കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്തെ മിക്ക വിമാന സര്‍വ്വീസുകളും നിര്‍ത്തലാക്കിക്കഴിഞ്ഞു. എല്ലാ കമ്പനികളും അവരുടെ വിമാനങ്ങളെ നിലത്തിലിറക്കിയിരിക്കുന്നു.  ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനികളായ ഡെൽറ്റയും അമേരിക്കൻ എയർലൈൻസും ഏകദേശം 1000 വിമാനങ്ങളാണ് നിലത്തിറക്കിയത്.  

ഇനിയും ഈ നില തുടർന്നാൽ വ്യോമയാനമേഖലയില്‍ 8.5 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൾ നല്‍കുന്ന സൂചന. വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലപരിമിതിയാണ് വിമാനകമ്പനകൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അമേരിക്കയിലെ വിമാനത്താവളങ്ങളുടെ പഴയ റൺവേകളിലും പാർക്കിങ് ലോട്ടുകളിലും ടാക്സിവേകളിലും വിമാനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടെന്നാണ് വാർത്തകൾ. മണിക്കൂറിന് 285 ഡോളർ അതായത് ഏകദേശം 21500 രൂപ വരെയാണ് ചില വിമാനത്താവളങ്ങൾ ഈടാക്കുന്നത്. അതായത് പറക്കാതെ വിമാനം പാർക്ക് ചെയ്താലും വിമാനകമ്പനികൾക്ക് നഷ്ടം കോടികളാണെന്ന് ചുരുക്കം. 

അമേരിക്കയില്‍ മാത്രമല്ല ദില്ലി ഉള്‍പ്പെടെ ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഇതു തന്നെയാണ് അവസ്ഥ എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിന് അധിക ഇടം സൃഷ്ടിക്കുന്നതിനായി വിമാനത്താവളങ്ങൾ റൺവേകൾ അടച്ചുപൂട്ടി. 

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ അറ്റ്ലാന്റയുടെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അന്താരാഷ്ട്ര വിമാനത്താവളം ഒരു റൺവേ പൂർണ്ണമായും അടച്ചു, മറ്റ് രണ്ട് സ്ഥലങ്ങളിലും വിമാനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ദില്ലി വിമാനത്താവളത്തില്‍ റണ്‍വേയുടെ പ്രാന്തപ്രേദശങ്ങളിലും വിമാനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.