രാജ്യത്തെ എല്ലാ കാറുകളിലും രണ്ട് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ എന്ന് റിപ്പോര്‍ട്ട്. 800 സി സിക്ക് മുകളില്‍ ശേഷിയുള്ള വാഹനങ്ങള്‍ക്ക് എ.ബി.എസ്. നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2019 ജൂലൈ 1 മുതൽ രാജ്യത്തെ എല്ലാ കാറുകളിലും ഡ്രൈവർ ഭാഗത്തേക്ക് എയർബാഗ് നിർബന്ധമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വഹനത്തിലെ മറ്റ് ഭാഗങ്ങളിലും എയർബാഗ് നിർബന്ധിതമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പീഡ് അലേർട്ട്, റിവേർസ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ വാഹനങ്ങളിൽ സ്റ്റാൻഡേർഡ് സവിശേഷതകളാണ്, എന്നാൽ മുൻ സീറ്റിലെ യാത്രക്കാർക്ക് നിർണായക സുരക്ഷാ ഗിയർ - എയർബാഗ് - ഇതുവരെ നിർബന്ധമാക്കിയിട്ടില്ല. എന്നാല്‍ ഇനി ഇന്ത്യയില്‍ ഇറങ്ങുന്ന ബജറ്റ് കാറുകളില്‍ ഉള്‍പ്പെടെ ഡ്രൈവര്‍ സൈഡിനൊപ്പം പാസഞ്ചര്‍ സൈഡിലും എയര്‍ബാഗ് നല്‍കേണ്ടിവരും. 

വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ടെക്‌നിക്കല്‍ കമ്മിറ്റി ഈ നിര്‍ദേശം അംഗീകരിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രീസ് സ്റ്റാന്റേഡ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

വാഹനത്തിന്റെ വിലയും നിര്‍മാണച്ചെലവും കുറയ്ക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങളില്‍ വിട്ടുവീഴ്ച വരുത്തുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.  എന്നാല്‍ ഈ കരട് വിജ്ഞാപനം അനുസരിച്ച് അപകടമുണ്ടായാൽ യാത്രികരെ സുരക്ഷിതരാക്കുന്നതിന് വാഹന നിർമ്മാതാക്കൾ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇതിന് അനിവാര്യമായ സംവിധാനമായാണ് എയർ ബാഗുകൾ. നിര്‍മ്മാണച്ചെലവ് കണക്കിലെടുത്ത് സുരക്ഷാ മാനദണ്ഡങ്ങളിൽ ഏറ്റക്കുറച്ചിലുകൾ വരുത്താൻ ഇനിമുതൽ നിർമ്മാതാക്കൾക്ക് സാധിക്കില്ലെന്നും കരട് വിജ്ഞാപനം വ്യക്തമാക്കുന്നു.