വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഹൈവേയില്‍ അടിയന്തരമായി ഇറക്കി. ഹരിയാനയിലാണ് സംഭവം. യന്ത്രത്തകരാര്‍ മൂലമാണ് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാനയിലെ കെജിപി അതിവേഗപാതയായ കുണ്ട്‌ലി–ഗാസിയാബാദ്–പൽവാൽ (കെജിപി) ഹൈവേയിൽ ആണ് കഴിഞ്ഞ ദിവസം കോപ്റ്റർ ഇറക്കിയത്. 

നാല് പേരുമായി സഞ്ചരിച്ച ഫ്രഞ്ച് നിര്‍മിത ചീറ്റ ഹെലികോപ്റ്റര്‍ ഹരിയാനയിലെ സോനിപത്ത് കെഎംപി എക്‌സ്പ്രസ് വേയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.  സോനിപത്തിൽ നിന്ന് 10–12 കിലോമീറ്റർ വരെ അകലെ ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രെസ് വേയിലായിരുന്നു ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. ഹിൻഡനിൽ നിന്നു നിന്ന് ഹൽവാരയിലേക്കുള്ള പതിവ് പറക്കലിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പൈലറ്റ് ഹെലികോപ്റ്റർ ഹൈവേയിൽ ഇറക്കിയത്. 

ഹെലികോപ്റ്റര്‍ റോഡിലിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹെലികോപ്റ്റര്‍ റോഡിലേക്ക് ഇറങ്ങുമ്പോള്‍ ഒരാള്‍ റോഡില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് വ്യക്തമാക്കി. ഹെലികോപ്റ്റര്‍ ഇറങ്ങുന്ന സമയത്ത് എക്‌സ്പ്രസ് ഹൈവേയില്‍ ബാരിക്കേട് വെച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു. 

ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ വ്യോമസേന ഉദ്യോഗസ്ഥര്‍ കോപ്റ്ററിന്‍റെ യന്ത്രത്തകരാര്‍ പരിഹരിച്ചു. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ ഹെലികോപ്റ്റര്‍ റോഡില്‍നിന്ന് മാറ്റുകയും ചെയ്തു എന്നാണഅ റിപ്പോര്‍ട്ടുകള്‍.