ഗീത ഗോവിന്ദം, ഡിയർ കോംമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‍തയാണ് രഷ്‍മിക മന്ദാന. ഈ തെന്നിന്ത്യൻ സൂപ്പർനായിക ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറാൻ ഒരുങ്ങുകയാണ്. ഇതിനിടെ താരം ഒരു സൂപ്പര്‍വാഹനവും സ്വന്തമാക്കിയിരിക്കുന്നു. ഒന്നരക്കോടിയിലധികം രൂപ വില വരുന്ന റേഞ്ച് റോവർ സ്പോർട്ടാണ് താരം സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയച്ചത്. തന്നെ ഇതുവരെ പിന്തുണച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞാണ് രശ്മിക വാഹനം സ്വന്തമാക്കിയ സന്തോഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എന്റെ ഉയർച്ച താഴ്ചകളിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി. ഇതുവരെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ജീവിതത്തിലെ പ്രധാന നേട്ടങ്ങളിലൊന്നാണിത്. അതുകൊണ്ടാണ് തിരക്കുപിടിച്ചുള്ള യാത്രയിലും ഈ ചിത്രത്തിനായി രണ്ട് മിനിറ്റ് ചിലവഴിക്കുന്നതെന്നും താരം കുറിച്ചു. 

ലാൻഡ് റോവർ നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ റേഞ്ച് റോവറിന്റെ സ്പോർട്ടാണ് താരം സ്വന്തമാക്കിയത്. ലാന്‍ഡ് റോവര്‍ ഇന്ത്യയിലെത്തിക്കുന്ന എസ്.യു.വികളിലെ കരുത്തനാണ് റേഞ്ച് റോവര്‍ സ്‌പോട്ട്. 88.25 ലക്ഷം രൂപ മുതല്‍ 1.72 കോടി രൂപ വരെയാണ് ഈ  ആഡംബര എസ്‍യു‍വിയുടെ എക്‌സ്‌ഷോറും വില. ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് രശ്മിക സ്വന്തമാക്കിയതെങ്കിലും ഇത് ഏത് വേരിയന്റാണെന്ന് വ്യക്തമാക്കിയിട്ടില്ല. 3 ലീറ്റർ ഡീസൽ, 2 ലീറ്റർ പെട്രോള്‍, 3 ലീറ്റർ പെട്രോൾ, 5 ലീറ്റർ സൂപ്പർചാർജിഡ് പെട്രോൾ എൻജിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. 

നാലരപ്പതിറ്റാണ്ടോളമായി ലാൻഡ് റോവർ നിരയിലെ സാന്നിധ്യമായ റേഞ്ച് റോവർ ലാൻഡ് റോവറിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ്. ആഡംബരവും സുരക്ഷയും ഒരുപോലെ ഈ വാഹനത്തിന്‍റെ പ്രത്യേകതയാണ്. പൂർണമായും ഇറക്കുമതിയിലൂടെ വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി, സ്‍പോര്‍ട് തുടങ്ങി വിവിധ മോഡലുകളിലാണ് ഈ വാഹനം വിപണിയിലെത്തുന്നത്. 

റേഞ്ച് റോവര്‍ വാഹനങ്ങള്‍ ബോളിവുഡ് സൂപ്പർ  താരങ്ങളുടെയും ഇഷ്ടവാഹനങ്ങളാണ്.  സഞ്‍ജയ് ദത്ത്, കത്രീന കൈഫ്, ഷാരൂഖ് ഖാൻ, ശിൽപ്പഷെട്ടി, ആലിയ ഭട്ട്, സൽമാൻ ഖാൻ തുടങ്ങിയ സൂപ്പർതാരങ്ങൾക്കെല്ലാം റേഞ്ച് റോവർ വാഹനങ്ങളുണ്ട്.