്തമാക്കുന്നില്ല. ഈ വീഡിയോയിൽ, ഒരു മാരുതി സ്വിഫ്റ്റ് ഡിസയറും മുൻ തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഫ്ലൈ ഓവറിൽ കാണാം. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ കാറിൽ യാത്ര ചെയ്‍തിരുന്നവരുടെ അവസ്ഥയെക്കുറിച്ചും വീഡിയോയിൽ പറയുന്നില്ല. നിസാര പരിക്കുകളോടെ അവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു. 19 വയസ്സുള്ള കുട്ടി കാറിൽ തനിച്ചായിരുന്നോ ഇല്ലയോ എന്നറിയില്ല. 

അതേസമയം കാറുകളാല്‍ സമ്പന്നമാണ് സോനു സൂദിന്‍റെ ഗാരേജ്.  പോർഷെ പനമേര, ഔഡി ക്യൂ 7, മെഴ്‌സിഡസ് ബെൻസ് എംഎൽ ക്ലാസ്, മാരുതി സെൻ തുടങ്ങിയ കാറുകളും പഴയ ബജാജ് ചേതക് സ്‌കൂട്ടറും താരത്തിനുണ്ട്. മൂന്ന് കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മെയ്ബാക്ക് ജിഎൽഎസ് 600 എസ്‌യുവിയാണ് താരം മകന് സമ്മാനമായി നൽകിയത് എന്നൊരു വാർത്തയും ഇതിനിടയിൽ പ്രചരിച്ചിരുന്നു. പിന്നാലെ മൂന്ന് കോടിയുടെ എസ്‌യുവി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് താരം രംഗത്തെത്തിയതും അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

നിരവധി ഇന്ത്യൻ സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രശസ്‍ത താരമാണ് സോനു സൂദ്. പകർച്ചവ്യാധിയുടെ സമയത്ത് അദ്ദേഹം ആളുകളെ സഹായിക്കാൻ തുടങ്ങിയപ്പോൾ, ആരാധകര്‍ അദ്ദേഹത്തെ യഥാർത്ഥ ജീവിതത്തിലെ ഹീറോ എന്ന് വാഴ്ത്താനും വിളിക്കാനും തുടങ്ങി. നിരവധി രാഷ്ട്രീയ നേതാക്കളും പ്രശസ്‍ത വ്യക്തികളുമൊക്കെ സോനു സൂദിന്‍റെ നിസ്വാർത്ഥ സേവനങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios