അമിതവേഗതയിൽ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി റോഡിനരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു

ചെന്നൈ: വാഹനാപകടത്തില്‍ തെന്നിന്ത്യന്‍ യുവ നടിക്ക് ഗുരുതര പരിക്ക്. തമിഴ്‌സിനിമാ താരം യാഷിക ആനന്ദിനാണ് ഗുരുതരമായി പരിക്കേറ്റതെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ മരിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ന് പുലര്‍ച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട എസ്‍യുവി റോഡിലെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. അമേരിക്കയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി ഭവാനിയാണ് (28) മരിച്ചത്. അമിതവേഗതയിൽ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി റോഡിനരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറില്‍ ഉണ്ടായിരുന്നത്. നാല് പേരെയും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യാഷികയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈസ്റ്റ് കോസ്റ്റ് റോഡിൽ വെച്ചാണ് അപകടം. നടിയുടെ സുഹൃത്തായ വല്ലി ചെട്ടി ഭവാനി കാറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവര്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന വാഹനത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

കാവലായ് വേണ്ടം, ധ്രുവങ്ങൾ പതിനാറ്, ഇരുട്ട് അറയിൽ മുരട്ടു കുത്ത്, നോട്ട, സോംബി, മൂക്കുത്തി അമ്മൻ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്ന യാഷിക ബിഗ് ബോസ് ഉള്‍പ്പെടെയുള്ള ഷോഖളിലൂടെ ടെലിവിഷന്‍ രംഗത്തും സുപരിചതയായ താരം കൂടിയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona